'തിലകനെ പുകച്ചു പുറത്തുചാടിച്ച ചിലർ അമ്മയിലുണ്ട്, അദ്ദേഹത്തിന്റെ ശാപവും കണ്ണീരും സംഘടനയെ വേട്ടയാടും'; ജയശങ്കർ

അമ്മ സംഘടനയിലെ ഭിന്നതകൾ ഇതുവരെയും പരിഹരിക്കപ്പെട്ടിട്ടില്ല. ഭാരവാഹികളും അംഗങ്ങളും തമ്മിലുള്ള തർക്കം കോടതി കയറിയതോടെ അമ്മ ഒന്നാകെ വെട്ടിലായിരിക്കുകയാണ്. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിക്കുകയാണ് അഡ്വ. എ ജയശങ്കർ. തിലകൻ, മാള അരവിന്ദൻ, ക്യാപ്റ്റൻ രാജു തുടങ്ങിയവരുടെ ശാപമാണ് അമ്മ സംഘടനയെ വേട്ടയാടുന്നതെന്ന് അദ്ദേഹം ആക്‌സ് ന്യൂസ് യൂട്യൂബിൽ പങ്കുവച്ച വീഡിയോയിൽ പറയുന്നു.

Advertisement

അഡ്വ. എ ജയശങ്കറിന്റെ വാക്കുകൾ

Advertisement

അമ്മ സംഘടനയിലെ കാര്യങ്ങൾ കേൾക്കുമ്പോൾ സത്യത്തിൽ എനിക്ക് ചിരിയാണോ കരച്ചിലാണോ വരുന്നതെന്ന് അറിയില്ല. അമ്മ സംഘടന എന്ന് പറയുന്നത് എഎംഎംഎ എന്നാണ് ചുരുക്കത്തിൽ അറിയപ്പെടുന്നത്. ഈ സംഘടന മലയാളത്തിലെ സിനിമാ താരങ്ങളുടെ സേവന-വേതന വ്യവസ്ഥകൾ മെച്ചപ്പെടുത്താൻ വേണ്ടി ഉണ്ടാക്കിയതാണ് എന്നാണ് സങ്കൽപ്പം. ഒരുപാട് പണമൊക്കെ അതിന് വേണ്ടി പിരിക്കുകയും ചെയ്‌തിരുന്നു.

ഉദാര മനസ്‌കരരായ താരങ്ങളിൽ പലരും ഇതിന് കൈയയഴിച്ച് സഹായിച്ചു. അതിന് ശേഷം ട്വന്റി-20 എന്ന സിനിമ പിടിക്കുകയും ചെയ്‌തു. അങ്ങനെ പല പരിപാടികളും നടത്തി, അല്ലാതെ പല സോഴ്‌സിൽ നിന്നും പണം വന്നിരുന്നു. പൈസയൊക്കെ ആയി കഴിഞ്ഞപ്പോൾ അതിന്റെ പ്രസിഡന്റും സെക്രട്ടറിയും ഒക്കെയാവാൻ ഭയങ്കര തിരക്കായി.

Advertisement

വളരെക്കാലം നമ്മുടെ ഇന്നസെന്റ് ചേട്ടനായിരുന്നു നമ്മുടെ പ്രസിഡന്റ്. പിന്നെ ഇടവേള ബാബു എന്ന് പറയുന്ന, സിനിമയിൽ നിന്ന് വളരെക്കാലമായി ഇടവേള എടുത്ത് നിൽക്കുന്ന, പ്രത്യേകിച്ച് അഭിനയം ഒന്നും ഇല്ലാത്ത ചേട്ടനായിരുന്നു അതിന്റെ സെക്രട്ടറി. രണ്ട് പേരും ഇരിങ്ങാലക്കുടക്കാർ ആയിരുന്നതിനാൽ അവർ തമ്മിൽ ഒരു പ്രശ്‌നവും ഇല്ലാതെയങ്ങ് പോയി. അമ്മയുടെ പ്രസിഡന്റ് ആയിരിക്കുമ്പോഴാണ് ഇന്നസെന്റ് ചാലക്കുടിയിൽ നിന്ന് മത്സരിക്കുന്നതും ജയിച്ച് പാർലമെന്റിൽ എത്തിയതും.

