എന്റെ കൊച്ച്, എന്റെ ടിക്കറ്റ്.. അവനെ ഞാൻ വെട്ടും കൊലയും പച്ചത്തെറിയും കാണിച്ചേ വളർത്തൂ, രൂക്ഷ വിമർശനം

ഗീതു മോഹൻദാസ് സംവിധാനം ചെയ്ത യാഷ് ചിത്രം ടോക്സികിന് നിരവധി നെഗറ്റീവ് റിവ്യൂകളാണ് ലഭിക്കും. വയലൻസിന്റെയും ലൈംഗികതയുടേയും അതിപ്രസരം ചിത്രത്തിലുണ്ട് എന്നാണ് തിയറ്റർ വിട്ടിറങ്ങുന്ന പ്രേക്ഷകർ പറയുന്നത്. അതുകൊണ്ട് തന്നെ ചിത്രം പ്രായപൂർത്തിയായവർക്ക് വേണ്ടി മാത്രമുളളതാണ്.

Advertisement

എന്നാൽ എ സർട്ടിഫിക്കറ്റ് കിട്ടിയ ഈ സിനിമയ്ക്ക് കുട്ടികളേയും കൊണ്ട് വരുന്നവരെ തിയറ്ററുകളിൽ കാണാം. ഇത്തരം മാതാപിതാക്കളെ രൂക്ഷമായി വിമർശിച്ച് രംഗത്ത് വന്നിരിക്കുകയാണ് നടി സരിത ബാലകൃഷ്ണൻ.

Advertisement

സരിത ബാലകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ്: "സിനിമയുടെ പേര് മാത്രമല്ല 'Toxic', അതിലും മാരകമായ ടോക്സിസിറ്റി ആ തിയേറ്ററിലെ മുൻനിരയിൽ സ്വന്തം കുഞ്ഞുങ്ങളുടെ കൈയും പിടിച്ച് ഇരിപ്പുറപ്പിച്ചിട്ടുണ്ട്!" കുഞ്ഞിന് പാലു കൊടുക്കാൻ മറന്നാലും കുഴപ്പമില്ല, 'A' സർട്ടിഫിക്കറ്റ് പടത്തിലെ വെടിവപ്പ് സീൻ മിസ്സാക്കരുത്!" ​നഴ്സറി സ്കൂളിൽ ചേർക്കാൻ പ്രായം തികഞ്ഞില്ലെന്ന് പറഞ്ഞ് കരയുന്ന മാതാപിതാക്കൾ, 18+ സിനിമയ്ക്ക് 4 വയസ്സുകാരന്റെ കൈയും പിടിച്ച് ഒന്നാം നിരയിൽ തന്നെ ടിക്കറ്റെടുത്ത് ഇരിപ്പുറപ്പിക്കും. ഭാവിയിൽ കുട്ടി ഒരു 'അധോലോക നായകനായി' സമൂഹത്തിന് ഉപകാരപ്പെടണ്ടേ!

സ്ക്രീനിൽ കാണിക്കുന്ന അക്രമവും വെട്ടും കൊലയും സ്ത്രീവിരുദ്ധതയുമൊക്കെ ഫിക്ഷനാണ്, ഒരു സിനിമയാണ്. അത് മുതിർന്നവർക്ക് മാത്രമുള്ളതാണെന്ന് ​സിനിമയിലെ നായകൻ തന്നെ കൈകൂപ്പി പറഞ്ഞു- "ഇത് കുട്ടികൾക്കുള്ളതല്ല, അവരെയും കൊണ്ട് തീയേറ്ററിലേക്ക് വരരുത്" എന്ന്. പക്ഷേ നമ്മുടെ ചില 'വിവേകശാലികളായ' മാതാപിതാക്കൾ വിടുമോ? "എന്റെ കൊച്ച്, എന്റെ ടിക്കറ്റ്... അവനെ ഞാൻ വെട്ടും കൊലയും പച്ചത്തെറിയും കാണിച്ചേ വളർത്തൂ" എന്ന അന്ധമായ അഹങ്കാരം!

Advertisement

​കാർട്ടൂണും കളികളും കണ്ട് ചിരിച്ചുല്ലസിക്കേണ്ട പ്രായത്തിലാണ്, സ്ക്രീനിൽ ചോര ചീറ്റുന്നതും സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങളും കണ്ട് ഇവർ പോപ്കോൺ ചവച്ചിരിക്കുന്നത്. ശരിയും തെറ്റും തിരിച്ചറിയാൻ പ്രായമാകാത്ത തലച്ചോറുകളിലേക്ക് ഈ അക്രമവാസന കുത്തിവെച്ചു കൊടുത്തിട്ട്, നാളെ അവൻ സ്വന്തം അച്ഛന്റെയും അമ്മയുടെയും നെഞ്ചത്തോട്ട് കത്തിയും തോക്കുമെടുക്കുമ്പോൾ "അയ്യോ, എന്റെ കൊച്ച് പാവമായിരുന്നു... കൂട്ടുകെട്ട് ചീത്തയായതാ" എന്ന് പറഞ്ഞ് നെഞ്ചത്തടിച്ച് കരയാൻ ഇപ്പോഴേ പ്രാക്ടീസ് ചെയ്തു വെച്ചോളൂ.

​ഇതിലൊക്കെ വലിയ തമാശ തിയേറ്ററുകാരുടെയും സർക്കാരിന്റെയുമാണ്. സെൻസർ ബോർഡ് നൽകുന്ന 'Adults Only' സർട്ടിഫിക്കറ്റ് വെറുമൊരു അലങ്കാര ബോർഡാണോ? ടിക്കറ്റ് വിറ്റുകിട്ടുന്ന കാശും സർക്കാരിന് കിട്ടുന്ന നികുതിയും മാത്രമാണ് ലക്ഷ്യമെങ്കിൽ, കുട്ടി കുറ്റവാളികളെ വാർത്തെടുക്കുന്ന ഈ പ്രക്രിയയിൽ നിങ്ങളും ഒന്നാം പ്രതികളാണ്. തിയേറ്ററുകളിൽ കൃത്യമായ പ്രായപരിശോധന നടത്താൻ എന്തിനാണ് ഇത്ര മടി?
​നിങ്ങൾ ടിക്കറ്റെടുത്ത് കൊണ്ടുപോകുന്നത് നിങ്ങളുടെ വീട്ടിലെ നാല് ചുവരിനുള്ളിൽ മാത്രം ഒതുങ്ങേണ്ട വസ്തുക്കളെയല്ല, നാളെ ഞങ്ങൾ കൂടി ജീവിക്കുന്ന സമൂഹത്തിലേക്ക് ഇറങ്ങേണ്ട തലമുറയെയാണ്.

Advertisement

​വകതിരിവും ഉത്തരവാദിത്തവുമില്ലാതെ വളർത്താൻ ഇറങ്ങിത്തിരിക്കുന്നവർ ദയവുചെയ്ത് പേരന്റിംഗ് എന്ന വാക്കിനെ അപമാനിക്കരുത്. നല്ലൊരു മനുഷ്യനായി കുട്ടികളെ വളർത്താൻ ശേഷിയില്ലെങ്കിൽ, സമൂഹത്തിന് തലവേദനയാകുന്ന ക്രിമിനലുകളെ സമ്മാനിക്കാതിരിക്കുക! ​തിയേറ്ററിലെ സ്ക്രീൻ ഓഫായാൽ സിനിമയിലെ 'Toxic' കഴിയും. പക്ഷേ ഈ അപ്പനും അമ്മയും കൂടി പിഞ്ചുമനസ്സുകളിലേക്ക് കുത്തിവെക്കുന്ന 'ടോക്സിസിറ്റി'ക്ക് കാലം കഴിഞ്ഞാലും ഒരു ആന്റിഡോട്ടും ഉണ്ടാവില്ല!