ഇന്ന് കോടികളുടെ പ്രതിഫലം..! എന്നാല്‍ നയന്‍താരയുടെ ആദ്യ പ്രതിഫലം എത്രയെന്ന് കേട്ടോ?

മലയാളത്തില്‍ നിന്ന് തുടങ്ങി അന്യഭാഷയില്‍ തിരക്കേറിയ നടിമാരില്‍ ഒരാളായി മാറിയ നയന്‍താര ഇന്ന് ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും മുന്‍നിര നായികമാരില്‍ ഒരാളാണ്. ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന വിശേഷണമുള്ള നയന്‍താര ഇന്ന് ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന അഭിനേതാക്കളില്‍ ഒരാള്‍ കൂടിയാണ്. ഇപ്പോഴിതാ തന്റെ ആദ്യ പ്രതിഫലത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് താരം.

Advertisement

തന്റെ ഏറ്റവും പുതിയ സിനിമയായ 'ഹായ്' പ്രൊമോഷന്റെ ഭാഗമായി പേളി മാണിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നയന്‍താര തന്റെ ആദ്യ പ്രതിഫലം വെളിപ്പെടുത്തിയത്. തന്റെ ആദ്യ പ്രൊഫഷണല്‍ അസൈന്‍മെന്റില്‍ നിന്ന് ഏകദേശം 2,000 മുതല്‍ 3,000 രൂപ വരെ മാത്രമാണ് ലഭിച്ചതെന്ന് താരം വെളിപ്പെടുത്തി. സിനിമയില്‍ അവസരങ്ങള്‍ ലഭിക്കുന്നതിന് വളരെ മുമ്പ് തന്നെ നയന്‍താര മോഡലിംഗ് രംഗത്ത് പ്രവര്‍ത്തിച്ചു തുടങ്ങിയിരുന്നു.

Advertisement

'വനിത'യുടെ കവര്‍ ഷൂട്ടിന് വേണ്ടിയായിരുന്നു അത് എന്നാണ് എന്റെ ഓര്‍മ്മ. ഒരു ഫാഷന്‍ പ്രോഗ്രാമിന് വേണ്ടിയാണ് എന്നെ വിളിച്ചത്,' നയന്‍താര പറഞ്ഞു. ആ അസൈന്‍മെന്റിന് ഏകദേശം 2,000 മുതല്‍ 3,000 രൂപ വരെയാണ് ലഭിച്ചതെന്ന് അവര്‍ വെളിപ്പെടുത്തി. എന്നാല്‍ പിന്നീട് തന്റെ കരിയര്‍ മാറ്റി മറിച്ചത് പോലും അതാണ് എന്നും നയന്‍താര പറഞ്ഞു.

'വനിത' മാസികയില്‍ നയന്‍താരയുടെ ചിത്രം കണ്ട സംവിധായകന്‍ സത്യന്‍ അന്തിക്കാട് വഴിയാണ് അവരുടെ സിനിമാജീവിതം ആരംഭിക്കുന്നത്. അഭിനയം അവരുടെ കരിയര്‍ പ്ലാനില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ സത്യന്‍ അന്തിക്കാടിന്റെ 'മനസ്സിനക്കരെ' എന്ന 2003-ല്‍ പുറത്തിറങ്ങിയ മലയാള ചിത്രത്തിലൂടെ അരങ്ങേറ്റം കുറിക്കാന്‍ ഇത് നയന്‍താരയെ സഹായിച്ചു. ഈ ചിത്രത്തില്‍ ഗൗരി എന്ന കഥാപാത്രത്തെയാണ് അവര്‍ അവതരിപ്പിച്ചത്.

Advertisement

ചിത്രം വന്‍ വിജയമാവുകയും, പുതുമുഖമായ നയന്‍താര എല്ലാവരുടേയും ശ്രദ്ധയാകര്‍ഷിക്കുകയും ചെയ്തു. തുടര്‍ന്ന് 'വിസ്മയത്തുമ്പത്ത്', 'നാട്ടുരാജാവ്', രാപ്പകല്‍, തസ്‌കരവീരന്‍ തുടങ്ങിയ മലയാള ചിത്രങ്ങളിലും അവര്‍ വേഷമിട്ടു. 2005 ല്‍ 'അയ്യ' എന്ന ചിത്രത്തിലൂടെ നയന്‍താര തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചു. അതേ വര്‍ഷം തന്നെ 'ചന്ദ്രമുഖി'യില്‍ രജനീകാന്തിനൊപ്പം അഭിനയിച്ചത് അവരുടെ കരിയറിന് വലിയൊരു കുതിപ്പ് നല്‍കി.

ഈ ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍ വിജയമായി മാറുകയും ചെയ്തു. തുടക്കകാലത്ത് ഗ്ലാമര്‍ രംഗങ്ങളിലും അഭിനയിച്ച നയന്‍താര വൈകാതെ തെന്നിന്ത്യയിലെ സൂപ്പര്‍നായികമാരിലൊരാളായി മാറി. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി, വിവിധ ഭാഷകളില്‍ നയന്‍താര തന്റെ സാന്നിധ്യം ഉറപ്പിച്ചു. മുഖ്യധാരാ റൊമാന്റിക്, ഗ്ലാമര്‍ വേഷങ്ങളില്‍ നിന്ന് മാറി, കഥാപാത്രങ്ങള്‍ക്ക് പ്രാധാന്യമുള്ള വേഷങ്ങള്‍ ചെയ്യുന്നതിലേക്ക് അവര്‍ ക്രമേണ ചുവടുമാറി.

Advertisement

'ബില്ല', 'യാരടി നീ മോഹിനി', 'ശ്രീ രാമ രാജ്യം', 'രാജാ റാണി', 'മായ', 'നാനും റൗഡി താന്‍', 'അറം', 'കൊലമാവ് കോകില' എന്നിവയുള്‍പ്പെടെ നിരവധി ചിത്രങ്ങള്‍ ബോക്‌സോഫീസ് ഹിറ്റായി. പുരുഷ സൂപ്പര്‍താരങ്ങളുടെ സഹായമില്ലാതെ തന്നെ വാണിജ്യപരമായി വിജയിക്കുന്ന ചിത്രങ്ങള്‍ നയന്‍താരയുടേതായി പുറത്തിറങ്ങി. 2023-ല്‍ അറ്റ്ലി സംവിധാനം ചെയ്ത 'ജവാന്‍' എന്ന ചിത്രത്തിലൂടെ നയന്‍താര ഹിന്ദി സിനിമയിലേക്കും ചുവടുവെച്ചു.

ഷാരൂഖ് ഖാനൊപ്പം അഭിനയിച്ച ഈ ആക്ഷന്‍ ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍ വിജയമായി മാറി. നവാഗതനായ വിഷ്ണു എടവന്‍ സംവിധാനം ചെയ്യുന്ന 'ഹായ്' എന്ന തമിഴ് റൊമാന്റിക് ഡ്രാമ ചിത്രത്തില്‍ കവിനൊപ്പമാണ് നയന്‍താര അടുത്തതായി അഭിനയിക്കുന്നത്.