കാന്‍സര്‍ ചികിത്സ സംബന്ധിച്ച പുതിയ വിവരം പങ്കുവച്ച് രേണു സുധി. രണ്ടാമത്തെ കീമോതെറാപ്പി കഴിഞ്ഞതിന് പിന്നാലെ കടുത്ത ശാരീരിക ബുദ്ധിമുട്ടുകൾ കാരണം അഞ്ച് ദിവസത്തോളം ആശുപത്രിയിലെ ഐസിയുവിൽ മരണത്തോട് പൊരുതേണ്ടി വന്നതായി രേണു പറയുന്നു. കാൻസർ എന്ന മാരക രോഗം ശരീരത്തെ കീഴ്പ്പെടുത്തിയ ശേഷം തന്റെ ജീവിതത്തിലും ചിന്തകളിലും ഉണ്ടായ വലിയ മാറ്റങ്ങളെക്കുറിച്ചാണ് താരം പുതിയ വീഡിയോയിലൂടെ തുറന്നുപറയുന്നത്. ആദ്യത്തെ കീമോ ചെയ്തപ്പോഴുള്ളതിനേക്കാൾ ഇരട്ടി വേദനയും കടുത്ത ക്ഷീണവും വിട്ടുമാറാത്ത ഛർദ്ദിയുമാണ് ഇത്തവണ തന്നെ തളർത്തിക്കളഞ്ഞത്. തന്നെ സ്നേഹിക്കുന്ന ഒരുപാട് പേരുടെ പ്രാർത്ഥനകൾ മാത്രമാണ് ഐസിയുവിൽ നിന്നും ജീവനോടെ തിരികെ വരാൻ തുണയായതെന്ന് രേണു വിതുമ്പിക്കൊണ്ട് പറയുന്നു.
ഇനിയും നാല് കീമോതെറാപ്പികൾ കൂടി തനിക്ക് ചെയ്യാനുണ്ട്. അത് കഴിഞ്ഞയുടൻ വലിയൊരു ഓപ്പറേഷനും ചെയ്യണം. ഈ പ്രതിസന്ധികളെല്ലാം തരണം ചെയ്ത് താൻ പൂർണ്ണ ആരോഗ്യത്തോടെ മടങ്ങിവരുമെന്ന ഉറച്ച വിശ്വാസത്തിലാണ് രേണു ഇപ്പോൾ ഉള്ളത്. ചെറുപ്പം മുതൽക്കേ വലിയ അസുഖങ്ങളൊന്നും വരുത്തരുതേ എന്ന് പ്രാർത്ഥിച്ചിട്ടും എന്തുകൊണ്ടാണ് തനിക്ക് ഈ രോഗം തന്നതെന്ന് ദൈവത്തോട് ചോദിച്ചിരുന്നു. എന്നാൽ, നാളെ ഈ രോഗത്തിൽ നിന്ന് ദൈവം എന്നെ രക്ഷിച്ചുവെന്ന് ലോകത്തോട് വിളിച്ചു പറയാനും ഒരുപാട് പേരുടെ സ്നേഹം മനസ്സിലാക്കാനുമാണ് ഇതെന്നാണ് ഇപ്പോൾ കരുതുന്നത്. പഴയ കാര്യങ്ങൾ ആലോചിച്ച് സങ്കടപ്പെടുന്നതിൽ കാര്യമില്ലെന്നും രോഗം പൂർണ്ണമായി മാറിയ ശേഷം മകനും കുടുംബത്തിനും വേണ്ടി എന്തൊക്കെ ചെയ്യണം എന്ന ചിന്തകളാണ് ഇപ്പോൾ തനിക്ക് ജീവിക്കാൻ ധൈര്യം നൽകുന്നത്.
തന്റെ മകൻ റിതപ്പനെ ഓർക്കുമ്പോഴാണ് ഉള്ളിൽ വലിയ സങ്കടം തോന്നുന്നത്. എന്നാൽ അവൻ തന്നെക്കാൾ മനക്കരുത്തുള്ള കുട്ടിയായി മാറിയെന്ന് ഈ സാഹചര്യത്തിൽ മനസ്സിലായി. ആശുപത്രിയിൽ വന്നാൽ അമ്മയെ കാണാൻ പറ്റില്ലെന്ന് മനസ്സിലാക്കി അവൻ വരാൻ കൂട്ടാക്കിയില്ല. ചേച്ചിയുടെ മക്കൾ അവനെ സ്വന്തം സഹോദരനെപ്പോലെയാണ് നോക്കുന്നതെന്നും അവനെ എല്ലാവരും ചേർത്തുപിടിക്കുന്നത് കാണുമ്പോൾ വലിയ ആശ്വാസമുണ്ടെന്നും താരം പറയുന്നു. മനസ്സ് ഒട്ടും വിഷമിപ്പിക്കരുതെന്നും ഫോൺ ഉപയോഗിക്കരുതെന്നും ഡോക്ടർമാർ പ്രത്യേകം പറഞ്ഞിട്ടുണ്ട്. എങ്കിലും തന്റെ ഏക വരുമാന മാർഗ്ഗം ഈ യൂട്യൂബ് ചാനൽ ആയതുകൊണ്ട് തനിക്ക് വീഡിയോകൾ ചെയ്യാതിരിക്കാൻ കഴിയില്ല.
ചികിത്സയ്ക്കായി വലിയൊരു തുക ആവശ്യമുണ്ട്. അതുകൊണ്ട് തന്നെ സ്നേഹിക്കുന്നവർ ചാനൽ സബ്സ്ക്രൈബ് ചെയ്ത് പിന്തുണയ്ക്കണമെന്ന് രേണു അഭ്യർത്ഥിക്കുന്നു. തന്നെ അവഹേളിക്കുന്നവർ പഴയ കാര്യങ്ങൾ കുത്തിപ്പൊക്കി അത് വീണ്ടും സോഷ്യൽ മീഡിയയിൽ ആഘോഷിക്കുന്ന ശീലം ദയവായി ഒഴിവാക്കണം. ഈ രോഗത്തിന്റെ കടുത്ത വേദന അത് അനുഭവിച്ചവർക്ക് മാത്രമേ മനസ്സിലാകൂ എന്നും രോഗികളോട് അല്പമെങ്കിലും കരുണ കാണിക്കാൻ എല്ലാവരും തയ്യാറാകണമെന്നും പറഞ്ഞാണ് രേണു വീഡിയോ അവസാനിപ്പിക്കുന്നത്