അഭിജീത് ദിപ്‌കെയുടെ പിതാവിന്റെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണം; സിജെപിക്ക് എതിരെയും പരാതി

ന്യൂഡൽഹി: കോക്രോച്ച് ജനത പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദിപ്‌കെയുടെ പിതാവിന്റെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി. സൂറത്ത് സ്വദേശിയും വിവരാവകാശ പ്രവർത്തകനുമായ അമിത് തിവാരിയാണ് പരാതി നൽകിയത്. മഹാരാഷ്ട്ര സർക്കാരിലെ വിരമിച്ച ജീവനക്കാരനായിരുന്ന ദിപ്‌കെയുടെ പിതാവ്, മകന്റെ വിദേശപഠനത്തിനുള്ള ചെലവ് എങ്ങനെ കണ്ടെത്തിയെന്നത് പരിശോധിക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.

Advertisement

ഇതോടൊപ്പം, സിജെപി പ്രവർത്തകർക്കെതിരായ പോലീസ് കേസുകളിൽ നിയമസഹായം നൽകുന്നതിനായി മുതിർന്ന അഭിഭാഷകനും രാജ്യസഭാ എംപിയുമായ കപിൽ സിബൽ പ്രഖ്യാപിച്ച ഒരു കോടി രൂപയുടെ നിയമസഹായ ഫണ്ടും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് അമിത് തിവാരി തിരഞ്ഞെടുപ്പ് കമ്മീഷനും ആദായനികുതി, നികുതി വകുപ്പുകൾക്കും ഉൾപ്പെടെ കത്തയച്ചു.

Advertisement

അഭിജീത് ദിപ്‌കെയുടെ പിതാവായ ഭഗവാൻറാവു ദിപ്‌കെ വിരമിച്ച സർക്കാർ ജീവനക്കാരനായ സാഹചര്യത്തിൽ, കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതിയും വിദേശപഠനത്തിനായി ചെലവഴിച്ച തുകയും പരിശോധിക്കണമെന്ന് അമിത് തിവാരി ആവശ്യപ്പെട്ടു. ഇതിലൂടെ ഫണ്ടിന്റെ ഉറവിടം സംബന്ധിച്ച് വ്യക്തത വരുത്തണമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.

കൂടാതെ കോക്രോച്ച് ജനത പാർട്ടി തിരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്‌റ്റർ ചെയ്‌ത രാഷ്ട്രീയ പാർട്ടിയാണോ എന്നതും പരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജനപ്രതിനിധിത്വ നിയമം, 1951-ലെ സെക്ഷൻ 29A പ്രകാരം രജിസ്‌റ്റർ ചെയ്യാത്ത ഒരു സംഘടന രാഷ്ട്രീയ പാർട്ടി എന്ന പേരിൽ പ്രവർത്തിക്കുകയും ഫണ്ട് സ്വീകരിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ അതിന്റെ നിയമസാധുത പരിശോധിക്കേണ്ടതുണ്ടെന്നാണ് അദ്ദേഹത്തിന്റെ വാദം.

Advertisement

കൂടാതെ, കപിൽ സിബൽ പ്രഖ്യാപിച്ച ഒരു കോടി രൂപയുടെ നിയമസഹായ ഫണ്ടിന് ജിഎസ്‌ടി ബാധകമാണോയെന്നും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര പരോക്ഷ നികുതി-കസ്‌റ്റംസ് ബോർഡിനും അമിത് തിവാരി പരാതി നൽകിയിട്ടുണ്ട്. സിജെപി സമരം മൂലം ധർമ്മേന്ദ്ര പ്രധാൻ രാജിവച്ച് രണ്ടാഴ്‌ച പിന്നിടുന്ന വേളയിലാണ് ഈ നീക്കം.

അതിനിടെ ഡൽഹി പൊലീസിന്റെ കേസുകൾ നേരിടുന്ന നീറ്റ് ചോദ്യപേപ്പർ ചോർച്ച വിവാദവുമായി ബന്ധപ്പെട്ട പ്രതിഷേധക്കാർക്ക് നിയമസഹായം നൽകുന്നതിനായി സിജെപി രൂപീകരിച്ച ഫണ്ടിലേക്ക് ഒരു കോടി രൂപ നൽകുമെന്ന് കപിൽ സിബൽ നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതിലും അമിത് തിവാരി പരിശോധന തേടിയിട്ടുണ്ട്. എന്നാൽ ഈ പരാതികളിൽ അന്വേഷണം ആരംഭിച്ചതായി ഇതുവരെ സ്ഥിരീകരണം വന്നിട്ടില്ല.