മമ്മൂട്ടി സിനിമയിൽ കരയുന്നത് കാണുമ്പോൾ നമ്മുക്കും വിഷമം തോന്നുമെന്ന സംവിധായകൻ സിബി മലയിലിൻറെ പ്രതികരണത്തിൽ വിമർശനവുമായി സംവിധായകൻ ശാന്തിവിള ദിനേശ്. ദശരഥം രണ്ടാം ഭാഗത്തിൽ അഭിനയിക്കാൻ മോഹൻലാൽ ഡേറ്റ് നൽകാത്തതതാണ് മമ്മൂട്ടിയെ പുകഴ്ത്താൻ സിബിയെ പ്രേരിപ്പിച്ചതെന്ന് ശാന്തിവിള പറഞ്ഞു. സിബിയുടെ ചിത്രത്തിലെ മോഹൻലാലിൻ്റെ പ്രകടനങ്ങൾ എടുത്ത് പറഞ്ഞുകൊണ്ടാണ് ശാന്തിവിളയുടെ പ്രതികരണം. മമ്മൂട്ടിയെ കുറിച്ച് മുൻപ് ചന്തു സലിം കുമാർ പറഞ്ഞ വാക്കുകളേയും ശാന്തിവിള പരിഹസിച്ചു. അദ്ദേഹത്തിൻ്റെ വാക്കുകളിലേക്ക്
'സലിം കുമാറിന്റെ മകൻ ചന്തു പറയുന്നത് മമ്മൂക്കയേക്കാൾ ജാട എനിക്കുണ്ട് എന്നാണ്. എനിക്കൊരാൾ ഞാൻ ചെയ്ത വേഷം നന്നായി എന്നൊരു മെസ്സേജ് ഇട്ടാൽ ഓക്കെ മാത്രമേ ഞാൻ ഇടൂ. മമ്മുക്ക ആർക്കും മറുപടി അയക്കും, ബർത്ത്ഡേ വിഷ് ചെയ്യും, എല്ലാ കാര്യത്തിനും മമ്മുക്ക പോകുന്നുണ്ട്, സിനിമയിൽ അഭിനയിക്കുന്നുണ്ട്, എല്ലാ സിനിമയും അദ്ദേഹം കാണുന്നുണ്ട്, ഇതിനൊക്കെ ഇക്കാക്ക് എവിടുന്നാ സമയം കിട്ടുന്നത് എന്ന് മാത്രം ഈ പയ്യന് അറിയില്ല. ചന്തുമോനെ ചെയ്ത വേഷം നന്നായി എന്ന് അഭിനന്ദിക്കാവുന്ന തരത്തിൽ മോൻ എത്ര വേഷങ്ങൾ ചെയ്തു എന്ന് സ്വയം ചിന്തിക്കണം. ചുമ്മാ നിന്നെ സുഖിപ്പിക്കുന്നതായിരിക്കും അല്ലേൽ നിന്റെ അച്ഛൻ ചെയ്ത വേഷങ്ങളെ ആവും നിനക്ക് മെസ്സേജ് ഇട്ടപ്പോൾ അഭിനന്ദിച്ചത് .
