ഒഡീഷയിലും ബിജെപിക്ക് തിരിച്ചടി; കൂട്ടുറപ്പിച്ച ബിജെഡി പിണങ്ങി!! തിരഞ്ഞെടുപ്പില്‍ മൂക്കുകുത്തും


ദില്ലി/ഭുവനേശ്വര്‍: ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ സഖ്യത്തില്‍ അംഗമായിരുന്നു ഒരു കാലത്ത് ഒഡീഷ ഭരിക്കുന്ന ബിജു ജനതാദള്‍ (ബിജെഡി). പിന്നീട് സഖ്യം വിട്ടപ്പോഴും ബിജെപിക്കെതിരെ അവര്‍ തിരിഞ്ഞിരുന്നില്ല. കേന്ദ്രത്തില്‍ ബിജെപി പ്രതിസന്ധി നേരിടുമ്പോഴെല്ലാം ബിജെഡി സഹായത്തിന് എത്താറുണ്ട്. ഏറ്റവും ഒടുവില്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ തിരഞ്ഞെടുപ്പ് വരെ ബിജെപിക്ക് ഒപ്പമായിരുന്നു ബിജെഡി. എന്നാല്‍ ഇപ്പോള്‍ എല്ലാം താളം തെറ്റിയിരിക്കുന്നു. ബിജെഡി സ്വന്തം വഴിക്ക് സഞ്ചരിക്കുന്നു. കേന്ദ്രപദ്ധതികള്‍ വേണ്ടെന്ന നിലപാടാണ് അവര്‍ക്ക്. വിഷയത്തില്‍ ഇരുപാര്‍ട്ടികളും ശക്തമായ വാക്‌പോരിലാണ്. വിവരങ്ങള്‍ ഇങ്ങനെ....

കേന്ദ്രമന്ത്രി തുടക്കമിട്ടു

കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ആണ് വിവാദത്തിന് ശക്തി പകര്‍ന്നിരിക്കുന്നത്. കേന്ദ്രം അനുവദിച്ച പദ്ധതികള്‍ ഒഡീഷയില്‍ ബിജെഡി നടപ്പാക്കാന്‍ ശ്രമിക്കുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. ഇരുകക്ഷികളും അടുത്ത തിരഞ്ഞെടുപ്പില്‍ ഒരുമിക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ശക്തമായ പോര് തുടങ്ങിയത്.

10000 കോടി രൂപയുടെ പദ്ധതി

ദേശീയ തെര്‍മല്‍ പവര്‍ കോര്‍പറേഷന്റെ (എന്‍ടിപിസി) 10000 കോടി രൂപയുടെ പദ്ധതി ഒഡീഷ നടപ്പാക്കുന്നില്ലെന്നാണ് ബിജെപിയുടെ ആരോപണം. എന്നാല്‍ ബിജെപി തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് രാഷ്ട്രീയം കളിക്കുകയാണെന്ന് ബിജെഡി നേതാക്കള്‍ കുറ്റപ്പെടുത്തുന്നു. നിയമസഭയില്‍ ബിജെപി തരംതാണ രാഷ്ട്രീയമാണ് കളിക്കുന്നതെന്നും ഒഡീഷ സര്‍ക്കാര്‍ ആരോപിച്ചു.

രാജ്യസഭയില്‍ പിന്തുണച്ചു

രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ സ്ഥാനത്തേക്ക് എന്‍ഡിഎ സ്ഥാനാര്‍ഥി ഹരിവംശ് നാരായണിനാണ് ബിജെഡി വോട്ട് ചെയ്തത്. ഇരുപാര്‍ട്ടികളും ഒഡീഷയില്‍ സഖ്യമുണ്ടാക്കുമെന്ന് ഈ പിന്തുണ ചൂണ്ടിക്കാട്ടി പ്രചാരണമുണ്ടായിരുന്നു. എന്നാല്‍ ബിജെഡിക്കെതിരെ ശക്തമായി രംഗത്തുവന്നിരിക്കുകയാണിപ്പോള്‍ ബിജെപി.

മുഖ്യമന്ത്രി ദില്ലിയിലേക്ക്

മുഖ്യമന്ത്രി നവീന്‍ പട്‌നായിക് ദില്ലിയിലേക്ക് തിരിച്ചിരിക്കുകയാണ്. വ്യവസായികളെ ആകര്‍ഷിപ്പിക്കാനുള്ള പരിപാടികള്‍ ദില്ലിയില്‍ നടക്കുന്നുണ്ട്. വ്യത്യസ്ഥ നേതാക്കളുമായി അദ്ദേഹം ചര്‍ച്ചയും നടത്തും. ഈ സാഹചര്യത്തിലാണ് കേന്ദ്രം അനുവദിച്ച നിക്ഷേപ പദ്ധതി ബിജെഡി നടപ്പാക്കുന്നില്ലെന്ന് ബിജെപി ആരോപിച്ചത്.

മെയ്ക്ക് ഇന്‍ ഒഡീഷ

മെയ്ക്ക് ഇന്‍ ഇന്ത്യ എന്നതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്‌ന പദ്ധതി. എന്നാല്‍ മെയ്ക്ക് ഇന്‍ ഒഡീഷ എന്ന പദ്ധതിയാണ് നവീന്‍ പട്‌നായിക് മുന്നോട്ട് വയ്ക്കുന്നത്. ഇതിന് വേണ്ടി നവംബറില്‍ 11 മുതല്‍ 15വരെ നിക്ഷേപകര്‍ക്കുള്ള പ്രത്യേക പരിപാടികള്‍ ഒഡീഷ ആസൂത്രണം ചെയ്തു കഴിഞ്ഞു. ഇതിനെതിരെ രംഗത്തുവന്നിരിക്കുകയാണ് ബിജെപി.

