'വിസ്‌മയയുടെ സിനിമയെ തകർക്കാമെന്നുള്ളത് വെറും വ്യാമോഹം, അവർ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു'; ആലപ്പി അഷ്‌റഫ്

കഴിഞ്ഞ ദിവസമാണ് മോഹൻലാലിന്റെ മകൾ വിസ്‌മയയുടെ ആദ്യ ചിത്രം റിലീസ് ചെയ്‌തത്‌. സിജെപി പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ ഒരു വിഭാഗം ആളുകൾ വിസ്‌മയക്ക് എതിരെ രൂക്ഷമായി പ്രതികരിച്ചിരുന്നു. ഇപ്പോഴിതാ വിസ്‌മയയുടെ ചിത്രത്തെ കുറിച്ചും അവർ നേരിടേണ്ടി വന്ന എതിർപ്പുകളെ കുറിച്ചും തുറന്ന് പറയുകയാണ് സംവിധായകൻ കൂടിയായ ആലപ്പി അഷ്‌റഫ്.

Advertisement

ആലപ്പി അഷ്റഫിന്റെ വാക്കുകൾ

മലയാള സിനിമാ ചരിത്രത്തിൽ ഒരു പുതുമുഖ നായിക ഇത്രയധികം സൈബർ ആക്രമണത്തിന് പാത്രമാകേണ്ടി വന്നത് ഇതാദ്യമായാണ്. അതും ചിത്രം പുറത്തിറങ്ങുന്നതിന് മുൻപ്. ഇതിന് വഴിവെച്ചത് തന്റെ ഒരു അഭിപ്രായം തുറന്നു പറഞ്ഞു എന്നതാണ്. ജന്തർ മന്തറിൽ നടന്ന സർക്കാർ വിരുദ്ധ വിദ്യാർത്ഥി സമരത്തിൽ പ്രതിഷേധിച്ചവരെ അടിച്ചമർത്താൻ ഡൽഹി പോലീസ് നടത്തിയ നടപടികളെ അപലപിച്ചുകൊണ്ടുള്ള വിസ്‌മയയുടെ ഇൻസ്‌റ്റഗ്രാം പോസ്‌റ്റാണ് ഇതിന് കാരണമായത്.

Advertisement

ജനാധിപത്യ രാജ്യത്തിൽ ചോദ്യം ചെയ്യാനും ശബ്‌ദമുയർത്താനും അവകാശമുണ്ട്. ചോദ്യം ചെയ്യുന്ന പൗരന്മാരെ നേരിടേണ്ടത് ഇങ്ങനെയല്ലായിരുന്നു എന്നതാണ് വിസ്‌മയ പറഞ്ഞിരുന്നത്. വിസ്‌മയ നായികയായി അഭിനയിക്കുന്നു എന്ന വാർത്ത ആദ്യം പുറത്തുവന്നപ്പോൾ അവർക്ക് ആശംസകളും അഭിനന്ദനങ്ങളുമായി സോഷ്യൽ മീഡിയ നിറയുകയായിരുന്നു. എന്നാൽ സ്വതന്ത്രമായ ഒരു അഭിപ്രായം സത്യസന്ധമായി പറഞ്ഞതിന്റെ പേരിൽ അവരെ പാടിപ്പുകഴ്ത്തിയവർ തന്നെ അവർക്ക് നേരെ ബോഡി ഷെയ്‌മിങ് ഉൾപ്പെടെയുള്ള ആക്ഷേപങ്ങൾ ഉയർത്തി കല്ലെറിയുകയാണ് ഉണ്ടായത്.

അവർ അഭിനയിച്ച പടം കാണില്ല, അവരുടെ തുടക്കം ഒടുക്കമാക്കും, അവരെ സിനിമാ ലോകത്ത് നിന്ന് തന്നെ നിഷ്‌കാസനം ചെയ്യും എന്നൊക്കെ ഭീഷണി ഉയർത്തിയിരുന്നു. എന്നാൽ ഇന്നലെ ചിത്രം തിയേറ്ററുകളിൽ തുടക്കം കുറിച്ചിരിക്കുകയാണ്. എന്നാൽ ചിലരൊക്കെ പറഞ്ഞതുപോലെ ഒടുങ്ങാനും ഒതുങ്ങാനുമുള്ള തുടക്കമല്ല. തുടരാനുള്ള തുടക്കമാണ് എന്ന് തെളിയിച്ചിരിക്കുകയാണ് വിസ്‌മയ മോഹൻലാലും ആശിഷും. ഇന്നലെ രാവിലെ ഞാൻ തിരുവനന്തപുരത്ത് പെരിങ്ങമലയിലുള്ള അശ്വതി തിയേറ്ററിൽ നിന്നും തുടക്കമെന്ന ചിത്രത്തിന്റെ ആദ്യ ഷോ രാവിലെ 9:30ക്ക് തന്നെ കാണുകയുണ്ടായി.

