അന്ന് പോയസ് ഗാർഡനിൽ ബംഗ്ലാവ്, കോടികളുടെ ആസ്‌തി; ഇന്ന് വൃദ്ധ സദനത്തിൽ, മോഹന്റെ ജീവിത കഥ

മലയാള സിനിമയിൽ ഒരുകാലത്ത് വലിയ പ്രശസ്‌തി ഉണ്ടായിരുന്നിട്ടും അവസാനകാലം ആരും നോക്കാൻ ഇല്ലാതെ കഷ്‌ടത അനുഭവിച്ചവരുടെ എണ്ണം ഒരുപാടുണ്ട്. അത്തരത്തിൽ ഒരുകാലത്ത് മുൻനിര നായകനായി തെന്നിന്ത്യൻ ഭാഷകളിൽ എല്ലാം തിളങ്ങി നിന്ന മോഹൻ ശർമ്മ എന്ന നടൻ മോഹന്റെ ജീവിതം ഇപ്പോൾ ചർച്ചയാവുകയാണ്. മലയാളത്തിലെ പ്രണയ നായകനായി തിളങ്ങിയ മോഹൻ ഒരുകാലത്ത് തിരക്കേറിയ താരമായിരുന്നു.

Advertisement

നടനായി മാത്രമല്ല നിര്‍മ്മാതാവായും അദ്ദേഹം കഴിവ് തെളിയിച്ചിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, ഭാഷകളിലായി നിരവധി സിനിമകളിലാണ് അദ്ദേഹം അഭിനയിച്ചത്. നായകനും വില്ലനും സഹനടനുമെല്ലാമായി ഒട്ടേറെ വേഷങ്ങൾ അദ്ദേഹം കൈകാര്യം ചെയ്‌തു. അതിനിടയിൽ തിരക്കഥാകൃത്തായും സംവിധായകനായും ഒക്കെ ഒരുകൈ പയറ്റി.

Advertisement

എന്നാൽ ഇപ്പോൾ താരത്തിന്റെ വാർധക്യം അതീവ ദുരിതത്തിലാണെന്ന് വ്യക്തമാക്കുന്ന ചില വാർത്തകളാണ് അടുത്തകാലത്തായി പുറത്തുവന്നത്. മരുന്ന് വാങ്ങാന്‍ പോലും പണമില്ലാതെ, ഒറ്റപ്പെട്ട് ജീവിക്കുകയാണ് മോഹന്‍ ശര്‍മ്മയെന്നാണ് വിവരം. ചെന്നൈയില്‍ നിന്നും അമ്പത് കിലോമീറ്ററോളം അകലെയുള്ള ഒരു വൃദ്ധസദനത്തിലാണ് മോഹന്‍ ഏകനായി കഴിഞ്ഞ മൂന്ന് മാസത്തോളമായി കഴിഞ്ഞു വരുന്നത്.

നിലവിൽ മരുന്നിന് മാത്രം പ്രതിമാസം നാൽപതിനായിരത്തോളം രൂപ വേണ്ടിവരുന്ന സാഹചര്യമാണ്. വരുമാനവും നിലച്ചതോടെ ജീവിതം പ്രതിസന്ധിയിലായെന്ന് മോഹനോട് അടുത്ത വൃത്തങ്ങൾ പറയുന്നു. റോട്ടറി ക്ലബ്ബിലെ സുഹൃത്തുക്കള്‍ മുന്‍കൈയെടുത്താണ് അദ്ദേഹത്തെ വൃദ്ധാശ്രമത്തില്‍ എത്തിച്ചത്. ക്ലബ്ബിന്റെ മുന്‍ പ്രസിഡന്റ് കൂടിയായിരുന്നു അദ്ദേഹം.

Advertisement

കഴിഞ്ഞ ദിവസം സിനിമയിലെ പ്രൊഡക്ഷൻ കൺട്രോളർ കൂടിയായ സിദ്ധു പനയ്ക്കൽ മോഹനെ കുറിച്ച് ഒരു കുറിപ്പ് പങ്കുവച്ചിരുന്നു. അത് വലിയ രീതിയിൽ വൈറലാവുകയും ചെയ്‌തു. മോഹൻ ശർമ്മയുടെ അഭിമുഖം അടുത്തിടെ കണ്ടെന്നും അതിൽ അദ്ദേഹം പറയുന്നുണ്ട് പോയിസ് ഗാർഡനിൽ ജയലളിതാ മാഡത്തിന്റെ തൊട്ടടുത്ത വീടായിരുന്നു അദ്ദേഹത്തിന്റെതെന്നും സിദ്ധു പനയ്ക്കൽ പറയുന്നു.

ഒരു സിനിമയിലൂടെയാണ് അദ്ദേഹം കടക്കരനായതെന്നാണ് സിദ്ധു പനയ്ക്കൽ പറയുന്നത്. മലയാളത്തിലും തമിഴിലും എടുത്ത സിനിമയാണ് ഗ്രാമം, തമിഴിൽ നമ്മ ഗ്രാമം. സിനിമയെടുക്കാൻ ഒന്നേകാൽ കോടി രൂപയോളം ബാങ്കിൽ നിന്ന് ലോൺ എടുക്കേണ്ടി വന്നുവെന്നും സിനിമ വിതരണത്തിന് എടുക്കാൻ ആരും തയ്യാറായില്ലെന്നും അവസാനം തിയറ്ററിലേക്ക് അങ്ങോട്ട് പൈസകൊടുത്ത് റിലീസ് ചെയ്യേണ്ടിവന്നുവെന്നും അദ്ദേഹം പറയുന്നു.

Advertisement

ബാങ്കിൽ ഒന്നേമുക്കാൽ കോടി രൂപയോളം കടമുണ്ടായിരുന്നുവെന്നും സാറ്റലൈറ്റിന് എന്ത് തുക വേണമെന്ന് ജയലളിത മാഡം ചോദിച്ചപ്പോൾ ഈ കാര്യങ്ങളൊക്കെ പറഞ്ഞ് ഒന്നേമുക്കാൽ കോടിയാണ് ആവശ്യപ്പെട്ടത് ബാധ്യത തീർക്കാനെന്നും സിദ്ധു പനയ്ക്കൽ പറയുന്നു. അത് ശരിയാക്കാമെന്ന് അവർ പറഞ്ഞെങ്കിലും അപ്രതീക്ഷിതമായ അവരുടെ വേർപാട് ഇതിനെയെല്ലാം തകിടം മറിച്ചുവെന്നാണ് കുറിപ്പിൽ പറയുന്നത്.

അതേസമയം, മോഹന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ അറിഞ്ഞ് അടുത്തിടെ രജനീകാന്ത് സഹായിച്ചുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന മോഹന്റെ ദയനീയാവസ്ഥ വിവരിക്കുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ രജനീകാന്ത് 1 ലക്ഷം രൂപയുടെ സഹായം കൈമാറിയെന്നാണ് വിവരം.