ബിഗ് ബോസിലൂടെയും മിനിസ്ക്രീനിലൂടെയും പ്രേക്ഷകരുടെ ഇഷ്‌ട താരമായി മാറിയ ആളാണ് അനുമോൾ. കഴിഞ്ഞ ബിഗ് ബോസ് സീസണിൽ ശക്തമായ പോരാട്ടത്തിന് ഒടുവിലാണ് അനുമോൾ കിരീടം സ്വന്തമാക്കിയത്. അതിന് ശേഷവും സോഷ്യൽ മീഡിയയിൽ ഒന്നാകെ നിറഞ്ഞു നിന്ന ആളാണ് അനുമോൾ. പലപ്പോഴും അനുമോൾ തന്റെ കുടുംബ ജീവിതത്തെ കുറിച്ചും കരിയറിലെ സ്വപ്‌നങ്ങളെ കുറിച്ചുമൊക്കെ മനസ് തുറന്നിട്ടുണ്ട്.
ഇപ്പോഴിതാ അനുമോൾ ആരാധകർക്ക് സന്തോഷ വാർത്ത വരികയാണ്. അനുമോളുടെ വിവാഹത്തെ കുറിച്ചാണ് പുതിയ അപ്‌ഡേറ്റ് വന്നിരിക്കുന്നത്. അനുമോളുടെ അടുത്ത സുഹൃത്ത് കൂടിയായ മുൻ ബിഗ് ബോസ് മത്സരാർത്ഥിയും നടനുമായ ഷിയാസ് കരീമാണ് താരത്തിന്റെ വിവാഹത്തെ കുറിച്ചുള്ള വിവരങ്ങൾ പങ്കുവച്ചത്. ഒരു ഓൺലൈൻ ചാനലിനോട് ആയിരുന്നു ഷിയാസ് കരീം അനുമോളുടെ വിവാഹത്തെ കുറിച്ച് സംസാരിച്ചത്.
വിവാഹം ഉടനുണ്ടാകുമെന്ന സൂചനയാണ് ഷിയാസ് കരീം നൽകുന്നത്. 'കല്യാണം ഉടനെ തന്നെ ഉണ്ടാകും. സോഷ്യൽ മീഡിയയിലൂടെ എല്ലാവരും കേൾക്കുന്നതല്ലേ. എവിടെയാ വരൻ, ആരാണ് എന്നൊക്കെ അനുമോൾ പറയും. അനുമോൾ കല്യാണം കഴിക്കാൻ പോകുന്ന പയ്യനെ എനിക്കറിയാം. ഞാൻ അതിനെക്കുറിച്ച് സംസാരിക്കേണ്ട ആവശ്യം ഇല്ല. അത് അവരെ സംബന്ധിച്ചിടത്തോളം വളരെ വലിയ കാര്യമാണ്' എന്നായിരുന്നു ഷിയാസ് പ്രതികരിച്ചത്. പയ്യൻ ആരാണെന്നുള്ള കൂടുതൽ വിശദാംശങ്ങൾ പങ്കുവയ്ക്കാൻ പക്ഷേ ഷിയാസ് കരീം തയ്യാറായില്ല. 'അവർ എങ്ങനെ പരിചയപ്പെട്ടു, ചെക്കൻ ആരാണ്? പേരെന്താണ് തുടങ്ങിയ കാര്യങ്ങളൊക്കെ കല്യാണത്തിന്റെ സമയത്ത് റിവീൽ ചെയ്യുന്നതാണ് നല്ലതെന്ന് തോന്നുന്നു. അയാൾ കാണാൻ വളരെ ഭംഗിയുള്ളൊരു മനുഷ്യനാണ്. നടനല്ല, ബിസിനസുമല്ല. നിങ്ങൾക്ക് കാണുമ്പോൾ മനസിലാകും. ജോലി ചെയ്യുന്ന ഒരു മനുഷ്യനാണ്' എന്നാണ് ഷിയാസ് പറയുന്നത്. ബിഗ് ബോസിൽ വരുന്നതിന് മുൻപ് തന്നെ ഷിയാസുമായി അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്ന ആളായിരുന്നു അനുമോൾ. ഇരുവരും നേരത്തെ സ്‌റ്റാർ മാജിക് അടക്കമുള്ള പരിപാടികളിൽ ഒരുമിച്ച് പങ്കെടുത്തിരുന്നു. അതുകൊണ്ട് തന്നെ ഷിയാസുമായി സഹോദരതുല്യ ബന്ധം കൂടിയുള്ള അനുമോളുടെ വിവാഹകാര്യത്തിൽ നടൻ വെറുതെ അറിയാതെ പറയില്ലെന്നാണ് ആരാധകർ ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ വിവാഹത്തെ കുറിച്ചുള്ള വിഷയങ്ങളിൽ ഇതുവരെയും അനുമോൾ പ്രതികരിച്ചിട്ടില്ല. എന്നാൽ അടുത്തിടെ ഇക്കാര്യത്തിൽ ഒരു ആഗ്രഹം അനുമോൾ പങ്കുവച്ചിരുന്നു. നല്ലൊരു വ്യക്തിയെ കണ്ടെത്തി വിവാഹം കഴിച്ച് കുടുംബമായി ജീവിക്കാൻ തനിക്ക് വലിയ ആഗ്രഹമുണ്ടെന്നായിരുന്നു സുഹൃത്തുമായ ലക്ഷ്‌മി നക്ഷത്രയ്ക്ക് നൽകിയ അഭിമുഖത്തിൽ അനുമോൾ പറഞ്ഞത്. മുൻപ് വിവാഹം കഴിക്കാൻ പോവുന്ന ആളെ കുറിച്ചുള്ള തന്റെ സ്വപ്‌നവും കാഴ്‌ചപ്പാടും ഒക്കെ അനുമോൾ പങ്കുവച്ചിരുന്നു. എന്നാൽ ആരായിരിക്കും അനുമോളെ വിവാഹം കഴിക്കാൻ പോവുന്ന ആ ഭാഗ്യവാൻ എന്നാണ് സോഷ്യൽ മീഡിയയിൽ എങ്ങും ചർച്ച. സിനിമയിൽ നിന്നോ മറ്റോ ഉള്ള ആരെങ്കിലുമാണോ വരൻ എന്നാണ് പലരും ചോദിക്കുന്ന ചോദ്യം. എന്നാൽ ഷിയാസിന്റെ വാക്കുകളിൽ നിന്ന് അങ്ങനെയല്ലെന്നാണ് വ്യക്തമാവുന്നത്.