കൊച്ചി: താരസംഘടനയായ അമ്മയിലെ പ്രതിസന്ധി രൂക്ഷമാകുന്നു.ശ്വേതാ മേനോന്റെ നേതൃത്വത്തിലുളള ഭരണസമിതിയോ അഡ്‌ഹോക്ക് കമ്മിറ്റിയോ പ്രവര്‍ത്തിക്കുന്നില്ലതാണ് അമ്മയിലെ പ്രതിസന്ധി തുടരാനുളള കാരണം. അഡ്‌ഹോക്ക് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം കോടതി ഉത്തരവിന് പിന്നാലെ നേരത്തെ രമേഷ് പിഷാരടി രാജി വെച്ചിരുന്നു.
അതിന് ശേഷം അഡ്‌ഹോക്ക് കമ്മിറ്റിയുടെ പ്രവര്‍ത്തനം തടയണം എന്നാവശ്യപ്പെട്ട് ശ്വേതാ മേനോന്‍ കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുകയാണ്. അഡ്‌ഹോക്ക് കമ്മിറ്റി എന്നൊന്ന് അമ്മ ബൈലോയില്‍ ഇല്ലെന്നും അതുകൊണ്ട് തന്നെ ഈ കമ്മിറ്റിക്ക് നിയമസാധുത ഇല്ലെന്നുമാണ് ശ്വേത ഉയര്‍ത്തുന്ന വാദം. കേസില്‍ കക്ഷി ചേരാന്‍ അന്‍സിബ ഹസനും ഹര്‍ജി നല്‍കിയിട്ടുണ്ട്.
ഹര്‍ജി ഈ മാസം 27ന് പരിഗണിക്കാനായി എറണാകുളം മുന്‍സിഫ് കോടതി മാറ്റിയിരിക്കുകയാണ്. സാമ്പത്തിക ക്രമക്കേട് അടക്കം ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെയാണ് താനും ഭരണസമിതിയും രാജി വെക്കുന്നതായി ശ്വേതാ മേനോന്‍ പ്രഖ്യാപിച്ചിരുന്നത്. അമ്മ അംഗത്വവും രാജി വെക്കുന്നതായി ശ്വേത വ്യക്തമാക്കിയിരുന്നു. എന്നാല്‍ പിന്നീട് ശ്വേത നിലപാട് മാറ്റി.
നിരപരാധിത്വം തെളിയിക്കാതെ രാജിയില്ലെന്നാണ് ശ്വേതയുടെ പുതിയ നിലപാട്. ഭരണസമിതി രാജി പ്രഖ്യാപിച്ചതിന് പിന്നാലെ ആയിരുന്നു രമേഷ് പിഷാരടിയെ കണ്‍വീനറാക്കി അമ്മ അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിച്ചത്. അവശകലാകാരന്മാര്‍ക്കുളള കൈനീട്ടം, സഞ്ജീവനി പോലുളള പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ട് പോകുന്നത് അടക്കമുളള കാര്യങ്ങള്‍ക്കായിരുന്നു കമ്മിറ്റി രൂപീകരിച്ചത്. എന്നാല്‍ ഇതിനെ ചോദ്യം ചെയ്ത് ശ്വേത കോടതിയെ സമീപിക്കുകയായിരുന്നു. കോടതിയില്‍ നിന്ന് അനുകൂലമായ വിധി ലഭിച്ചിട്ടും ശ്വേത മേനോന്‍ ഇതുവരെ അമ്മ ഓഫീസിലേക്ക് വന്നിട്ടില്ലെന്നാണ് വിവരം. നിലവില്‍ ഭരണസമിതിയോ അഡ്‌ഹോക്ക് കമ്മിറ്റിയോ ഇല്ലാതെ പ്രതിസന്ധിയിലാണ് അമ്മ സംഘടന. പഴയ ഭരണസമിതിയില്‍ നിന്ന് അന്‍സിബ മുതല്‍ ലക്ഷ്മി പ്രിയയും ജോയ് മാത്യുവും അടക്കമുളളവര്‍ രാജി വെച്ചിരുന്നു. അഡ്‌ഹോക്ക് കമ്മിറ്റി നിലവില്‍ എന്ത് ചെയ്യണമെന്ന ആശയക്കുഴപ്പത്തിലുമാണ്. എത്രയും വേഗം ജനറല്‍ ബോഡി വിളിച്ച് ചേര്‍ത്ത് പുതിയ ഭരണസമിതിയെ തിരഞ്ഞെടുക്കണം എന്നാണ് അംഗങ്ങളില്‍ പലരും ആവശ്യപ്പെടുന്നത്.