ഓണത്തിന് കൈരളിയിൽ വല്യേട്ടനില്ല; 25 വർഷത്തെ ബന്ധം തീർന്നു, പ്രദർശിപ്പിച്ചത് 950 തവണയിൽ അധികം!

മലയാള സിനിമാ ചരിത്രത്തിൽ കഥ പറഞ്ഞ രീതി കൊണ്ടോ കഥാപാത്രങ്ങളുടെ പോരായ്‌മ കൊണ്ടോ അല്ലാതെ, ഒരു ഹിറ്റ് ചിത്രം ആയിരുന്നിട്ട് കൂടി ട്രോളർമാരുടെ സ്ഥിരം ഇരയായി മാറിയ ചിത്രമായിരുന്നു മമ്മൂട്ടി നായകനായ വല്യേട്ടൻ. രണ്ടായിരത്തിലെ തുടക്കത്തിലെ തട്ടുപൊളിപ്പൻ മേക്കിംഗ് രീതിയും ചടുലമായ കഥ പറച്ചിലും ഒക്കെ കൊണ്ട് ഇന്നും പലരുടെയും ഫേവറേറ്റ് ലിസ്‌റ്റിൽ ഉൾപ്പെടെ ചിത്രം തിയേറ്ററിൽ വൻ വിജയമായിരുന്നു.

Advertisement

എന്നാൽ അതിന് വർഷങ്ങൾക്ക് ശേഷമാണ് ചിത്രം ട്രോളർമാരുടെ കണ്ണിൽ പെട്ടത്. അതിന്റെ പ്രധാന കാരണം ചിത്രത്തിന്റെ സാറ്റലൈറ്റ് ടെലികാസ്‌റ്റ് ആയിരുന്നു എന്ന് പറയുന്നതാവും ശരി. കൈരളി ചാനൽ ആയിരുന്നു ചിത്രത്തിന്റെ സംപ്രേഷണാവകാശം അന്ന് സ്വന്തമാക്കിയത്. 2001ൽ ആയിരുന്നു കൈരളി വല്യേട്ടൻ വാങ്ങിയത്. എന്നാൽ 25 വർഷങ്ങൾക്ക് ഇപ്പുറം വല്യേട്ടൻ ഇല്ലാതെ ഒരു ഓണക്കാലത്തിനാണ് കൈരളി ചാനൽ സാക്ഷ്യം വഹിക്കാൻ പോവുന്നത്.

Advertisement

ചിത്രത്തിന്റെ സംപ്രേഷണാവകാശം സ്വന്തമാക്കിയ 25 വർഷത്തെ കരാർ ഇപ്പോൾ അവസാനിച്ചുവെന്നാണ് ലഭ്യമായ റിപ്പോർട്ടുകൾ. ഇതോടെ 25 വർഷങ്ങൾക്ക് ഇപ്പുറം വല്യേട്ടൻ സംപ്രേഷണം ചെയ്യാത്ത ഒരോണമാണ് കൈരളിയെ കാത്തിരിക്കുന്നത്. പല വർഷങ്ങളിലും മുൻനിര ചാനലുകൾ വമ്പൻ ചിത്രങ്ങൾ ഓണത്തിന് സംപ്രേഷണം ചെയ്യുമ്പോഴും വല്യേട്ടനായിരുന്നു കൈരളിയുടെ തുറുപ്പ് ചീട്ട്.

വിഷു, ക്രിസ്‌മസ്, പുതുവത്സരം തുടങ്ങി ഏത് പ്രധാന ആഘോഷ വേളയിലും കൈരളി ടിവിയുടെ പ്രധാന ആയുധം 'വല്യേട്ടൻ' ആയിരുന്നു എന്നതാണ് ആരാധകരും ട്രോളൻമാരും ഇപ്പോൾ ഓർത്തെടുക്കുന്നത്. കൈരളിയുടെ സഹോദര ചാനലായ 'വീ' ആരംഭിച്ചപ്പോഴും വല്യേട്ടനെ മാറ്റി നിർത്തിയില്ല. കുറഞ്ഞത് ആഴ്‌ചയിൽ ഒരിക്കൽ എങ്കിലും ചിത്രം വീ ചാനലിലും സംപ്രേഷണം ചെയ്‌തിരുന്നു.