അനാവശ്യമെന്ന് ബിജെപി

ഓഗസ്റ്റ് എട്ടിന് മുംബൈയില്‍ ഒഡീഷ മുഖ്യമന്ത്രി നിക്ഷേപകരെ ആകര്‍ഷിക്കാന്‍ പ്രത്യേക പരിപാടി ആസൂത്രണം ചെയ്തിരുന്നു. അംബാനിമാര്‍ ഉള്‍പ്പെടെ പങ്കെടുക്കുകയും ചെയ്തു. ഇതിന്റെ തുടര്‍ച്ചാണ് ദില്ലിയില്‍ നടക്കുന്നത്. എന്നാല്‍ ഈ പരിപാടികളെല്ലാം അനാവശ്യമാണെന്ന നിലപാടിലാണ് ബിജെപി.

ഗൗനിക്കാതെ ബിജെഡി

എന്‍ടിപിസിയുടെ പദ്ധതി നടപ്പാക്കാന്‍ കേന്ദ്രത്തിന് ഒഡീഷ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ല. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 19നാണ് അനുമതി തേടിയത്. ഒന്നരവര്‍ഷത്തോളമായിട്ടും ഒഡീഷ നിലപാട് വ്യക്താക്കാത്തതാണ് ബിജെപി ചോദ്യം ചെയ്യുന്നത്. കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ മുഖ്യമന്ത്രിക്ക് അയച്ച കത്തിലും ഇക്കാര്യം എടുത്തുപറയുന്നു.

ബിജെപിയുടെ തന്ത്രം


കോടികളുടെ നിക്ഷേപം സംസ്ഥാനത്തിന്റെ പിടിപ്പുകേടുമൂലം ഇല്ലാതാകുന്നുവെന്നാണ് ബിജെപിയുടെ ആരോപണം. എന്നാല്‍ ജനവികാരം സര്‍ക്കാരിനെതിരെ തിരിക്കാനുള്ള നീക്കമാണ് ബിജെപി നടത്തുന്നതെന്ന് ബിജെഡി പറയുന്നു. നിക്ഷേപകരെ ആകര്‍ഷിക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമങ്ങളെ സഹായിക്കാതെ ബിജെപി വിവാദമുണ്ടാക്കുന്നുവെന്നാണ് ബിജെഡി നേതാക്കള്‍ പറയുന്നത്.

ശക്തി വര്‍ധിച്ചു

എന്‍ഡിഎ സഖ്യത്തില്‍ അംഗമായിരുന്ന ബിജെഡി പിന്നീട് ഒറ്റയ്ക്ക് ജനവിധി തേടുകയായിരുന്നു. ഒഡീഷയില്‍ വര്‍ഷങ്ങളായി ഭരിക്കുന്ന ബിജെഡിക്ക് ശക്തരായ എതിരാളികള്‍ ഇല്ല എന്നതാണ് സത്യം. എന്നാല്‍ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പ് മുതല്‍ കാര്യങ്ങള്‍ മാറിമറിഞ്ഞിട്ടുണ്ട്.

ബിജെപി മുന്നേറി

തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപി ശക്തമായ മുന്നേറ്റമാണ് നടത്തിയത്. ബിജെഡിയുടെ പല സ്വാധീന മേഖലകളിലും ബിജെപി മുന്നേറുന്ന കാഴ്ചയാണ് കണ്ടത്. ഇതില്‍ ബിജെഡിക്ക് ആശങ്കയുണ്ട്. അതുകൊണ്ടുതന്നെ കേന്ദ്രത്തില്‍ ബിജെപിയെ പിണക്കാതെയാണ് അവരുടെ പ്രയാണം.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍

ഒഡീഷ നിയമസഭയില്‍ ബിജെപി അംഗങ്ങള്‍ തടസം സൃഷ്ടിക്കുകയാണെന്ന് ബിജെഡി വക്താവ് സസ്മിത് പത്ര പറയുന്നു. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികളും സഹകിരിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പുതിയ വിവാദത്തോടെ ഇരുപാര്‍ട്ടികള്‍ക്കിടയില്‍ ഭിന്നത രൂക്ഷമായിട്ടുണ്ട്.

ബിജെപി ഒറ്റയ്ക്ക് തിളങ്ങുമോ

കേന്ദ്രപദ്ധതികള്‍ നടപ്പാക്കാത്ത ഭരണകൂടമാണ് ഒഡീഷയിലുള്ളതെന്ന് ബിജെപി പ്രചരിപ്പിക്കുന്നു. ജനവികാരം തിരിച്ചുവിടാനുള്ള നീക്കമാണ് ബിജെപിയുടെതെന്ന് പത്ര പറയുന്നു. ബിജെഡിയുടെ പിന്തുണയില്ലാതെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിളങ്ങാന്‍ സാധിക്കുമോ എന്ന കാര്യം സംശയമാണ്.

ഒഡീഷ പിടിക്കാന്‍ ബിജെപി

കേരളം, ഒഡീഷ എന്നീ സംസ്ഥാനങ്ങളാണ് ബിജെപി പ്രധാനമായും ഇനി ലക്ഷ്യമിടുന്നത്. മാസങ്ങള്‍ക്ക് മുമ്പ് ദില്ലിയില്‍ നടന്ന പാര്‍ട്ടി നേതൃയോഗത്തില്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇക്കാര്യം ഉണര്‍ത്തുകയും ചെയ്തതാണ്. അതുകൊണ്ടുതന്നെ ഒഡീഷയില്‍ ബിജെപി-ബിജെഡി പോര് മൂര്‍ച്ഛിക്കുമെന്നാണ് കരുതുന്നത്.

Have a great day!
Read more...

English Summary

After brief thaw, BJP and BJD may be at war in Odisha