അദാനിയും ഐആർഎച്ചും ചേർന്ന് 11.5 ബില്യൺ ഡോളറിന്റെ വൻ പദ്ധതി; ഒഡിഷയിൽ, ധാരണാപത്രം ഒപ്പുവെച്ചു

അദാനി എന്റർപ്രൈസസും അബുദാബി ആസ്ഥാനമായുള്ള ഇന്റർനാഷണൽ റിസോഴ്‌സസ് ഹോൾഡിങും (ഐആർഎച്ച്) ഒഡീഷയിൽ 11.5 ബില്യൺ ഡോളർ (ഏകദേശം 1.08 ലക്ഷം കോടി രൂപ) ചെലവിൽ സമഗ്ര അലുമിനിയം ഉൽപ്പാദന സമുച്ചയം സ്ഥാപിക്കാൻ കൈകോർക്കുന്നു. ഒഡീഷ സർക്കാരുമായി ഇതുസംബന്ധിച്ച ധാരണാപത്രത്തിൽ (എംഒയു) ഇരുകമ്പനികളും ഒപ്പുവച്ചു. അദാനി എന്റർപ്രൈസസും ഐആർഎച്ചും 50:50 സംയുക്ത സംരംഭമായാണ് പദ്ധതി നടപ്പാക്കുക.

Advertisement

ഒഡീഷയിലെ ഏറ്റവും വലിയ വിദേശ നേരിട്ടുള്ള നിക്ഷേപ (എഫ്‌ഡിഐ) പദ്ധതിയായും ഇന്ത്യയിലെ ലോഹ വ്യവസായ മേഖലയിലെ ഏറ്റവും വലിയ വിദേശ നിക്ഷേപമായും ഈ പദ്ധതിയെ കണക്കാക്കുന്നു. ഖനനം മുതൽ അന്തിമ ഉൽപ്പന്ന നിർമ്മാണം വരെയുള്ള മുഴുവൻ അലുമിനിയം മൂല്യശൃംഖലയും ഒരേ സമുച്ചയത്തിൽ ഉൾക്കൊള്ളുന്ന ഗ്രീൻഫീൽഡ് പദ്ധതിയായിരിക്കും ഇത്.

Advertisement

പദ്ധതിയുടെ ഭാഗമായി പ്രതിവർഷം 40 ലക്ഷം മെട്രിക് ടൺ ശേഷിയുള്ള അലുമിന റിഫൈനറി, 20 ലക്ഷം മെട്രിക് ടൺ ശേഷിയുള്ള അലുമിനിയം സ്മെൽട്ടർ, 4,000 മെഗാവാട്ട് ശേഷിയുള്ള ക്യാപ്റ്റീവ് വൈദ്യുത നിലയം, കൂടാതെ പ്രതിവർഷം 10 ലക്ഷം മെട്രിക് ടൺ ശേഷിയുള്ള ഡൗൺസ്ട്രീം നിർമാണ പാർക്കും സ്ഥാപിക്കും. പദ്ധതി രണ്ട് ഘട്ടങ്ങളിലായാണ് നടപ്പാക്കുക. ആദ്യഘട്ടത്തിൽ ഏകദേശം 66,000 കോടി രൂപയും രണ്ടാംഘട്ടത്തിൽ 44,000 കോടി രൂപയും നിക്ഷേപിക്കും.

പദ്ധതി യാഥാർഥ്യമായാൽ ഏകദേശം 53,500 തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുമെന്നാണ് വിലയിരുത്തൽ. നിർമ്മാണഘട്ടത്തിൽ 35,000 പേർക്കും പദ്ധതി പ്രവർത്തനം ആരംഭിച്ച ശേഷം ഖനനം, അലുമിന ശുദ്ധീകരണം, അലുമിനിയം ഉൽപ്പാദനം, ഡൗൺസ്ട്രീം നിർമ്മാണം തുടങ്ങിയ മേഖലകളിലായി 18,500 പേർക്കും നേരിട്ടുള്ള തൊഴിൽ ലഭിക്കും. ഇതിന് പുറമെ ലോജിസ്‌റ്റിക്‌സ്, എൻജിനീയറിങ്, പരിപാലനം, അനുബന്ധ വ്യവസായങ്ങൾ എന്നിവയിലും പരോക്ഷ തൊഴിലവസരങ്ങൾ വർധിക്കും.

