ഒഡീഷയിൽ 1.08 ലക്ഷം കോടിയുടെ നിക്ഷേപവുമായി അദാനിയും ഐഎച്ച്സിയും; 50,000 തൊഴിലവസരങ്ങൾ..!

കട്ടക്ക്: അദാനി ഗ്രൂപ്പും യുഎഇ ആസ്ഥാനമായുള്ള ഇന്റർനാഷണൽ ഹോൾഡിംഗ് കമ്പനിയും (ഐഎച്ച്സി) ചേർന്ന് ഒഡീഷയിൽ സമഗ്ര അലുമിനിയം വ്യവസായ ശൃംഖല സ്ഥാപിക്കുന്നതിനായി സംസ്ഥാന സർക്കാരുമായി ധാരണാപത്രം ഒപ്പുവച്ചു. 11.5 ബില്യൺ യുഎസ് ഡോളർ (ഏകദേശം 1.08 ലക്ഷം കോടി) നിക്ഷേപം പ്രതീക്ഷിക്കുന്ന ഈ പദ്ധതി ലോകത്തിലെ ഏറ്റവും വലിയ അലുമിനിയം നിക്ഷേപ പദ്ധതികളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്.

Advertisement

ധാരണാപത്ര ഒപ്പിടൽ ചടങ്ങിൽ സംസാരിച്ച കരൺ അദാനി, ഈ പദ്ധതി ഒഡീഷയുടെ സാമ്പത്തിക വളർച്ചയ്ക്ക് പുതിയ അധ്യായം തുറക്കുമെന്ന് പറഞ്ഞു. ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി, വ്യവസായ മന്ത്രി സമ്പദ് ചരൺ സ്വെയ്ൻ, ഐഎച്ച്സി എംഡിയും സിഇഒയുമായ സയ്യിദ് ബസാർ ഷുഐബ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

Advertisement

ഒരേ സ്ഥലത്ത് സമ്പൂർണ അലുമിനിയം മൂല്യശൃംഖല വികസിപ്പിക്കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്‌തിരിക്കുന്നത്. വർഷത്തിൽ ഏകദേശം 40 ലക്ഷം ടൺ ഉൽപ്പാദന ശേഷിയുള്ള അലുമിന റിഫൈനറി, 20 ലക്ഷം ടൺ ശേഷിയുള്ള അലുമിനിയം സ്മെൽട്ടർ, 10 ലക്ഷം ടൺ ശേഷിയുള്ള ഡൗൺസ്ട്രീം അലുമിനിയം പാർക്ക് എന്നിവ പദ്ധതിയുടെ ഭാഗമാകും. ഇതിനൊപ്പം ഏകദേശം 4,000 മെഗാവാട്ട് ശേഷിയുള്ള ക്യാപ്റ്റീവ് വൈദ്യുതി നിലയവും 400 മെഗാവാട്ട് ഗ്രീൻ എനർജി സംവിധാനവും സ്ഥാപിക്കും.

നിർമ്മാണ ഘട്ടത്തിൽ ഏകദേശം 35,000 തൊഴിലവസരങ്ങളും പദ്ധതി പ്രവർത്തനം ആരംഭിച്ചതിന് ശേഷം 18,500ഓളം സ്ഥിരം തൊഴിലവസരങ്ങളും സൃഷ്‌ടിക്കുമെന്നാണ് പ്രതീക്ഷ. യുവാക്കൾക്കും പ്രാദേശിക സംരംഭകർക്കും ചെറുകിട വ്യവസായങ്ങൾക്കും ഇത് വലിയ അവസരമാകുമെന്ന് കരൺ അദാനി ചടങ്ങിൽ സംസാരിക്കവെ പറഞ്ഞു.

Advertisement

ഇന്ത്യയിലെ ഏറ്റവും വലിയ ബോക്സൈറ്റ് ശേഖരവും 50 ശതമാനത്തിലധികം ഇരുമ്പയിര് ശേഖരവും കൽക്കരി, ക്രോമൈറ്റ്, മാംഗനീസ്, ചുണ്ണാമ്പുകല്ല്, ഡോളോമൈറ്റ് തുടങ്ങിയ ധാതുസമ്പത്തും ഒഡീഷയ്ക്കുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ വിഭവസമ്പത്തും സംസ്ഥാന സർക്കാരിന്റെ വ്യവസായ സൗഹൃദ നയങ്ങളും ചേർന്ന് ഒഡീഷയെ അസംസ്‌കൃത വസ്‌തുക്കളുടെ വിതരണ കേന്ദ്രത്തിൽ നിന്ന് മൂല്യവർധിത ഉൽപ്പാദന കേന്ദ്രമാക്കി മാറ്റുകയാണെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര സർക്കാരിന്റെ 'വികസിത് ഭാരത് 2047' ലക്ഷ്യവുമായി ഈ പദ്ധതി യോജിച്ചുപോകുന്നതാണെന്നും, ഇന്ത്യ വികസിത രാജ്യമാകണമെങ്കിൽ ഒഡീഷയും വ്യവസായ-സാമ്പത്തിക രംഗത്ത് മുന്നേറേണ്ടത് അനിവാര്യമാണെന്നും കരൺ അദാനി പറഞ്ഞു. പ്രാദേശിക സമൂഹങ്ങളുടെ വികസനത്തിനും സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിനും ഈ പദ്ധതി സഹായകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.