ഓണക്കാലത്ത് ബോക്‌സ് ഓഫീസിൽ തീപാറും; മോഹൻലാലും പൃഥ്വിയും നിവിനും ദുൽഖറും ഒരുമിച്ച് കളത്തിൽ!

ഓണക്കാലമാണ് വരാനിരിക്കുന്നത്, അതിന്റെ ചില സൂചനകൾ ഇക്കുറി ഏറ്റവും പ്രകടമായിരിക്കുന്നത് മലയാള സിനിമയിൽ തന്നെയാണ്. ഏറെക്കാലമായി മലയാള സിനിമയിൽ അന്യം നിന്നിരുന്ന ക്ലാഷ് റിലീസുകളുടെ ഘോഷയാത്രയാണ് ഇക്കുറി. അതും ചെറിയ ചിത്രങ്ങളല്ല, സൂപ്പർതാരങ്ങൾ നേർക്കുനേർ ഏറ്റുമുട്ടുന്ന ആവേശത്തിന്റെ ഓണക്കാലമാണ് വരാനിരിക്കുന്നത്. ആരാധകരാവട്ടെ തികഞ്ഞ പ്രതീക്ഷയിലുമാണ്.

Advertisement

ആക്ഷൻ, ത്രില്ലർ, പ്രണയം, ഫീൽ ഗുഡ് തുടങ്ങി വ്യത്യസ്‌ത വിഭാഗങ്ങളിലുള്ള നാല് വലിയ ചിത്രങ്ങളാണ് ഓണക്കാലത്ത് തിയേറ്ററുകളിലെത്തുന്നത്. 'തുടക്കം', 'ഐ ആം ഗെയിം', 'ഖലീഫ', 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' എന്നീ ചിത്രങ്ങളാണ് പ്രേക്ഷകരുടെ പ്രതീക്ഷ കാക്കാനായി എത്തുന്നത്. ഓണാവധി ലക്ഷ്യമിട്ടുള്ള ഈ റിലീസുകൾ എത്തുന്നതോടെ അടുത്തകാലത്തായി വരുന്ന ഏറ്റവും വലിയ ബിസിനസ് അവസരം കൂടിയാണ് മലയാളത്തിന് മുന്നിൽ തുറക്കുന്നത്.

Advertisement

ഐ ആം ഗെയിം

ഓഗസ്‌റ്റ് 20-ന് തിയേറ്ററുകളിലെത്തുന്ന 'ഐ ആം ഗെയിം' ദുൽഖർ സൽമാന്റെ കരിയറിലെ 40-ാമത് ചിത്രമാണ്. നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലർ വേഫറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ തന്നെയാണ് നിർമ്മിക്കുന്നത്. ദുൽഖറിനൊപ്പം കയാദു ലോഹർ, ആന്റണി വർഗീസ്, കതിർ, മിസ്‌കിൻ, വിനയ് ഫോർട്ട്, പാർത്ഥ് തിവാരി, സമ്യുക്ത വിശ്വനാഥൻ, ആദം, ആഷിഷ് മാത്യു എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. നിമിഷ് രവി, ജിംഷി ഖാലിദ് എന്നിവർ ചേർന്നാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. ജേക്ക്‌സ് ബിജോയ് ആണ് സംഗീത സംവിധാനം.

Advertisement

ഖലീഫ

പ്രഥ്വിരാജ് സുകുമാരൻ നായകനാകുന്ന 'ഖലീഫ' ഓഗസ്‌റ്റ് 20-ന് തന്നെ റിലീസ് ചെയ്യാനാണ് ഒരുങ്ങുന്നത്. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ജിനു വി എബ്രഹാമാണ്. ജിനു എബ്രഹാം ഇന്നൊവേഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ഈ ചിത്രം മാസ് ആക്ഷനും ത്രില്ലർ ഘടകങ്ങളും ഒത്തുചേരുന്ന ബിഗ് ബജറ്റ് ചിത്രമായാണ് എത്തുന്നത്. പ്രഥ്വിരാജിനൊപ്പം മോഹൻലാൽ ഇതിൽ അതിഥിവേഷം അവതരിപ്പിക്കുന്നു. ജോമോൻ ടി. ജോൺ ഛായാഗ്രഹണവും ചാമൻ ചാക്കോ എഡിറ്റിംഗും നിർവഹിക്കുന്ന ചിത്രത്തിനും സംഗീതം നൽകിയത് ജേക്ക്‌സ് ബിജോയ് ആണ്.

ബെത്‌ലഹേം കുടുംബ യൂണിറ്റ്

ഓഗസ്‌റ്റ് 21-ന് റിലീസ് ചെയ്യുന്ന 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' ഗിരീഷ് എഡി ഒരുക്കുന്ന റൊമാന്റിക് കോമഡി ചിത്രമാണ്. ഇടവേളയ്ക്ക് ശേഷം നിവിൻ പോളി തന്റെ തന്റെ ശക്തികേന്ദ്രമായ ജോണറിൽ കൈവയ്ക്കുന്ന ചിത്രമാണിത്. മമിത ബൈജുവും ഇതിൽ പ്രധാന വേഷം ചെയ്യുന്നു. സംഗീത് പ്രതാപ്, ശ്യാം മോഹൻ, വിനയ് ഫോർട്ട്, സുരേഷ് കൃഷ്‌ണ, ബിന്ദു പണിക്കർ, ശ്രീന്ദ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. ഛായാഗ്രഹണം അജ്‌മൽ സാബു, എഡിറ്റിംഗ് ആകാശ് ജോസഫ് വർഗീസ്, സംഗീതം വിഷ്‌ണു വിജയ് എന്നിവരാണ് നിർവഹിക്കുന്നത്.

Advertisement

തുടക്കം

ശരിക്കും ഓണച്ചിത്രങ്ങളുടെ റിലീസിന് തുടക്കമിടുന്നത് ഓഗസ്‌റ്റ് 7-ന് റിലീസ് ചെയ്യുന്ന 'തുടക്കം' ആണ്. മോഹൻലാലിന്റെ മകൾ വിസ്‌മയ മോഹൻലാലിന്റെ അഭിനയ അരങ്ങേറ്റ ചിത്രം എന്ന പ്രത്യേകതയാണ് ഈ സിനിമയെ ശ്രദ്ധേയമാക്കുന്നത്. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ആശിർവാദ് സിനിമാസ് ആണ് നിർമ്മിക്കുന്നത്. വിസ്‌മയയ്ക്ക് പുറമെ ആഷിഷ് ജോ ആന്റണി, ബോബി കുര്യൻ, ജിബിൻ ഗോപിനാഥ് എന്നിവരും ഒപ്പം മോഹൻലാലും ഇതിൽ ഒരു വേഷം ചെയ്യുന്നുണ്ട്.

അതേസമയം, മുൻപ് 2024 വിഷുക്കാലത്ത് ആയിരുന്നു അവസാനമായി ഇത്തരത്തിൽ വലിയൊരു ക്ലാഷ് റിലീസ് നടന്നത്. സൂപ്പർതാര ചിത്രങ്ങൾ എന്നതിലുപരി കണ്ടന്റ് കൊണ്ട് പ്രേക്ഷകർ സ്വീകരിച്ച ഒരുപിടി ചിത്രങ്ങളാണ് അന്ന് നേട്ടം കൊയ്‌തത് പ്രേമലു, ഭ്രമയുഗം, ആവേശം, വർഷങ്ങൾക്ക് ശേഷം എന്നിവയായിരുന്നു.