Advertisement

മനസിൽ വലിയ പ്രതീക്ഷകൾ ഒന്നും വെച്ച് പുലർത്താതെയാണ് ഞാൻ ഈ ചിത്രം കാണാൻ തിയേറ്ററിൽ എത്തിയത്. എന്നാൽ പടം കണ്ടിറങ്ങിയപ്പോൾ മനസിൽ വിസ്‌മയയുടെയും ജോ ആന്റണിയുടെയും മുഖങ്ങൾ നിറഞ്ഞുനിന്നു. ഈ ചിത്രത്തിൽ വിസ്‌മയക്ക് ഏറ്റവും അനുയോജ്യമായ ഒരു കഥാപാത്രത്തെയാണ് ലഭിച്ചിരിക്കുന്നത്. ആ കഥാപാത്രത്തോട് വിസ്‌മയ 100% നീതി പുലർത്തിയിട്ടുണ്ടെന്ന് തന്നെ പറയാം.

ആദ്യമായി അഭിനയ രംഗത്തേക്ക് എത്തിയ ഒരു പുതുമുഖ നായികയായി നമുക്ക് തോന്നുകയേ ഇല്ല. മനസിൽ രാഷ്ട്രീയ പകയോടെ നോക്കി കാണുന്നവർക്ക് ചിലപ്പോൾ എന്തെങ്കിലുമൊക്കെ കുറ്റവും കുറവും ഒക്കെ കണ്ടുപിടിക്കാൻ കഴിഞ്ഞേക്കും. അങ്ങനെ ഒരു നിരൂപണം നടത്തി പടത്തിനെ തകർക്കാമെന്ന് വിചാരിച്ചാൽ അത് വെറും വ്യാമോഹം മാത്രമായി മാറാനാണ് സാധ്യത. ഈ ചിത്രം കേരളത്തിലെ ഓരോ പെൺകുട്ടികളും സ്ത്രീകളും കണ്ടിരിക്കേണ്ട ചിത്രമാണ്.

Advertisement

പടം കാണാൻ ഞങ്ങളോടൊപ്പം വന്ന എന്റെ സുഹൃത്തിന്റെ ഭാര്യ പടം കഴിഞ്ഞിറങ്ങിയപ്പോൾ സുഹൃത്തിനോട് പറയുന്നത് കേട്ടു, ഇനിയുള്ള കാലം പെൺകുട്ടികളെ ഭരതനാട്യമോ കുച്ചിപ്പുടിയോ ഒന്നും പഠിപ്പിച്ചിട്ട് കാര്യമില്ല. ഇതേപോലെ കാരാട്ടയും കുംഫുവും എല്ലാം പഠിപ്പിക്കുന്നതാണ് നല്ലതെന്ന്. തന്നെ പിന്തുടർന്ന് ഇല്ലാതാക്കാൻ ശ്രമിക്കുന്ന ക്രിമിനലിനെതിരെ തീർക്കുന്ന പ്രതിരോധങ്ങൾ ശ്വാസം അടക്കി കണ്ടിരിക്കുന്നവർക്ക് ആശ്ചര്യം ജനിപ്പിക്കുന്നതാണ്.

വളരെ തന്മയത്വത്തോടുകൂടിയാണ് വിസ്‌മയ തന്റെ കഥാപാത്രത്തെ കൈകാര്യം ചെയ്‌തിരിക്കുന്നത്. ഇനി ആന്റണി പെരുമ്പാവൂരിന്റെ പകൽ ആശിഷ് ജോയുടെ അഭിനയത്തെക്കുറിച്ച് പറയുകയാണെങ്കിൽ ആ പയ്യന്റെ അഭിനയത്തെക്കുറിച്ച് പ്രതീക്ഷയുടെ ഒരു കണിക പോലും മനസിൽ ഉണ്ടായിരുന്നില്ല. തന്റെ പിതാവ് നിർമ്മിക്കുന്ന ചിത്രത്തിൽ അതിന്റെ ആഗ്രഹത്തിനുവേണ്ടി ഒരു വേഷം ചെയ്യിക്കുന്നു എന്നതായിരുന്നു മനസ്സിലുണ്ടായിരുന്നത്.

