നടി ലക്ഷ്മിപ്രിയ ഒരു യൂട്യൂബ് ചാനലിലൂടെ തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചെന്ന പരാതിയിൽ കേസെടുക്കാൻ കഴിയില്ലെന്ന പാലാരിവട്ടം പൊലീസ് അറിയിച്ചതിന് പിന്നാലെ കടുത്ത ഭാഷയിൽ പ്രതികരിച്ച് നടി അൻസിബ ഹസൻ രംഗത്ത്. തന്നെ പരമാവധി അപമാനിക്കാൻ ശ്രമിച്ചവർക്കെതിരെ നിയമപരമായി മുന്നോട്ട് പോകുമെന്നും നീതിക്കായി ഏതറ്റം വരെ പോകാനും താൻ മടിക്കില്ലെന്നും താരം വ്യക്തമാക്കി. സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, കേരള പൊലീസ് മേധാവി എന്നിവരുടെ ഔദ്യോഗിക പേജുകൾ ടാഗ് ചെയ്തുകൊണ്ടാണ് അൻസിബ തന്റെ പ്രതിഷേധം അറിയിച്ചത്.
ഒരു പ്രമുഖ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിനിടയിലാണ് ലക്ഷ്മിപ്രിയ അൻസിബയ്ക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചത്. ഇതിനെതിരെ അൻസിബ പൊലീസിനെ സമീപിച്ചെങ്കിലും, വീഡിയോ പരിശോധിച്ചതിൽ നിന്നും ഇത് കേവലം ഒരു മാനനഷ്ടക്കേസ് മാത്രമായിട്ടേ കാണാൻ കഴിയൂ എന്നും മറ്റ് കുറ്റങ്ങളൊന്നും നടന്നിട്ടില്ലെന്നുമാണ് പാലാരിവട്ടം പൊലീസ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നത്. ബിഎൻഎസ്എസ് വകുപ്പ് 222(1) പ്രകാരം പൊലീസിന് ഇതിൽ നേരിട്ട് നടപടിയെടുക്കാൻ സാധിക്കില്ലെന്നും അവർ അൻസിബയെ അറിയിച്ചു.
ഇതിനൊപ്പം, അൻസിബയുടെ പരാതികൾക്ക് പിന്നാലെ നടക്കലല്ല കേരള പൊലീസിന്റെ ജോലിയെന്ന് സർക്കാർ കോടതിയിൽ വ്യക്തമാക്കിയതായും അറിയാൻ കഴിഞ്ഞിട്ടുണ്ടെന്ന് അൻസിബ ഫേസ്ബുക്കിൽ കുറിച്ചു. സ്ത്രീത്വത്തെ അപമാനിക്കുന്നതിനെ ഏത് തുലാസിലാണ് അധികാരികൾ അളക്കുന്നതെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട നടി, ഈ അപമാനം കാണുന്നവർക്ക് ഇത് വലിയൊരു പ്രശ്നമായി തോന്നുന്നില്ലെങ്കിൽ താൻ ക്ഷമ ചോദിക്കുന്നുവെന്നും പറയുന്നു. വേട്ടക്കാർ അരികിലേക്ക് എത്തുന്നതുവരെ എല്ലാവരും സുരക്ഷിതരാണല്ലോ എന്നും താരം കുറ്റപ്പെടുത്തി. കേസിൽ പൊലീസ് കാര്യക്ഷമമായ അന്വേഷണം നടത്തുന്നില്ലെന്ന് ചൂണ്ടിക്കാട്ടി അൻസിബ നേരത്തെ തന്നെ കോടതിയെ സമീപിച്ചിരുന്നു. മുൻപ് വലിയ വാർത്തയായ ഹിൽ പാലസ് കേസിലും കടവന്ത്ര കേസിലും പൊലീസ് ആദ്യം ഇതേ നിസ്സംഗമായ നിലപാടാണ് സ്വീകരിച്ചിരുന്നതെന്ന് അൻസിബ ഓർമ്മിപ്പിച്ചു. എന്നാൽ ഒടുവിൽ ജനമധ്യത്തിൽ നാണം കെട്ടാണ് പൊലീസിന് അവിടെയൊക്കെ നീതി നടപ്പാക്കേണ്ടി വന്നത്. ഈ കേസിലും അതിൽ നിന്നും വ്യത്യസ്തമായി ഒന്നും സംഭവിക്കാൻ പോകുന്നില്ലെന്നും ഭരണകൂടത്തിന്റെ സകല ശക്തിയും ഉപയോഗിച്ച് ഈ കേസിനെ ഒതുക്കാൻ നോക്കിയാലും അതിനെയെല്ലാം അതിജീവിച്ച് തന്റെ സ്ത്രീത്വവും നീതിയും തലയുയർത്തിപ്പിടിച്ചു നിൽക്കുക തന്നെ ചെയ്യുമെന്ന് അൻസിബ വ്യക്തമാക്കി.