അന്ന് അദ്ദേഹം ഞങ്ങളുടെ നാട്ടിലൊക്കെ വന്നപ്പോൾ പറഞ്ഞ ഒരു കാര്യം, ഞാൻ അമ്മയുടെ പ്രസിഡന്റ് ആണ് അല്ലാതെ അമ്മയുടെ നായരല്ല എന്നായിരുന്നു. ഏതായാലും അമ്മയുടെ നായർ ആയിരുന്നോ, അമ്മയുടെ മാപ്പിള ആയിരുന്നോ എന്നൊന്നും നമുക്ക് അറിയില്ല. പുള്ളി അമ്മയുടെ പ്രസിഡന്റ് ആയിരുന്നു, ചാലക്കുടിയിൽ നിന്നുള്ള എംപിയും ആയിരുന്നു. അതിനിടയിൽ മറ്റൊരു പ്രസിഡന്റ് വന്നു.

Advertisement

നടിയെ തട്ടിക്കൊണ്ട് പോയ കേസും വന്നു. അന്ന് വീരശൂര പരാക്രമികളായ അമ്മയിലെ അംഗങ്ങളിൽ അധികം പേരും, ഏതാണ്ട് 95 ശതമാനം പേരും സിനിമാ നടൻ ദിലീപിന്റെ കൂടെയാണ് നിന്നത്. എല്ലാവരും നിന്നിട്ടുണ്ടെന്നല്ല. ദിലീപിനെ ഇവർക്ക് എന്തോ പേടിയാണ്, അതുകൊണ്ടാവും. വേറെ പ്രശ്‌നം ഒന്നും ഉണ്ടായിട്ടില്ല. അങ്ങനെ ഏറ്റവും ഒടുവിൽ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേതാ മേനോൻ വരുന്നു, കുക്കു പരമേശ്വരൻ വരുന്നു.

സ്ത്രീ ശാക്തീകരണമാണ് വന്നത്, അത് കരുതി നമ്മളൊക്കെ സന്തോഷിക്കുന്നു, തുള്ളിച്ചാടുന്നു. ഇപ്പോഴിതാ ആറേഴ് മാസത്തിനുള്ളിൽ അടിപിടിയിലും വാക്ക് തർക്കത്തിലും ചെന്ന് അവസാനിച്ചിരിക്കുന്നു. ഇപ്പോൾ സാമുദായികപരമായ ആരോപണങ്ങളാണ് ഉയരുന്നത്, ഒരു ഭാഗത്ത് ബിജെപി, മറ്റൊരു ഭാഗത്ത് പോപ്പുലർ ഫ്രണ്ട്. ഒരു ഭാഗത്ത് ജമാ അത്തെ ഇസ്ലാമി, കമ്മ്യുണിസ്‌റ്റ് പാർട്ടി എന്നിവരും.

Advertisement

കോടതിയിൽ കേസ് കൊടുക്കുന്നു, എന്തിന് പറയുന്നു അമ്മയ്ക്ക് പുരുഷന്മാർ പ്രസിഡന്റ് ആയ കാലത്ത് ഇങ്ങനെ പ്രശ്‌നം ഉണ്ടായിരുന്നില്ല. മലയാളത്തിലെ മഹാനടനായ തിലകൻ ചേട്ടനെ പുകച്ചു പുറത്തുചാടിച്ച ചിലർ അമ്മയിലുണ്ട്. തിലകനെ തൃശൂർ ജില്ലയിലെ ഒരു സ്ഥലത്ത് വച്ച് സ്വീകരണം കൊടുത്തു. അന്ന് ഞാനാണ് പരിപാടി ഉദ്‌ഘാടനം ചെയ്‌തത്‌.

തിലകൻ ചേട്ടന്റെ കണ്ണീർ, അദ്ദേഹത്തിന്റെ ഉള്ളിൽ നിന്ന് വന്ന ശാപവാക്കുകൾ, അതുപോലെ പാവപ്പെട്ട മാള അരവിന്ദൻ, ആർക്കും ഒരു ഉപദ്രവവും ചെയ്യാത്ത ക്യാപ്റ്റൻ രാജു, ഇവരുടെയൊക്കെ കണ്ണീരും ശാപവുമാണ് അമ്മ സംഘടനയെ ഗ്രസിച്ചിട്ടുള്ളത്. രാഷ്ട്രീയ നേതാക്കന്മാരെ പേടിക്കാത്ത ഞാനിനി സിനിമാ നടന്മാരെ പേടിക്കേണ്ട കാര്യമില്ല.