Advertisement

എന്നാൽ പ്രതീക്ഷകളെ അസ്ഥാനത്താക്കി കൊണ്ടാണ് ഈ പടത്തിൽ അയാൾ അഭിനയം കാഴ്‌ചവെച്ചതും അയാളുടെ കഥാപാത്രത്തിന് ജീവൻ നൽകിയതും. ശരിക്കും ഈ പയ്യൻ ഒരു ബോൺ ക്രിമിനൽ ആണോ എന്ന് തോന്നിപ്പോകും വിധമായിരുന്നു അയാളുടെ അഭിനയം. അക്ഷരാർത്ഥത്തിൽ ആന്റണിയുടെ മകൻ നമ്മളെയൊക്കെ ഞെട്ടിച്ചു കളഞ്ഞു. പൊതുവേ പുതുമുഖങ്ങളായി എത്തുന്ന നടി നടന്മാർക്ക് പ്രോത്സാഹനം കൊടുത്ത് അവരെ ഉയർത്തി കാണിക്കുക എന്നത് സാധാരണ കീഴ്വഴക്കമാണ്.

എന്നാൽ ഇവിടെ അതിന്റെ ഒന്നും ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. തഴക്കവും പഴക്കവുമുള്ള അഭിനേതാക്കളെ പോലെയാണ് വിസ്‌മയയും ജോയും തുടക്കത്തിൽ തുടക്കം കുറിച്ചിരിക്കുന്നത്. ഒരു മണിക്കൂറും 10 മിനിറ്റും ദൈർഘ്യമുള്ള ഫസ്‌റ്റ് ഹാഫിന്റെ തുടക്കത്തിൽ അൽപം ലാഗ് ഫീൽ ചെയ്‌തുവെങ്കിലും അത് പെട്ടെന്ന് തന്നെ മാറി ചിത്രം മറ്റൊരു തലത്തിലേക്ക് എത്തുകയാണ് ഉണ്ടായത്.

Advertisement

ഫസ്‌റ്റ് ഹാഫ് മുഴുവനും പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ പിടിച്ചിരുത്തുന്നതായിരുന്നു. എന്നാൽ സെക്കൻഡ് ഹാഫ് ശ്വാസം അടക്കി കണ്ടിരുന്നുപോകും. സാധാരണ നായികാ സങ്കൽപത്തിൽ നിന്നും വ്യത്യസ്‌തമായി പ്രണയമോ അടിപൊളി ഡാൻസുകളോ ഒന്നുമില്ലാതെ കായികമായ ചെറുത്തുനിൽപ്പിലൂടെയാണ് വിസ്‌മയ ചിത്രത്തിൽ നിറഞ്ഞുനിൽക്കുന്നത്.

വിസ്‌മയയയുടെ കഥാപാത്രത്തിന് വെളിച്ചവും ശക്തിയും ഊർജ്ജവും പകർന്നു നൽകുവാൻ തന്റെ ഗുരുവായി ചിത്രത്തിൽ എത്തുന്നത് പിതാവായ മോഹൻലാൽ തന്നെയാണ്. മോഹൻലാലിന്റെ പടം വരുന്നത് കഥയുടെ ഗതിയെ തന്നെ മാറ്റുന്നതും കൂടുതൽ ഉണർവ് പകർന്നേകുന്നതുമാണ്. ഗസ്‌റ്റ് റോളിൽ പ്രത്യക്ഷപ്പെടുന്ന മോഹൻലാലിനും ഇതിലൊരു മുഴുനീള ഫൈറ്റ് രംഗമുണ്ട്. അതൊരുപക്ഷേ ലാൽ ഫാൻസിന് സന്തോഷമേകാനായിരിക്കും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

വിസ്‌മയയുടെ പിതാവായി എത്തുന്നത് സായികുമാറും പോലീസ് ഓഫീസറായി എത്തുന്നത് മനോജ് കെ ജയനുമാണ്. അവരുടെ അഭിനയം മിക്കവനെക്കുറിച്ച് ഒന്നും തന്നെ പറയേണ്ടതില്ലല്ലോ. മറ്റുള്ള കഥാപാത്രങ്ങൾ ഒക്കെ തന്നെ അവരവരുടെ ഭാഗങ്ങൾ ഭംഗിയായി തന്നെ കൈകാര്യം ചെയ്‌തിട്ടുണ്ട്. ഇതിനിടെ ആന്റണി പെരുമ്പാവൂരും എല്ലാ ചിത്രങ്ങളിലും വരുന്നതുപോലെ എത്തിനോക്കിയിട്ട് പോകുന്നുണ്ട്.

