''ദിലീപും മഞ്ജുവും എത്തിയതോടെ ജനം ഇളകി, ബാരിക്കേഡുകൾ പൊട്ടിച്ചു, കാര്യങ്ങൾ കൈവിട്ട് പോയി''

മലയാളികൾ സ്വന്തം വീട്ടിലുളള ഒരാളപ്പോലെ സ്നേഹിച്ച നടനായിരുന്നു കലാഭവൻ മണി. മലയാളത്തിലും തമിഴിലുമൊക്കെ തിളങ്ങി നിൽക്കുമ്പോഴും താരജാഡകളൊന്നും ഇല്ലാതെ ഒരു സാധാരണ നാട്ടുമ്പുറത്തുകാരനായി ജീവിച്ച മണി. അതുകൊണ്ട് തന്നെ മണിയുടെ മരണം മലയാളികൾക്ക് വ്യക്തപരമായ നഷ്ടമായിരുന്നു.

Advertisement

കലാഭവൻ മണിയുടെ വിവാഹം 27 വർഷങ്ങൾക്ക് മുൻപ് വലിയ ആഘോഷമായിട്ടാണ് ചാലക്കുടിയിൽ വെച്ച് നടന്നത്. ആ ദിവസത്തെ ഓർമ്മകൾ സഫാരി ടിവിക്ക് നൽകിയ അഭിമുഖത്തിൽ മണിയുടെ സഹോദരനും നർത്തകനുമായ ഡോ. ആർഎൽവി രാമകൃഷ്ണൻ പങ്കുവെയ്ക്കുന്നു. അന്നത്തെ ദിവസം ചില കാര്യങ്ങൾ കയ്യിൽ നിന്ന് പോയെന്ന് രാമകൃഷ്ണൻ പറയുന്നു.

Advertisement

ആർഎൽവി രാമകൃഷ്ണന്റെ വാക്കുകൾ: '' കല്യാണം നടന്നത് ചാലക്കുടിയിലെ കോസ്‌മോസ് ഓഡിറ്റോറിയത്തില്‍ വെച്ചായിരുന്നു. ഞാന്‍ തന്നെയാണ് പലയിടങ്ങളിലും പോയി കല്യാണമൊക്കെ ക്ഷണിച്ചത്. ഒരുപാട് പേര്‍ കല്യാണത്തിന് വന്ന്. കല്യാണം നടത്തിയാല്‍ മാത്രം പോരല്ലോ സദ്യയും ഉണ്ടല്ലോ. അന്ന് ദിലീപേട്ടന്റേയും മഞ്ജുവിന്റേയും വിവാഹം കഴിഞ്ഞ് നില്‍ക്കുന്ന ഒരു സമയമായിരുന്നു.

അവരെ കൂടാതെ സുരേഷ് ഗോപി, ദിവ്യാ ഉണ്ണി അങ്ങനെ കല്യാണത്തിന് വരാത്ത താരങ്ങളില്ല. താരങ്ങളെ കണ്ടതോടെ ആളുകള്‍ ഇളകി. ബാരിക്കേഡുകള്‍ കെട്ടിയിട്ടുണ്ടായിരുന്നു. ദിലീപിനേയും മഞ്ജു വാര്യരേയും കണ്ടതോടെ ബാരിക്കേഡുകളൊക്കെ പൊട്ടിച്ച് ജനങ്ങളായ ജനങ്ങളൊക്കെ കല്യാണം നടക്കുന്ന ഓഡിറ്റോറിയത്തിലേക്ക് കയറി.

Advertisement

അതോടെ സദ്യ വിളമ്പുന്നതും എല്ലാ കാര്യങ്ങളും കൈവിട്ട് പോയി. ചേട്ടന്‍ മണവാളനാണല്ലോ. അല്ലെങ്കില്‍ എല്ലാ കാര്യങ്ങള്‍ക്കും ചേട്ടന്‍ ഇടപെടുന്ന ആളാണ്. മണവാളനായി വേദിയില്‍ നില്‍ക്കുമ്പോള്‍ അദ്ദേഹത്തിന് ഇറങ്ങി ഒന്നും ചെയ്യാന്‍ പറ്റില്ല. കാര്യങ്ങള്‍ കൈവിട്ടതോടെ ഞാന്‍ അവിടെ നിന്ന് മാറി സ്‌റ്റേജിന് പിറകില്‍ പോയിരിക്കേണ്ട ഗതികേടിലായി.

കാരണം വിളിച്ചതും വിളിക്കാത്തതുമായ ആളുകള്‍ ഉണ്ടായിരുന്നു. അതിന് കുറ്റം പറയാനും പറ്റില്ല. കാരണം എല്ലാവരും അദ്ദേഹത്തെ സ്‌നേഹിക്കുന്ന ആളുകളാണ്. പക്ഷേ ഭക്ഷണം കൊടുക്കുന്ന കാര്യത്തിലാണ് പ്രശ്‌നമാണ്.അക്കാര്യത്തില്‍ ചേട്ടന്‍ നിര്‍ബന്ധമുളള ആളാണ്. എന്ത് വിശേഷ ദിവസം ഉണ്ടായാലും ആളുകള്‍ക്ക് ഭക്ഷണം വെച്ച് കൊടുക്കുന്ന ഒരാളാണ്. ഭക്ഷണക്കാര്യം അന്ന് ആകെ പാളിപ്പോയി. രാത്രി 7 മണി വരെയൊക്കെ ഭക്ഷണം നീണ്ടു.

Advertisement

ചേട്ടന്‍ പറഞ്ഞത് ഭക്ഷണം കഴിഞ്ഞെങ്കില്‍ ഉടനെ വേഗം തയ്യാറാക്കി കൊടുക്കണം എന്ന്. ഏത് സമയത്ത് ആയാലും ആളുകളെ തൃപ്തിപ്പെടുത്തണം എന്ന് കരുതുന്ന ആളായിരുന്നു അദ്ദേഹം. അത് കലയുടെ രൂപത്തിലായാലും സ്‌നേഹത്തിന്റെ കാര്യത്തിലായാലും ഭക്ഷണം കൊടുക്കുന്ന കാര്യത്തിലായാലും ഒക്കെ ചേട്ടന്റെ കയ്യൊപ്പ് പതിഞ്ഞിട്ടുളള ജീവിതമായിരുന്നു''.