നമുക്ക് ചന്തുവിനെ വിടാം പയ്യൻസല്ലേ, സിബി മലയലിന്റെ വർത്താനമാണ് നമ്മൾ ശ്രദ്ധിക്കേണ്ടത്. മോഹൻലാലിന്റെ ഡേറ്റ് കിട്ടില്ല എന്ന് ഉറപ്പായതിനാലാണ് ട്രാക്ക് മാറ്റി പിടിക്കുന്നതെങ്കിൽ ഓക്കെ. നിങ്ങളുടെ കിരീടത്തിൽ, നിങ്ങളുടെ ഭരതത്തിൽ, നിങ്ങളുടെ ദശരഥത്തിൽ, സദയത്തിൽ, മോഹൻലാൽ കരയിപ്പിച്ച നിരവധി മുഹൂർത്തങ്ങൾ ഞാൻ കണ്ടിട്ടുണ്ട്. ദശരഥത്തിൽ രാജീവ് മേനോനായ മോഹൻലാൽ സുകുമാരിയുടെ മാഗിയോട് എന്നെ സ്വന്തം മോനെ പോലെ സ്നേഹിക്കാൻ പറ്റുമോ എന്ന് ചോദിക്കുന്ന ചോദ്യം ഇപ്പോഴും ഓർത്താൽ എൻറെ മനസ്സ് നോവും. അങ്ങനെയാണ് മോഹൻലാൽ ആ ചോദ്യം ചോദിച്ചിരിക്കുന്നത്. കലൂർ രാമനാഥൻ തന്നെയാണോ മരിച്ചതെന്നറിയാൻ അനുജൻ ഗോപിനാഥൻ ഹരിദാസ് എന്ന പോലീസ് ഉദ്യോഗസ്ഥനെ കാണാൻ വരുന്ന ഒരു രംഗമുണ്ട് ഭാരതത്തിൽ .ചോരയിൽ കുതിർന്ന വസ്ത്രങ്ങൾ കണ്ട് ഇതെന്റെ ചേട്ടനാണെന്ന് തിരിച്ചറിയുന്ന ഒരു രംഗം ഉണ്ട് അതിൽ. കഠിന ഹൃദയം അല്ലാത്തവർക്ക് നന്നായിട്ട് നോവും ആ സീൻ. പെയിന്റർ സത്യനാഥൻ ജയയുടെ ദുർഗതി ഓർത്ത് അവൾക്ക് താഴെയുള്ള ലതിക അവളുടെ ഇളയതിനെയും നിർദാഷിണ്യം കഴുത്തു ഞരിച്ച് കൊല്ലുന്ന സീൻ ഉണ്ടല്ലോ സദയത്തിൽ. ഇളയകുട്ടിയായി അഭിനയിച്ച ചൈതന്യ ആസ്ട്രേലിയയിലോ എവിടെയോ ഡോക്ടർാണ് . അവർ പറയുന്നത് എന്നെ കൊല്ലുന്ന സീൻ ഇപ്പോൾ ആലോചിച്ചാലും കുളിരു കോരും എന്നാണ്. അത്രയും നാൾ ഞാൻ കണ്ട ലാലേട്ടനെ അല്ല എന്നെ കൊല്ലുന്ന സീനിൽ ഞാൻ കണ്ടത്. ലാലേട്ടന്റെ കണ്ണിൽ കണ്ട ചുവപ്പും ഭാവവും അദ്ദേഹത്തിൻറെ കൺപീലി പോലും അഭിനയിക്കുകയായിരുന്നു. ഞാൻ ആകെ പേടിച്ചുപോയി അത്രയും നേരം സെറ്റിൽ എല്ലാവരും ഹാപ്പി ആയിട്ടാണ് ഇരുന്നത് .പക്ഷേ ഈ സീനിൽ ആ സെറ്റ് മുഴുവൻ ഫീൽ ആയിപ്പോയി എന്നാണ് ആ കുട്ടി പറഞ്ഞത്. ഇതൊന്നും സംവിധാനം ചെയ്ത ആളിന് ഫീൽ ചെയ്തില്ല എന്ന് തോന്നുന്നു, അദ്ദേഹത്തിന് മമ്മൂട്ടി കരയുന്നത് മാത്രമേ ഓർമ്മയുള്ളൂ .തനി ആവർത്തനം കണ്ട് കരഞ്ഞ ആളാണ് ഞാൻ. ഈ ഒരു സിനിമ മാത്രമേ സിബി മലയലിന്റെ സിനിമകളിൽ മമ്മൂട്ടിയെ വെച്ച് ചെയ്തവയിൽ എനിക്ക് പറയാനുള്ളൂ. അതിനപ്പുറം ഒന്നും സിബിമലയലിന്റെ ഒരു പടത്തിലും മ്മൂട്ടിയെ എനിക്ക് തനി ആവർത്തനത്തിലെ ബാലൻ മാഷിനെ പോലെ കാണാൻ കഴിഞ്ഞിട്ടില്ല. ദശരഥത്തിന്റെ രണ്ടാം ഭാഗം എടുക്കാൻ മോഹൻലാൽ ഡേറ്റ് തന്നില്ല എങ്കിൽ ഇപ്പോൾ ഡേറ്റ് കിട്ടാൻ എളുപ്പം മമ്മൂട്ടിയാണ് എന്നറിയുമ്പോൾ അദ്ദേഹത്തിന്റെ 75ാം വയസ്സിൽ ഇതുപോലുള്ള വിടുവായിത്തരങ്ങൾ അടിക്കേണ്ടായിരുന്നു സിബിമലയിൽ എന്നാണ് എന്റെ പക്ഷം അത് ന്യായമാവാം, അന്യായമാവാം.