തന്റെ മകളുടെ ആഗ്രഹ സഫലീകരണത്തിനായി ആ ചുമതല മോഹൻലാൽ വിശ്വാസപൂർവ്വം സംവിധായകൻ ജൂഡ് ആന്റണിയെ ഏൽപ്പിക്കുകയാണ് ഉണ്ടായത്. ഈ ചിത്രത്തിന്റെ പ്രമോഷന് വേണ്ടി മോഹൻലാലും തന്റെ ഭാര്യ സുചിത്രയും മകളോടൊപ്പം നിരവധി ചാനലുകളിൽ പ്രത്യക്ഷപ്പെടുകയുണ്ടായി. അതിനെതിരെയും സൈബർ പോരാളികൾ ആക്ഷേപ വർഷങ്ങൾ ചൊരിഞ്ഞു കൊണ്ടെത്തി. അവർ ചോദിക്കുന്നു, നാണമില്ലേ മകളെയും പിടിച്ചുകൊണ്ട് ചാനലായ ചാനലുകളൊക്കെ കയറി ഇറങ്ങാനെന്ന്.

ദേശവിരുദ്ധർക്ക് ഓശാന പാടിയവളെയും കൊണ്ട് നടന്നാൽ പടം വിജയിക്കുമോ? ഇത് ഞങ്ങൾ പൊട്ടിച്ചു കയ്യിൽ തരും. ഇത് മാത്രമല്ല, വിസ്‌മയയുടെ ഭാഷ, ശരീരപ്രകൃതി, പ്രായവും സംസാരശൈലിയും ഒക്കെ അതിരൂക്ഷമായ വിമർശനങ്ങൾക്ക് പാത്രമാക്കി. സോഷ്യൽ മീഡിയ ആക്രമണത്തിനെതിരെ ലാൽ പറഞ്ഞ വാക്കുകൾ വളരെ ശ്രദ്ധേയമാണ്. സോഷ്യൽ മീഡിയയെ പേടിച്ച് എല്ലാ കാലവും ജീവിക്കാൻ കഴിയില്ല. വിമർശനവും അധിക്ഷേപവും ഉണ്ടാകാതിരിക്കണമെങ്കിൽ ഈ മേഖലയിലേക്ക് വരാതിരിക്കുന്നതാണ് നല്ലത്. ലാൽ പറയുന്നു, എന്റെ മകളുടെ സിനിമ എന്ന പേരിൽ പ്രത്യേക പരിഗണന നിങ്ങൾ കൊടുക്കണ്ട.

തുടക്കം എന്ന ചിത്രത്തെ പുതുമുഖ അഭിനേതാവിന്റെ ചിത്രമായി നിങ്ങൾ കണ്ടാൽ മതി. ഒരുപക്ഷേ ലാൽ പോലും വിചാരിച്ചിട്ടുണ്ടാകില്ല ഈ സിനിമ ഇത്ര വലിയ വിജയത്തിലേക്ക് എത്തുമെന്ന്. ഈ സിനിമ കണ്ടിറങ്ങിയപ്പോൾ ഒരു കാര്യം ബോധ്യപ്പെട്ടു. ഇതിൽ പുതുമുഖ നടി നടന്മാർ അഭിനയിച്ചു എന്ന ഒരു ഫീലിങ്ങേ നമുക്കുണ്ടാകില്ല. നമുക്കൊക്കെ കുടുംബസമേതം കണ്ടിരിക്കാവുന്ന നല്ലൊരു ചിത്രമാണ് ജൂഡ് ആന്റണി എന്ന സംവിധായകൻ ഒരുക്കിയിരിക്കുന്നത്. കൂടാതെ വിസ്‌മയ മോഹൻലാലും ആശിഷ് ജോയും മലയാള സിനിമയിൽ തങ്ങളുടേതായ ഒരു സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു.