വിജയും ഭാര്യ സംഗീതയും തമ്മിലുള്ള വിവാഹമോചന കേസ് ചൂടുപിടിക്കുന്നതിനെയാണ് മകൻ ജേസൺ സഞ്ജയ് തന്റെ സർനെയിമിൽ നിന്ന് വിജയ്‌യുടെ പേര് നീക്കം ചെയ്തെന്ന റിപ്പോർട്ടുകൾ പുറത്തുവന്നത്. ഇതോടെ വിജയിയുടെ മക്കൾ സംഗീതയ്ക്കൊപ്പമാണെന്നും അച്ഛനൊപ്പം അല്ലെന്നുമൊക്കെയുള്ള വ്യാഖ്യാനങ്ങൾ വന്നു. വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോഴും ജേസണോ സഹോദരിയോ ആ ചടങ്ങിൻ്റെ ഭാഗമായിരുന്നില്ല. ഇതും പലതരത്തിലുള്ള അഭ്യൂഹങ്ങൾക്ക് വഴിവെച്ചു. എന്നാൽ ഇതാ ഇത്തരം അഭ്യൂഹങ്ങളെല്ലാം തള്ളുകയാണ് ജേസണ്‍. പിതാവ് മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിനെ കുറിച്ചും അച്ഛൻ തന്നെ ഉപദേശത്തെ കുറിച്ചുമെല്ലാം ജേസണ്‍ സഞ്ജയ് മനസ് തുറന്നു. ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിലാണ് താരത്തിൻ്റെ പ്രതികരണം. വായിക്കാം
'ചരിത്രപരമായ വിപ്ലവത്തിനാണ് ഇപ്പോൾ തമിഴ്നാട് സാക്ഷ്യം വഹിച്ചത്. എന്നെ സംബന്ധിച്ചായാലും സഹോദരിയെ സംബന്ധിച്ചായാലും എൻ്റെ കുടുംബാംഗങ്ങളെ സംബന്ധിച്ചായാലും ഈ സമയം എന്നത് വളരെ അധികം ഉത്തരവാദിത്തതോടെ ഇടപെടേണ്ട സമയമാണ്. ഈ പാരമ്പര്യം ഞങ്ങൾ മുറുകെ പിടിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. അതീവ ശ്രദ്ധയോടും പക്വതയോടും കൂടി വേണം കാര്യങ്ങളെ ഞങ്ങൾ കൈകാര്യം ചെയ്യേണ്ടതെന്ന് അറിയാം. ഇപ്പോഴത്തെ സാഹചര്യം അത് ആവശ്യപ്പെടുന്നുണ്ട്.
അച്ഛൻ തന്നെ ഉപദേശം എനിക്ക് വലിയ പ്രചോദനമാണ്. കാരണം എൻ്റേതായ ഒരു പേരും വ്യക്തിത്വവുമെല്ലാം വളർത്തിയെടുക്കണം എന്നാണ് അദ്ദേഹം എന്നെ ഉപദേശിച്ചിട്ടുള്ളത്. അത് തന്നെയായിരുന്നു എൻ്റെ ആഗ്രഹവും. അതായത് ഞങ്ങൾ ഒരേ 'വേവ് ലെങ്ത്' ആണ് ഇക്കാര്യത്തിൽ പുലർത്തിയിരുന്നത്. എന്ത് സഹായം വേണമെങ്കിലും നിനക്ക് എപ്പോൾ വേണമെങ്കിലും എന്നെ സമീപിക്കാം എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. പക്ഷെ ഒരിക്കലും സഹായം വേണോയെന്ന് ചോദിച്ച് എൻ്റെയടുത്തേക്ക് വരില്ലെന്നും നീ അതിന് മുൻകൈയെടുക്കണമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. കാരണം എനിക്ക് കുറെ അനുഭവങ്ങൾ ഉണ്ടാകണമെന്നും അതിൽ നിന്ന് പാഠം പഠിക്കണമെന്നും അദ്ദേഹം ആഗ്രഹിക്കുന്നുണ്ട്. അതിനെല്ലാം ഞാൻ അദ്ദേഹത്തോടും എൻ്റെ അമ്മയോടുമൊക്കെ നന്ദിയുള്ളവരായിരിക്കും', ജേസണ്‍ പറഞ്ഞു. തൻ്റെ സഹോദരിയുമായുള്ള ആത്മബന്ധത്തെ കുറിച്ചും അഭിമുഖത്തിൽ സഞ്ജയ് സംസാരിച്ചു. 'ചെറുപ്പത്തിലൊക്കെ സഹോദരിയുമായി എന്നും തല്ലുകൂടുമായിരുന്നു. എന്നാൽ പഠിക്കാനൊക്കെ ആയി മറ്റൊരു നാട്ടിലേക്ക് പോയതോടെ മാറി. ഇപ്പോൾ അവൾ പുറത്ത് പഠിക്കുകയാണ്. ഞാൻ ഇവിടേയും. അങ്ങനെ മാറി താമസിക്കാൻ തുടങ്ങിയപ്പോൾ തന്നെ ഞങ്ങൾ വളരെ അടുത്തു. ഇടക്കിടെ വീഡിയോ കോൾ ചെയ്യുകയും സംസാരിക്കുകയും ചെയ്യും. മാത്രമല്ല അവളും സിനിമയോട് വളരെ അധികം താത്പര്യമുള്ളയാളാണ്. എൻ്റെ സിനിമയുടെ ഔട്ട്ലൈൻ ആദ്യം പറഞ്ഞത് പോലും അവളോടാണ്. പ്രതികരണങ്ങളിലെല്ലാം സുതാര്യത പുലർത്തുന്ന ആളാണ്. അവൾ പറയുന്നതൊക്കെ അതുകൊണ്ട് ഞാൻ കേൾക്കും. ചെറുപ്പത്തിൽ തല്ലികൂടിയതിൽ ഇപ്പോൾ കുറ്റബോധമുണ്ട്. കുടുംബത്തെ കുറിച്ചും എൻ്റെ സിനിമയെ കുറിച്ചുമെല്ലാം സോഷ്യൽ മീഡിയയിൽ വരുന്ന കമൻ്റുകൾ ഞാൻ വായിക്കാറുണ്ട്. ഓരോ കമൻ്റിനും ഓരോ ഉദ്ദേശം കാണും. ചിലരുടേത് എന്നെ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യം വെച്ചായിരിക്കും. അവരിടെ ക്രീയാത്മക വിമർശനങ്ങളെ ഞാൻ ഉൾക്കൊള്ളും. ചിലർ നമ്മൾ എന്താണെന്ന് അറിയാതെ പ്രതികരിക്കുന്നവരുണ്ടാകും. ഇതൊന്നും നമ്മുടെ കൈയിൽ അല്ലല്ലോ. അവർ പറയട്ടെ. നാളെ ഒരു അവസരം വന്നാൽ ആളുകൾക്ക് എന്നെ മനസിലാകും. ഇതെല്ലാം തകർക്കണമെന്നോ മറ്റെന്തെങ്കിലും വ്യാഖ്യാനങ്ങൾ ഉണ്ടാക്കണമെന്നോ ഞാൻ ആഗ്രഹിക്കുന്നില്ല. ഞാൻ ഞാനായിരുന്നാൽ ആളുകൾക്ക് അത് മനസിലാകും', വിജയ് സഞ്ജയ് പറഞ്ഞു.