ജന്തർ മന്തറിലെ കോക്റോച്ച് ജനത പാർട്ടി (സിജെപി) പ്രതിഷേധത്തിനിടെ പരിക്കേറ്റ ദില്ലി പോലീസ് ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളുടെ ആരോപണങ്ങൾക്ക് മറുപടിയുമായി സിജെപി സ്ഥാപകൻ അഭിജിത്ത് ദീപ്കെ. പോലീസുകാരെ ആക്രമിച്ചത് ബിജെപി ഗുണ്ടകളാണെന്നും വിദ്യാർത്ഥി സമരം അക്രമാസക്തമാക്കാൻ കൃത്യമായ ഗൂഢാലോചന നടന്നുവെന്നും അഭിജിത്ത് പറഞ്ഞു. എഎൻഐയോടായിരുന്നു അഭിജിത്തിൻ്റെ പ്രതികരണം.
'പോലീസുകാരെ ആക്രമിച്ചത് ബിജെപി ഗുണ്ടകളാണ്. സമരം തുടങ്ങിയ ആദ്യ ദിവസം തന്നെ ഇക്കാര്യം ഞാൻ പറഞ്ഞതാണ്. വിദ്യാർത്ഥി പ്രതിഷേധം അലങ്കോലപ്പെടുത്താനുള്ള ശ്രമങ്ങൾ അവർ നടത്തുമെന്ന് ഞാൻ വ്യക്തമാക്കിയിരുന്നു. അത് അവർ അതുപോലെ ചെയ്തു', ദീപ്കെ പറഞ്ഞു. ആക്രമണത്തിനിടെ പോലീസുകാർക്ക് പരിക്കേറ്റ സംഭവത്തിൽ അതീവ ദുഃഖമുണ്ടെന്നും ദീപ്കെ പറഞ്ഞു.
'സമരത്തിൽ നുഴഞ്ഞുകയറി അക്രമം നടത്തിയവർ തന്നെ പോലീസുകാരേയും ആക്രിച്ചുവെന്നതിൽ അതിയായ ദുഃഖമുണ്ട്. പോലീസുകാരെ ആ രീതയിൽ കൈകാര്യം ചെയ്തതിൽ ഞങ്ങൾക്കും വേദനയുണ്ട്. എന്നാൽ പോലീസുകാർ അതിക്രൂരമായി തല്ലിച്ചതിച്ച വിദ്യാർത്ഥികളുടെ കാര്യമോ? അവരുടെ കുടുംബത്തിൻ്റെ അവസ്ഥയോ?', ദീപ്കെ ചോദിച്ചു. സിജെപി പ്രതിഷേധത്തിനിടെ പരിക്കേറ്റ ദില്ലി പൊലീസ് ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങൾ വാർത്താസമ്മേളനം നടത്തി ഇന്ന് പ്രതികരിച്ചിരുന്നു. ഉദ്യോഗസ്ഥരുടെ മക്കളും ഭാര്യമാരും ഉൾപ്പെടെ ആണ് മാധ്യമങ്ങൾക്ക് മുന്നിൽ എത്തിയത്.ദില്ലി പോലീസ് സബ് ഇൻസ്പെക്ടറായ തൻ്റെ പിതാവിനെ ആൾക്കൂട്ടം ആക്രമിക്കുകയായിരുന്നുവെന്നാണ് ഒരു പെണ്‍കുട്ടി പറഞ്ഞത്. പരിക്കേറ്റ് ഭർത്താവ് വീട്ടിലേക്ക് മടങ്ങിവന്നത് തനിക്കും രണ്ട് വയസ്സുള്ള മകൾക്കും വളരെ അധികം ആഘാതവുമുണ്ടാക്കിയെന്നായിരുന്നു ദില്ലി പോലീസ് അസിസ്റ്റന്റ് കമ്മീഷണറുടെ ഭാര്യയുടെ പ്രതികരണം. സമാധാനപരമായി പ്രതിഷധിക്കാൻ സമരക്കാരോട് പല ആവർത്തി പോലീസ് പറഞ്ഞു. എന്നാൽ ചെരിപ്പുകളും കല്ലുകളും കുപ്പികളുമൊക്കെ അവർ പോലീസുകാർക്കെതിരെ എറിഞ്ഞു. പോലീസുകാർ എന്ന് പറഞ്ഞാൽ യൂനിഫോം മാത്രമല്ല, ഓരോ പോലീസുകാരൻ്റേയും കാക്കിക്ക് പിന്നിൽ ഒരു കുടുംബമുണ്ട്, ഭാര്യയും മക്കളും മാതാപിതാക്കളുമൊക്കെ ഉണ്ട്. ജനങ്ങൾ ഇനിയെങ്കിലും ഇതൊക്കെ മനസിലാക്കണം', കുടുംബാംഗങ്ങൾ പറഞ്ഞു. പരിക്കേറ്റ പോലീസുകാരുടെ ദൃശ്യങ്ങളടക്കം പത്രസമ്മേളനത്തിനിടെ കൂടുംബാംഗങ്ങൾ പ്രദർശിപ്പിച്ചു. അക്രമത്തിൽ 250ലധികം പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായും 110ലധികം ബാരിക്കേഡുകൾ, 300 ബോഡി പ്രൊട്ടക്ടറുകൾ, 350 ഹെൽമറ്റുകൾ, 20 ലൗഡ്‌ഹെയ്‌ലറുകൾ , 10 ഹാൻഡ് ഹെൽഡ് മെറ്റൽ ഡിറ്റക്ടറുകൾ, ഒരു എക്‌സ്റേ ബാഗേജ് സ്‌കാനർ എന്നിവയെല്ലാം തകർന്നതായും കുടുംബാംഗങ്ങൾ പ്രസൻ്റേഷനിൽ വിശദീകരിച്ചു.