പത്തനംതിട്ട: മോഹൻലാൽ നായകനായി എത്തുന്ന തരുൺ മൂർത്തി ചിത്രം അതിമനോഹരത്തിന് ശബരിമല സന്നിധാനത്ത് ഷൂട്ടിങിന് അനുമതിയില്ല. ഹൈക്കോടതിയുടെ ഏറ്റവും പുതിയ ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് വനംവകുപ്പ് സിനിമയുടെ ചിത്രീകരണത്തിനുള്ള അനുമതി നിഷേധിച്ചത്. ശബരിമല ക്ഷേത്രമുൾപ്പെടുന്ന പ്രദേശം പെരിയാർ കടുവ സങ്കേതത്തിന്റെ പരിധിയിൽ വരുന്ന ഇടമാണ്.
ഇതോടെയാണ് വനംവകുപ്പിന്റെ പ്രത്യേക അനുമതി ആവശ്യമായി വന്നത്. എന്നാൽ വനംവകുപ്പ് അനുമതി നിഷേധിക്കുകയായിരുന്നു. നേരത്തെ ശബരിമലയിൽ ഷൂട്ടിംഗ് നടത്താൻ ദേവസ്വം ബോർഡ് അണിയറപ്രവർത്തകർക്ക് അനുമതി നൽകിയിരുന്നു. എന്നാൽ വനംവകുപ്പ് അനുമതി നിഷേധിച്ചതോടെ ചിത്രത്തിന്റെ സന്നിധാനത്തെ ഷൂട്ട് നടക്കാൻ ഇടയില്ല.
എന്നാൽ റാന്നി വനം വകുപ്പ് ഡിവിഷന്റെ പരിധിയിലുള്ള പമ്പ വരെയുള്ള ഭാഗങ്ങളിൽ ചിത്രീകരണത്തിന് അനുമതി ലഭിച്ചിട്ടുണ്ട്. ഇവിടെ ചൊവ്വാഴ്‌ച ഷൂട്ടിംഗ് നടക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. കടുത്ത നിബന്ധനകളോടെയാണ് നേരത്തെ ദേവസ്വം ബോർഡ് ശബരിമലയിൽ ഷൂട്ട് ചെയ്യാൻ അതിമനോഹരം ടീമിന് അനുമതി നൽകിയത്. ഷൂട്ടിങ് തുടങ്ങുന്നതിന് മുന്നോടിയായി മുഴുവൻ തിരക്കഥയും സമർപ്പിക്കുക, ക്ഷേത്രത്തെയോ വിശ്വാസപ്രമാണങ്ങളെയോ ഹനിക്കുന്ന രീതിയിലുള്ള രംഗങ്ങൾ ഉണ്ടാകരുത്, 50,000 രൂപ കെട്ടിവെക്കുക, വനംവകുപ്പിൽ നിന്ന് അനുമതി വാങ്ങുക എന്നിവയായിരുന്നു ബോർഡിന്റെ നിബന്ധനകൾ. എന്നാൽ അതിൽ വനംവകുപ്പ് അനുമതി വാങ്ങാൻ അണിയറ പ്രവർത്തകർക്ക് സാധിച്ചിട്ടില്ല. അതേസമയം, ശബരിമലയിൽ ഷൂട്ടിംഗ് അനുമതി തേടി സംവിധായകൻ തരുൺ മൂർത്തി ഹൈക്കോടതിയെ സമീപിച്ചിരുന്നു. പിന്നാലെ സംവിധായകൻ നൽകിയ ഹർജി ഹൈക്കോടതി തീർപ്പാക്കി. പെരിയാർ ടൈഗർ റിസർവ് ഭാഗത്ത് ഷൂട്ടിംഗ് അനുവദിക്കാനാവില്ലെന്ന് ഡിഎഫ്ഒ അറിയിച്ചു. എന്നാൽ നിലക്കൽ ബസ്‌റ്റാന്റ്, പമ്പ തുടങ്ങിയ സ്ഥലങ്ങളിൽ ഷൂട്ടിംഗ് നടത്താൻ റാന്നി ഡിഎഫ്ഒ അനുമതി നൽകുകയും ചെയ്‌തിരുന്നു. ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂളാണ് ശബരിമലയില്‍ ചിത്രീകരിക്കാൻ തീരുമാനിച്ചിരുന്നത്. നേരത്തെ മകരവിളക്ക് കാലത്ത് ശബരിമലയില്‍ അനുമതിയില്ലാതെ സിനിമാ ചിത്രീകരണം നടത്തിയത് വലിയ വിവാദമായിരുന്നു. അതുകൊണ്ട് തന്നെ ഇത്തവണ അനുമതിക്ക് അപേക്ഷ നല്‍കി അതിന്മേലാണ് തീരുമാനമെടുത്തിരുന്നത്. തുടരും എന്ന മെഗാഹിറ്റ് ചിത്രത്തിന് ശേഷം മോഹൻലാൽ-തരുൺ മൂർത്തി കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രമാണ് അതിമനോഹരം. ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ അടക്കം വലിയ രീതിയിൽ തരംഗമായിരുന്നു. ഒരു ഇടവേളയ്ക്ക് ശേഷം മോഹൻലാലിന്റെ ജോഡിയായി മീര ജാസ്‌മിൻ എത്തുന്ന ചിത്രം കൂടിയാണിത്. അടുത്തിടെ സത്യൻ അന്തിക്കാടിന്റെ ഹൃദയപൂർവ്വത്തിൽ ഇരുവരും ഒന്നിച്ചെങ്കിലും അത് മുഴുനീള വേഷം ആയിരുന്നില്ല.