സുരേഷ് ഗോപി പരാതി നല്‍കി; അത് വ്യാജ കാസ്റ്റിങ് കാള്‍, മൊബൈല്‍ നമ്പറിന് പിന്നാലെ പോലീസ്

തൃശൂര്‍: കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ പേരില്‍ വ്യാജ കാസ്റ്റിങ് കാള്‍. തൃശൂര്‍ സൈബര്‍ പോലീസില്‍ പരാതി നല്‍കി അദ്ദേഹം. ഓണ്‍ലൈനില്‍ പ്രചാരണം ശ്രദ്ധയില്‍പ്പെട്ടതോടെ സുരേഷ് ഗോപി പോലീസിനെ സമീപിക്കുകയായിരുന്നു എന്ന് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു. ജൂലൈ 14ന് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. നടന്റെ പേരും ചിത്രവും ഉപയോഗിച്ചാണ് വ്യാജ കാസ്റ്റിങ് കാള്‍.

Advertisement

സിനിമയില്‍ അഭനയിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ ഈ നമ്പറിലേക്ക് അയക്കണം എന്ന പേരില്‍ ഒരു മൊബൈല്‍ നമ്പറും നല്‍കിയിട്ടുണ്ട്. ജൂലൈ 15, 16 തിയ്യതികളില്‍ ആയിരിക്കും ഇന്റര്‍വ്യൂ എന്നും അതില്‍ പറയുന്നുണ്ടെന്ന് പോലീസ് വിശദീകരിച്ചു. ഭാരതീയ ന്യായ സംഹിതയുടെ വിവിധ വകുപ്പുകളും ഐടി ആക്ടും പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നീങ്ങുന്നത്.

Advertisement

അതേസമയം, സുരേഷ് ഗോപിയുടെ പുതിയ സിനിമ ചിത്രീകരണത്തിന് ഒരുങ്ങുന്നുണ്ട്. ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ് നിര്‍മാണം. ഈ സിനിമയിലേക്കുള്ള ഔദ്യോഗിക കാസ്റ്റിങ് കാള്‍ ദിവസങ്ങള്‍ക്ക് മുമ്പ് സുരേഷ് ഗോപി തന്റെ സോഷ്യല്‍ പേജുകളില്‍ പങ്കുവച്ചിരുന്നു. ജൂലൈ 13നാണ് ഈ കുറിപ്പ് സുരേഷ് ഗോപിയുടെ പേജിലുള്ളത്. ഇതിനേക്കാള്‍ മുമ്പ് വ്യാജ കാസ്റ്റിങ് കാള്‍ പ്രചരിച്ചിരുന്നു.

സുരേഷ് ഗോപിയുടെ കാമ്പസ് ചിത്രമാണ് വരാന്‍ പോകുന്നത്. പോലീസ്, ആക്ഷന്‍ വേഷങ്ങളില്‍ പതിവായി കണ്ടിട്ടുള്ള സുരേഷ് ഗോപി വ്യത്യസ്ത റോളിലാണ് ചിത്രത്തില്‍ എത്താന്‍ പോകുന്നത് എന്നാണ് വിവരം. ഗരുഡന്‍ എന്ന ചിത്രത്തിന് ശേഷം ലിസ്റ്റിന്‍ സ്റ്റീഫനുമായി സുരേഷ് ഗോപി ഒന്നിക്കുന്നു എന്നതാണ് പുതിയ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. ഈ ചിത്രത്തിലേത്ത് പുതുമുഖ നായികമാരെ തേടിയിരുന്നു.

Advertisement

സുരേഷ് ഗോപിയുടെ ഫേസ്ബുക്ക് പേജില്‍ ജൂലൈ 13 വന്ന കുറിപ്പ് വായിക്കാം: "ഗരുഡൻ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ലിസ്റ്റിൻ സ്റ്റീഫനുമായി ചേർന്ന് ഒരുങ്ങുന്ന പുതിയ ചിത്രത്തിലേക്ക് പുതുമുഖ നായികമാരെ തേടുന്നു!
അഭിനയ മോഹമുള്ള, 16-25 വയസ്സ് പ്രായം തോന്നിക്കുന്ന പെൺകുട്ടികൾക്ക് മുന്‍ഗണന.

ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് South Indian Film Academy (SIFA)-യിൽ ഓഡിഷൻ ഉണ്ടായിരിക്കുന്നതാണ്. താല്പര്യമുള്ളവർ നിങ്ങളുടെ പ്രൊഫൈൽ +91 9074570573 എന്ന നമ്പറിലേക്ക് അയക്കുക. അവസാന തീയതി: 15-08-2026. നിങ്ങളുടെ സ്വപ്നങ്ങൾക്ക് ചിറകു മുളയ്ക്കട്ടെ. കാത്തിരിക്കുന്നു!''