Advertisement

ഒരു ടിവി ചാനലിൽ തന്നെ ഏറ്റവും കൂടുതൽ തവണ പ്രദർശിപ്പിച്ച സിനിമ എന്ന അപൂർവ്വ റെക്കോർഡും കൈരളി ടിവി വല്യേട്ടൻ എന്ന സിനിമയിലൂടെ നേടിയെടുത്തിരുന്നു. കണക്കുകൾ പ്രകാരം 950-ലധികം തവണയാണ് ചിത്രം ചാനലിൽ സംപ്രേഷണം ചെയ്‌തത്‌. എന്നാൽ ഇത്രയൊക്കെ തവണ സംപ്രേഷണം ചെയ്‌തിട്ടും ചിത്രത്തിന്റെ ടിആർപി റേറ്റിങ്ങിന് കുറവുണ്ടായിട്ടില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം.

നിലവിലെ സാഹചര്യത്തിൽ കൈരളി ടിവി സാറ്റലൈറ്റ് റൈറ്റ്സ് പുതുക്കുകയാണെങ്കിൽ ചിത്രം ചാനലിൽ തന്നെ തുടരുമെന്നാണ് വിവരം. എന്നാൽ ചിത്രത്തിന്റെ പുതിയ സാറ്റലൈറ്റ് അവകാശം സ്വന്തമാക്കാൻ മറ്റ് പ്രമുഖ മലയാളം ടെലിവിഷൻ ചാനലുകളും ശ്രമം തുടങ്ങിയിട്ടുണ്ടെന്നാണ് വിവരം. സൂര്യ ടിവി, മഴവിൽ മനോരമ തുടങ്ങിയ മുൻനിര ചാനലുകൾ അടക്കം ഇതിന് പിന്നിലുണ്ടെന്നും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Advertisement

അതേസമയം, ചിത്രം കൈരളിയിൽ നിന്ന് പോവുകയാണെന്ന റിപ്പോർട്ടുകൾ വന്നതോടെ ട്രോളുകൾ കാര്യമായി തന്നെ വരുന്നുണ്ട്. കൈരളി ചാനലിന്റെ ഐശ്വര്യമായിരുന്നു വല്യേട്ടൻ എന്നാണ് ചിലർ പറയുന്നത്. എന്തൊക്കെ പറഞ്ഞാലും ഞങ്ങളുടെയൊക്കെ കുട്ടിക്കാലം മനോഹരമാക്കിയ ചിത്രമാണ് ഇതെന്നും തുടർന്നും കൈരളി തന്നെ അത് പ്രദർശിപ്പിക്കണമെന്നും ഒരു വിഭാഗം ആളുകൾ ആവശ്യപ്പെടുന്നു.

2000ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ആക്ഷൻ ചിത്രമാണ് വല്ല്യേട്ടന്‍. മമ്മൂട്ടി നായകനായ സിനിമയുടെ സംവിധാനം ഷാജി കൈലാസും തിരക്കഥ രഞ്ജിത്തുമാണ് നിർവഹിച്ചത്. മമ്മൂട്ടിയ്ക്ക് പുറമേ ശോഭന, സിദ്ദിഖ്, മനോജ് കെ ജയന്‍, സുധീഷ്, വിജയകുമാര്‍, കലാഭവന്‍ മണി, സായ് കുമാര്‍, എൻഎഫ് വർഗീസ്, ക്യാപ്റ്റൻ രാജു, പൂർണിമ ഇന്ദ്രജിത് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു.