അച്ഛന്റെ വഴിയിലേക്കില്ല, അൽഫോൺസ് പുത്രൻ നായകവേഷം ഓഫർ ചെയ്തിട്ടും നോ പറഞ്ഞ് ജേസൺ സഞ്ജയ്

രാഷ്ട്രീയത്തില്‍ സജീവമായതോടെ സിനിമാഭിനയം നിര്‍ത്തി വെച്ചിരിക്കുകയാണ് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്. അതേസമയം വിജയുടെ മകന്‍ ജേസണ്‍ സഞ്ജയ് ആകട്ടെ സിനിമയിലേക്ക് കാലെടുത്ത് വെയ്ക്കാനൊരുങ്ങുകയും ചെയ്യുന്നു. നടനായിട്ടല്ല സംവിധായകനായിട്ടാണ് ജേസണിന്റെ അരങ്ങേറ്റം. ജേസണ്‍ സംവിധാനം ചെയ്ത സിഗ്മ റിലീസിന് തയ്യാറെടുക്കുകയാണ്.

Advertisement

വിജയുടെ മകന്‍ ആയത് കൊണ്ട് തന്നെ ജേസണ്‍ അഭിനയത്തിലേക്ക് തിരിയും എന്നാണ് ആരാധകരില്‍ പലരും പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ സംവിധാനമാണ് താല്‍പര്യമെന്നും നടനാകാനുളള പ്ലാനില്ലെന്നുമാണ് ജേസണ്‍ പറയുന്നത്.

Advertisement

അത് മാത്രമല്ല പ്രേമം പോലൊരു ഹിറ്റ് ചിത്രമൊരുക്കിയ സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍ അഭിനയിക്കാന്‍ അവസരം ഓഫര്‍ ചെയ്തിട്ട് താനത് നിരസിക്കുകയായിരുന്നുവെന്നും ജേസണ്‍ വെളിപ്പെടുത്തുന്നു. ആനന്ദ വികടന് നല്‍കിയ അഭിമുഖത്തിലാണ് ജേസണ്‍ സഞ്ജയ് ഇക്കാര്യം തുറന്ന് പറഞ്ഞത്.

തന്റെ ഒരു ഫോട്ടോ കണ്ടിട്ടാണ് ഒരു ചിത്രത്തിലേക്ക് അല്‍ഫോണ്‍സ് പുത്രന്‍ നായക വേഷത്തിലേക്ക് ക്ഷണിച്ചത്. അന്ന് തനിക്ക് പ്രായം ഏകദേശം 20 വയസ്സ് മാത്രമായിരുന്നു. സിനിമ ഒരു കരിയറായി തിരഞ്ഞെടുക്കുന്നതിനെ കുറിച്ച് അന്ന് ഗൗരവമായി ആലോചിച്ചിരുന്നില്ലെന്നും ജേസണ്‍ പറയുന്നു. അല്‍ഫോണ്‍സിന്റെ മനസ്സിലുണ്ടായിരുന്നത് ഒരു യൂത്ത് സ്റ്റോറി ആയിരുന്നു. പക്ഷേ അഭിനയിക്കാനാകുമെന്നോ സിനിമയിലേക്ക് വരാനാകുമെന്നോ ഉറപ്പില്ലാത്തതിനാല്‍ ആ അവസരം താന്‍ സ്‌നേഹപൂര്‍വ്വം നിരസിക്കുകയായിരുന്നു.

Advertisement

ആ സിനിമയുടെ കഥ താൻ കേട്ടിരുന്നില്ല. കരണം താൻ ഏറെ ആരാധിക്കുന്ന ഒരു സംവിധായകന്റെ കഥ കേട്ടതിന് ശേഷം അത് വേണ്ടെന്ന് വെക്കാൻ ആഗ്രഹിച്ചില്ല. ആ കഥാപാത്രത്തിന് കൂടുതൽ അനുയോജ്നായ മറ്റൊരാളെ കണ്ടെത്താൻ ആ ടീമിനെ പ്രോത്സാഹിപ്പിക്കുകയാണ് താൻ ചെയ്തത്. എങ്കിലും അൽഫോൺസ് പുത്രൻ തന്നെ പരിഗണിച്ചത് അഭിമാനവും മറക്കാനാകാത്തതുമായ ഒരു നിമിഷമായിരുന്നുവെന്നും ജേസൺ പറഞ്ഞു.

സംവിധായകന്റെ കുപ്പായമണിഞ്ഞിരിക്കുമ്പോഴും സിനിമയ്ക്ക് വേണ്ടിയുളള പ്രമോഷണൽ വീഡിയോയിൽ ജേസൺ അഭിനയിച്ചിട്ടുണ്ട്. അത് പക്ഷേ താൻ അഭിനയിത്തിലേക്ക് കടക്കുന്നു എന്നതിന്റെ തുടക്കമായിട്ടൊന്നും കാണരുതെന്നും ജേസൺ പറയുന്നു. ഇപ്പോൾ താൻ പ്രാധാന്യം നൽകുന്നത് സിഗ്മ എന്ന തന്റെ സിനിമയെ വിജയകരമായി പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുക എന്നതിനാണ്. അതിന് ശേഷം മാത്രമേ അഭിനയത്തെ കുറിച്ചുളള ചോദ്യങ്ങൾക്ക് മറുപടി നൽകാനാകൂയെന്നും ജേസൺ സഞ്ജയ് പറഞ്ഞു.