രമേശ് പിഷാരടി കളംവിട്ടു; അന്‍സിബ ഹസനെ വിളിപ്പിച്ച് കോടതി, രജിസ്ട്രാര്‍ വരട്ടെ എന്ന് നടിമാര്‍

കൊച്ചി: താര സംഘടന അമ്മയുമായി ബന്ധപ്പെട്ട് മൂന്ന് പ്രധാന കാര്യങ്ങളാണ് ഏറ്റവും ഒടുവില്‍ സംഭവിച്ചിരിക്കുന്നത്. ജനറല്‍ ബോഡിയിലെ തര്‍ക്കങ്ങള്‍ക്ക് ശേഷം രൂപീകരിച്ച അഡ്‌ഹോക്ക് കമ്മിറ്റിക്കെതിരെ ശ്വേത മേനോന്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് കോടതി പരിഗണിച്ചു. ലക്ഷ്മി പ്രിയക്കെതിരേ കേസെടുക്കാന്‍ നിര്‍ദേശിക്കണം എന്ന അന്‍സിബ ഹസന്റെ ഹര്‍ജിയും കോടതിയിലെത്തി. അമ്മയില്‍ രജിസ്ട്രാര്‍ ഭരണം തേടി നടിമാര്‍ രംഗത്തുവന്നു.

Advertisement

ഈ മൂന്ന് കാര്യങ്ങളിലും വ്യക്തമാകുന്നത് എല്ലാ വിവാദങ്ങളും അവസാനിക്കാന്‍ ഇനിയും സമയമെടുക്കും എന്നാണ്. അമ്മയിലെ വര്‍ഗീയതയാണ് ഗൗരവമുള്ള വിഷയം. ബിജെപിക്ക് സ്ഥാനാര്‍ഥികളെ നല്‍കാന്‍ ശ്രമം, കണക്കുകളിലെ അവ്യക്തത എന്നിവയും വിവാദമാണ്. ഇതെല്ലാം നിലനില്‍ക്കെയാണ് ഇന്ന് മൂന്ന് പുതിയ കാര്യങ്ങള്‍ സംഭവിച്ചത്. അക്കാര്യങ്ങള്‍ അറിയാം...

Advertisement

ജനറല്‍ ബോഡിയില്‍ രാജി പ്രഖ്യാപിച്ച് ശ്വേത മേനോന്‍ ഇറങ്ങിപ്പോയതോടെയാണ് രമേശ് പിഷാരടി അധ്യക്ഷനായി അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിച്ചത്. പിന്നീട് വാക്ക് മാറ്റി തിരിച്ചെത്തിയ ശ്വേത മേനോന്‍ അഡ്‌ഹോക്ക് കമ്മിറ്റിക്കെതിരെ കോടതിയെ സമീപിക്കുകയായിരുന്നു. താന്‍ തന്നെയാണ് അമ്മയുടെ പ്രസിഡന്റ് എന്നും അവര്‍ വാദിച്ചു.

ശ്വേത സമര്‍പ്പിച്ച ഹര്‍ജിയാണ് ഇന്ന് എറണാകുളം മുന്‍സിഫ് കോടതി പരിഗണിച്ചത്. ഈ വേളയില്‍ രമേശ് പിഷാരടി നിലപാട് അറിയിച്ചു. അഡ്‌ഹോക് കമ്മിറ്റിയുമായി മുന്നോട്ട് പോകാനില്ല എന്നാണ് അദ്ദേഹം അറിയിച്ചത്. അതേസമയം, ശ്വേതയുടെ ഹര്‍ജിയില്‍ കക്ഷി ചേരാന്‍ അന്‍സിബ ഹസന്‍ താല്‍പ്പര്യം അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ വൈകാതെ കോടതി തീരുമാനം എടുക്കും.

Advertisement

തന്നെ മോശമാക്കി ചിത്രീകരിച്ചു എന്ന് ആരോപിച്ച് ലക്ഷ്മി പ്രിയക്കും യുട്യൂബ് ചാനലിനും എതിരെ അന്‍സിബ നല്‍കിയ ഹര്‍ജി ഇന്ന് എറണാകുളം മജിസ്‌ട്രേറ്റ് കോടതി പരിഗണിച്ചു. നടിക്കെതിരേ കേസെടുക്കണം എന്നാണ് അന്‍സിബയുടെ ആവശ്യം. പാലാരിവട്ടം പോലീസ് കേസെടുക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് അന്‍സിബ കോടതിയിലെത്തിയത്. ഈ ഹര്‍ജിയില്‍ അന്‍സിബയോട് നേരിട്ട് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടു.

അടുത്ത മാസം 29നാണ് അന്‍സിബ കോടതിയില്‍ ഹാജരാകേണ്ടത്. അന്‍സിബയുടെ ഹര്‍ജിയില്‍ രണ്ട് തവണ കോടതി വാദം കേട്ടിരുന്നു. കേസെടുക്കേണ്ട സാഹചര്യമില്ല എന്നാണ് പോലീസ് നിലപാട് സ്വീകരിച്ചത്. ഈ സാഹചര്യത്തിലാണ് ഇന്ന് ഹര്‍ജി പരിഗണിച്ചപ്പോള്‍ കോടതി അന്‍സിബയോട് നേരിട്ട് ഹാജരായി മൊഴി നല്‍കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്.

Advertisement

അതേസമയം, അമ്മയുടെ ഭരണത്തില്‍ രജിസ്ട്രാറുടെ ഇടപെടല്‍ തേടിയിരിക്കുയാണ് നടിമാര്‍. ശ്വേതയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി ബാങ്ക് ഇടപാട് നടത്തുന്നത് തടയണം എന്നാണ് ഇവരുടെ ആവശ്യം. മാലാ പാര്‍വതി. ഉഷ ഹസീന, പൊന്നമ്മ ബാബു, അന്‍സിബ എന്നിവരാണ് ഈ നീക്കം നടത്തിയത്. കോടികളുടെ ആസ്തിയുള്ള അമ്മയുടെ ബാങ്ക് ഇടപാട് നടത്തുന്നതിന് നിലവിലെ കമ്മിറ്റിയെ അനുവദിക്കരുത് എന്നാണ് ആവശ്യം. ശ്വേതയുടെ കമ്മിറ്റിയില്‍ ഇവര്‍ക്ക് വിശ്വാസമില്ല. മിനുട്‌സ് തിരുത്താന്‍ സാധ്യതയുണ്ട്. പുതിയ കമ്മിറ്റി വരുന്നത് വരെ രേഖകള്‍ ഉള്‍പ്പെടെ രജിസ്ട്രാറുടെ നിയന്ത്രണത്തിലാകണം എന്നും നടിമാര്‍ ആവശ്യപ്പെട്ടു.