നടി കോയല്‍ മല്ലിക് കാലുമാറി; 3 മാസം പിന്നിടുമ്പോള്‍ രാജ്യസഭാ അംഗത്വം രാജിവെച്ചു, ആളൊഴിഞ്ഞ് മമത


ന്യൂഡല്‍ഹി: മമത ബാനര്‍ജി നേതൃത്വം നല്‍കുന്ന തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് എംപിമാര്‍ ഓരോരുത്തരായി രാജിവെക്കുകയാണ്. ലോക്‌സഭാ എംപിമാര്‍ കൂട്ടത്തോടെ മറ്റൊരു പാര്‍ട്ടിയില്‍ ലയിച്ച പിന്നാലെയാണ് രാജ്യസഭാ അംഗങ്ങള്‍ രാജിവെക്കാന്‍ തുടങ്ങിയത്. നേരത്തെ മൂന്ന് അംഗങ്ങള്‍ രാജി പ്രഖ്യാപിച്ച് ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഇവര്‍ ബിജെപി ടിക്കറ്റില്‍ മല്‍സരിക്കുകയാണ്. അതിനിടെയാണ് ഇന്ന് മറ്റൊരു എംപി രാജിവെച്ചത്.

Advertisement

നടിയും രാഷ്ട്രീയ നേതാവുമായ കോയല്‍ മല്ലിക് ആണ് ഇന്ന് രാജ്യസഭാ അംഗത്വം രാജിവെച്ചത്. കഴിഞ്ഞ ഏപ്രില്‍ ആറിനാണ് ഇവരെ തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭയിലേക്ക് നിര്‍ദേശിച്ചത്. മൂന്ന് മാസം പിന്നിടുമ്പോള്‍ രാജി പ്രഖ്യാപിച്ചു. രാജ്യസഭാ ചെയര്‍മാന്‍ സിപി രാധാകൃഷ്ണന് അവര്‍ രാജിക്കത്ത് നല്‍കി. എത്രയും വേഗം രാജി സ്വീകരിക്കണം എന്ന് കത്തില്‍ ആവശ്യപ്പെട്ടു.

Advertisement

പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെയാണ് തൃണമൂല്‍ കോണ്‍ഗ്രസില്‍ കളംമാറ്റം തുടങ്ങിയത്. എല്ലാവരും ബിജെപിക്ക് അനുകൂലമായ തീരുമാനമെടുക്കുകയോ ബിജെപിയില്‍ ചേരുകയോ ആണ് ചെയ്യുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ 80 സീറ്റുകളാണ് ടിഎംസി ജയിച്ചത്. ഇതില്‍ 60 പേര്‍ മമതയുടെ നേതൃത്വം അംഗീകരിക്കില്ലെന്ന് പ്രഖ്യാപിച്ചു. ആരാണ് യഥാര്‍ഥ തൃണമൂല്‍ കോണ്‍ഗ്രസ് എന്ന വിഷയത്തില്‍ ഇപ്പോള്‍ തര്‍ക്കമാണ്.

തൊട്ടുപിന്നാലെയാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ 20 ലോക്‌സഭാ അംഗങ്ങള്‍ രാജി പ്രഖ്യാപിച്ചത്. ഇവര്‍ ത്രിപുരയിലെ നാഷണല്‍ സിറ്റിസണ്‍സ് പാര്‍ട്ടി ഓഫ് ഇന്ത്യ എന്ന അധികം ആരുമറിയാത്ത പാര്‍ട്ടിയില്‍ ലയിച്ചു. അതിനിടെ മൂന്ന് രാജ്യസഭാ അംഗങ്ങള്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടു. ഇവര്‍ രാജ്യസഭാ അംഗത്വവും രാജിവെച്ചതോടെ പാര്‍ലെന്റിന്റെ ഇരുസഭകളിലും തൃണമൂല്‍ അപ്രസക്തരായി.

Advertisement

സുഖേന്ദു ശേഖര്‍ റായ്, സുഷ്മിത ദേവ്, പ്രകാശ് ചിക് ബറയ്ക് തുടങ്ങി മമത ബാനര്‍ജിയുടെ അടുത്ത വൃത്തങ്ങളില്‍പ്പെട്ടവരും പാര്‍ലമെന്റില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ മുഖവുമായിരുന്നവരാണ് രാജിവച്ച് ബിജെപിയില്‍ ചേര്‍ന്ന്. ഇവര്‍ ബിജെപി ടിക്കറ്റില്‍ ഇപ്പോള്‍ രാജ്യസഭയിലേക്ക് മല്‍സരിക്കുകയാണ്. രാജിവെച്ച എല്ലാവരും കടുത്ത ബിജെപി വിമര്‍ശകരായിരുന്നു. എല്ലാവരും കൂട്ടത്തോടെ കളംമാറുന്ന കാഴ്ചയാണ് ബംഗാളില്‍.

ജൂലൈ 20ന് പാര്‍ലമെന്റിന്റെ മഴക്കാല സമ്മേളനം തുടങ്ങാന്‍ പോകുകയാണ്. നിര്‍ണായകമായ ബില്ലുകള്‍ പാസാക്കി എടുക്കാന്‍ ബിജെപി തന്ത്രം മെനയുന്നുണ്ട്. ഈ വേളയിലാണ് തൃണമൂല്‍ അംഗങ്ങള്‍ ബിജെപിക്ക് കരുത്തായി മാറുന്നത്. ഇതോടെ ബില്ലുകള്‍ വേഗത്തില്‍ പാസാക്കാന്‍ ബിജെപിക്ക് സാധിക്കുമെന്നാണ് പ്രതീക്ഷ. അതേസമയം, മമത ബാനര്‍ജി കോണ്‍ഗ്രസുമായി അടുക്കുന്നുണ്ട്. അവര്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ കോണ്‍ഗ്രസില്‍ ലയിപ്പിക്കുമെന്ന റിപ്പോര്‍ട്ടുകളും വന്നിരുന്നു.