Advertisement

ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി, വ്യവസായ മന്ത്രി സമ്പദ് ചരൺ സ്വെയ്ൻ, സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥർ, അദാനി ഗ്രൂപ്പിന്റെയും ഐഎച്ച്സി ഗ്രൂപ്പിന്റെയും പ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തിലാണ് ധാരണാപത്രം ഒപ്പുവെച്ചത്.

ഈ പദ്ധതി ഖനനം, അലുമിന ശുദ്ധീകരണം, സ്മെൽട്ടിംഗ്, ഡൗൺസ്ട്രീം നിർമ്മാണം എന്നിവയെ ഒരുമിപ്പിക്കുന്നതിലൂടെ ഒഡീഷയെ ആഗോള അലുമിനിയം വിതരണ ശൃംഖലയിൽ കൂടുതൽ ശക്തമായ കേന്ദ്രമാക്കുമെന്ന് മുഖ്യമന്ത്രി മോഹൻ ചരൺ മാജി പറഞ്ഞു. സംസ്ഥാനത്തിന്റെ ദീർഘകാല വ്യവസായ വികസന ലക്ഷ്യങ്ങളുമായി പദ്ധതി യോജിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

അദാനി ഗ്രൂപ്പിനെ പ്രതിനിധീകരിച്ച് സംസാരിച്ച കരൺ അദാനി, ദീർഘകാല നിർമ്മാണ കേന്ദ്രമെന്ന നിലയിൽ ഒഡീഷയിലുള്ള വിശ്വാസത്തിന്റെ പ്രതിഫലനമാണ് ഈ സംയുക്ത സംരംഭമെന്ന് പറഞ്ഞു. തൊഴിലവസരങ്ങൾ സൃഷ്‌ടിക്കാനും മൂല്യവർധിത നിർമ്മാണം പ്രോത്സാഹിപ്പിക്കാനും ഇന്ത്യയുടെ വ്യവസായ മത്സരശേഷി വർധിപ്പിക്കാനുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisement

ഐആർഎച്ചിന്റെ മാനേജിങ് ഡയറക്‌ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ സയ്യിദ് ബസാർ ഷുബ്, ആഗോള സാമ്പത്തിക വളർച്ചയ്ക്കും വിതരണ ശൃംഖലയുടെ സ്ഥിരതയ്ക്കും നിർണായകമായ മേഖലകളിൽ ദീർഘകാല നിക്ഷേപം നടത്താനുള്ള കമ്പനിയുടെ തന്ത്രത്തിന്റെ ഭാഗമാണ് ഈ പങ്കാളിത്തമെന്ന് പറഞ്ഞു.

ഗതാഗതം, നിർമാണം, വൈദ്യുതി, പാക്കേജിങ്, പുനരുപയോഗ ഊർജം, നൂതന എൻജിനീയറിങ് തുടങ്ങിയ മേഖലകൾക്കാവശ്യമായ ഘടകങ്ങൾ നിർമ്മിക്കുന്ന നിരവധി വ്യവസായങ്ങളെ ഡൗൺസ്ട്രീം നിർമ്മാണ പാർക്ക് ആകർഷിക്കുമെന്നാണ് പ്രതീക്ഷ. ഇതിലൂടെ ഒഡീഷയിലെ സൂക്ഷ്‌മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കും (എംഎസ്എംഇ) വലിയ വളർച്ചാ അവസരങ്ങൾ ലഭിക്കുമെന്നും കമ്പനികൾ അറിയിച്ചു.

ധാരണാപത്രം ഒപ്പുവെച്ചതോടെ ഭൂമി ഏറ്റെടുക്കൽ, നിയമാനുസൃത അനുമതികൾ, അടിസ്ഥാനസൗകര്യ വികസനം തുടങ്ങിയ നടപടികൾ ആരംഭിക്കും. പദ്ധതി പൂർത്തിയാകുന്നതോടെ ഇന്ത്യയുടെ അലുമിനിയം ഉൽപ്പാദന ശേഷി വർധിക്കുന്നതിനൊപ്പം വൻ വ്യവസായ നിക്ഷേപങ്ങളുടെ പ്രധാന കേന്ദ്രമെന്ന നിലയിൽ ഒഡീഷയുടെ സ്ഥാനം കൂടുതൽ ശക്തമാകുമെന്നാണ് വിലയിരുത്തൽ.