'അമ്മയിലെ പവര്‍ ഗ്രൂപ്പിനെ എനിക്ക് കൂടി കാണിച്ച് തരൂ, 4 സിനിമ കിട്ടുമോ നോക്കട്ടെ', പരിഹസിച്ച് നടൻ മഹേഷ്

അമ്മയില്‍ പവര്‍ ഗ്രൂപ്പ് ഉണ്ടെങ്കില്‍ അത് തനിക്ക് കൂടി ഒന്ന് കാണിച്ച് തരണമെന്ന് നടന്‍ മഹേഷ് നായര്‍. അങ്ങനെയെങ്കില്‍ അവരെ മണിയടിച്ച് തനിക്ക് നാല് സിനിമ കിട്ടുമോ എന്ന് അറിയാന്‍ വേണ്ടിയാണെന്നും സീ ന്യൂസ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ മഹേഷ് പരിഹാസ രൂപത്തില്‍ പറഞ്ഞു. അമ്മയില്‍ പവര്‍ ഗ്രൂപ്പ് ഉണ്ടെന്നുളള പ്രസിഡണ്ട് ശ്വേതാ മേനോന്റെ ആരോപണത്തിന് മറുപടിയായിട്ടാണ് മഹേഷിന്റെ പ്രതികരണം.

Advertisement

അമ്മയുടെ തലപ്പത്ത് വരാന്‍ പറ്റില്ല എന്നൊന്നും ആര്‍ക്കും പറയാന്‍ പറ്റില്ല. തിരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ചാല്‍ വരാന്‍ പറ്റും. ഇവരും എല്ലാ കാലവും നേതൃത്വത്തില്‍ നില്‍ക്കാന്‍ പോകുന്നില്ല. 3 വര്‍ഷം കഴിയുമ്പോള്‍ തിരഞ്ഞെടുപ്പിനെ നേരിടണം. അന്ന് ജയിച്ചില്ലെങ്കില്‍ ഇവരും സാധാരണ അംഗങ്ങള്‍ തന്നെയാണ്.

Advertisement

മോഹന്‍ലാലായാലും മമ്മൂട്ടി ആയാലും മഹേഷ് ആയാലും അമ്മയ്ക്ക് മക്കള്‍ തുല്യര്‍ തന്നെയാണ്. ഏതെങ്കിലും ഒരു മതിലില്‍ കൊണ്ട് പോയി ചാരുക എന്നത് പോലെയാണ് പവര്‍ ഗ്രൂപ്പ് ഉണ്ടെന്ന് പറയുന്നത്. ഇവര്‍ വഹിക്കുന്ന സ്ഥാനത്തിന്റെ വലിപ്പം മനസ്സിലാക്കി പെരുമാറുക എന്നതാണ് ചെയ്യേണ്ടത്.

ഇവരേക്കാള്‍ തിരക്കുളള സമയത്താണ് മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെ അമ്മയുടെ പ്രസിഡണ്ട് സ്ഥാനവും സെക്രട്ടറി സ്ഥാനവുമൊക്കെ വഹിച്ചിരുന്നത്. ഇന്നസെന്റ് എത്രയോ വര്‍ഷം അമ്മ പ്രസിഡണ്ടായിരുന്നു. അദ്ദേഹത്തിന് തിരക്കില്ലായിരുന്നോ. തിരക്കല്ല വിഷയം, അമ്മയുടെ കാര്യം ചെയ്യുന്നതിന് ആരും സ്വന്തം ജീവിതവുമായോ സിനിമാ ജീവിതവുമായോ കൂട്ടിക്കലര്‍ത്താറില്ല. അമ്മയ്ക്ക് വേണ്ടി ഉഴിഞ്ഞ് വെച്ചാണ് എല്ലാവരും പ്രവര്‍ത്തിച്ചിട്ടുളളത്.

Advertisement

ജഗദീഷിനെ പോലെ അനുഭവവും വിദ്യാഭ്യാസവും ഉളളവര്‍ നേതൃത്വത്തിലേക്ക് വരണം. എല്ലാവരും രാജിവെച്ച് എല്ലാം സ്ത്രീകളെ തിരഞ്ഞെടുത്തു എന്ന് പറയുമ്പോള്‍ അതില്‍ കഴിവുളളവരും ഉണ്ടാകണമായിരുന്നു. ഒരു ചെറിയ വെടിക്കെട്ടിന്റെ ശബ്ദം കേട്ടപ്പോള്‍ തന്നെ എല്ലാം ഇട്ടേച്ച് പോകുന്നവരല്ല നമുക്ക് വേണ്ടിയിരുന്നത്. അവിടെ നിന്ന് മുന്നോട്ട് നയിക്കുന്നവരെയാണ് വേണ്ടത്.

ചെറുപ്പക്കാരായ താരങ്ങളെല്ലാം തന്നെ അമ്മയില്‍ നിന്ന് മാറി നില്‍ക്കുകയാണ്. ഷൂട്ടിംഗ് ഉണ്ടെന്ന് പറഞ്ഞ് മാറുന്നു. പണ്ടൊക്കെ അമ്മ യോഗമുളള സമയം സിനിമ ഷൂട്ടിംഗ് പോലും വെക്കില്ല. ചെറുപ്പക്കാര്‍ വേറെ സംഘടനയെ കുറിച്ചൊന്നും ചിന്തിക്കരുത്, മഹേഷ് പറഞ്ഞു.