ചെന്നൈ: മകനും പ്രതിപക്ഷ നേതാവുമായ ഉദയനിധി സ്റ്റാലിന്റെ അറസ്റ്റിന് പിന്നാലെ മുഖ്യമന്ത്രി വിജയെ കടന്നാക്രമിച്ച് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എംകെ സ്റ്റാലിന്‍. വിജയേയും നടി തൃഷ കൃഷ്ണനേയും ചേര്‍ത്ത് അധിക്ഷേപ പരാമര്‍ശം നടത്തിയതിന് പിന്നാലെയാണ് ഇന്ന് രാവിലെ ഉദയനിധിയെ പോലീസ് വീട്ടിലെത്തി കസ്റ്റഡിയിലെടുത്തത്.
മദ്രാസ് ഹൈക്കോടതി ഉത്തരവിന് പിന്നാലെ ചോദ്യം ചെയ്ത ശേഷം ഉദയനിധിയെ വൈകിട്ടോടെ പോലീസ് വിട്ടയച്ചു. കാവേരി വിഷയത്തില്‍ തമിഴ്‌നാടിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ട വിജയ് വിഷയത്തില്‍ നിന്ന് ശ്രദ്ധ മാറ്റാന്‍ വേണ്ടിയാണ് പോലീസിനെ ഉപയോഗിച്ചുളള നീക്കമെന്ന് എംകെ സ്റ്റാലിന്‍ കുറ്റപ്പെടുത്തി. ഡമ്മി മുഖ്യമന്ത്രിയെന്നും റീല്‍സ് ഉണ്ടാക്കുക മാത്രമാണ് വിജയ് ചെയ്യുന്നതെന്നും സ്റ്റാലിന്‍ തുറന്നടിച്ചു.
അഹങ്കാരം സര്‍വ്വനാശത്തിലേക്ക് നയിക്കുമെന്നും വിജയ്ക്ക് സ്റ്റാലിന്‍ മുന്നറിയിപ്പ് നല്‍കി. ഈ ഡമ്മി മുഖ്യമന്ത്രിക്ക് കാവേരിയില്‍ നിന്ന് വെള്ളം കൊണ്ടുവരാന്‍ സാധിക്കില്ല, മാത്രമല്ല മേക്കേദാട്ടു ഡാം നിര്‍മ്മാണം തടയാനുളള ഒരു ഇടപെടലും നടത്താന്‍ സാധിക്കുന്നില്ലെന്നും സ്റ്റാലിന്‍ കുറ്റപ്പെടുത്തി. സംസ്ഥാനത്തെ കര്‍ഷകര്‍ പ്രതിസന്ധിയിലായിരിക്കുന്ന സമയത്ത് ടിവികെ മന്ത്രിമാര്‍ വിജയുടെ ജനനായകന്‍ സിനിമ കണ്ട് കണ്ണീര്‍ പൊഴിക്കുകയായിരുന്നു. തമിഴ്‌നാട്ടിലേത് ഒരു ജോക്കര്‍ മന്ത്രിസഭയാണെന്നും സ്റ്റാലിന്‍ ആരോപിച്ചു.