ലാന്‍ഡിംഗിന് തൊട്ടുമുമ്പ് ആകാശച്ചുഴിയില്‍പ്പെട്ട് എയര്‍ ഇന്ത്യ വിമാനം; 14 പേര്‍ക്ക് പരിക്ക്

ലാന്‍ഡിംഗിന് തൊട്ടുമുമ്പ് ആകാശച്ചുഴിയില്‍പ്പെട്ട് എയര്‍ ഇന്ത്യ വിമാനം. ഫുക്കറ്റില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ 14 പേര്‍ക്ക് പരിക്കേറ്റു. ആകാശച്ചുഴിയില്‍പ്പെട്ട വിമാനത്തിന് ചെറിയ കേടുപാടുകളും സംഭവിച്ചു. എഐ379 എന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത് എന്ന് എയര്‍ഇന്ത്യ സ്ഥിരീകരിച്ചു. വിമാനം ഡല്‍ഹിയില്‍ സുരക്ഷിതമായി ഇറങ്ങിയെന്നും എല്ലാ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്നും കമ്പനി അറിയിച്ചു.

Advertisement

134 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. നിലവില്‍ ആര്‍ക്കും ഗുരുതരമായ പരിക്കുകളില്ലെന്ന് എയര്‍ലൈന്‍ അറിയിച്ചു. 'ചെറിയ പരിക്കുകളേറ്റ കുറച്ച് യാത്രക്കാരെയും ജീവനക്കാരെയും മുന്‍കരുതല്‍ എന്ന നിലയില്‍ പരിശോധനയ്ക്കും പരിചരണത്തിനുമായി വിമാനത്താവളത്തിലെ മെഡിക്കല്‍ വിഭാഗത്തിലേക്ക് മാറ്റിയിട്ടുണ്ട്; എയര്‍ ഇന്ത്യയുടെ എയര്‍പോര്‍ട്ട് ടീമും മെഡിക്കല്‍ ഉദ്യോഗസ്ഥരുമാണ് ഇതിന് നേതൃത്വം നല്‍കിയത്,' പ്രസ്താവനയില്‍ പറയുന്നു.

Advertisement

ലാന്‍ഡിംഗിന് തൊട്ടുമുന്‍പായിരുന്നു സംഭവം എന്നും പെട്ടെന്നുണ്ടായ ഉയരവ്യത്യാസം കാരണം ചിലര്‍ക്ക് പരിക്കേറ്റു എന്നും യാത്രക്കാര്‍ പറഞ്ഞു. വിമാനത്തിന്റെ ഉയരത്തില്‍ പെട്ടെന്നൊരു കുറവുണ്ടായി. എന്റെ തല വിമാനത്തിന്റെ റൂഫില്‍ ഇടിക്കുകയും തുടര്‍ന്ന് ഞാന്‍ താഴെ വീഴുകയും ചെയ്തു,' ഒരു യാത്രക്കാരന്‍ പറഞ്ഞു. ചില യാത്രക്കാര്‍ക്ക് ചതവുകളും തലയില്‍ ചെറിയ പരിക്കുകളും സംഭവിച്ചിട്ടുണ്ട്.

അതേസമയം യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കും ക്ഷേമത്തിനുമാണ് തങ്ങള്‍ ഏറ്റവും ഉയര്‍ന്ന മുന്‍ഗണന നല്‍കുന്നത് എന്നും അപകടത്തില്‍പ്പെട്ടവര്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കിവരികയും അന്വേഷണത്തിന്റെ ഭാഗമായി ബന്ധപ്പെട്ട അധികൃതരുമായി പൂര്‍ണ്ണമായി സഹകരിക്കുകയും ചെയ്യുമൈന്നും എയര്‍ലൈന്‍ അറിയിച്ചു. ഇന്ത്യന്‍ സമയം രാവിലെ 11.15-ന് ഡല്‍ഹിയില്‍ എത്തേണ്ട വിമാനമാണ് ആകാശച്ചുഴിയില്‍പ്പെട്ടത്.

Advertisement

പ്രാഥമിക വിവരങ്ങള്‍ അനുസരിച്ച്, യാത്രയ്ക്കിടെ വിമാനം പെട്ടെന്ന് ഏകദേശം 300 അടിയോളം താഴേക്ക് പതിച്ചതായി പൈലറ്റ് റിപ്പോര്‍ട്ട് ചെയ്തു. യാത്രയ്ക്കിടെ നേരിട്ട ടര്‍ബുലന്‍സ് അല്ലെങ്കില്‍ വായുപ്രവാഹത്തിലുണ്ടാകുന്ന പെട്ടെന്നുള്ള മാറ്റങ്ങള്‍ കാരണമാണ് ഇത് സംഭവിച്ചതെന്ന് കരുതപ്പെടുന്നു. വിമാനത്തിലെ ഒരു ജീവനക്കാരന് ഗുരുതരമായി പരിക്കേറ്റതായും യാത്രക്കാര്‍ക്ക് നിസാര പരിക്കുകളേ ഉള്ളൂ എന്നുമാണ് വിവരം.

സംഭവത്തില്‍ പത്തോളം യാത്രക്കാര്‍ക്കും നാല് ജീവനക്കാര്‍ക്കും പരിക്കേറ്റതായി വിമാനത്താവള അധികൃതര്‍ അറിയിച്ചു. വിമാനം ആകാശത്തായിരിക്കുമ്പോള്‍ തന്നെ ഡല്‍ഹി വിമാനത്താവള അധികൃതര്‍ക്ക് അപകടത്തിന്റെ വിവരം ലഭിച്ചിരുന്നു. അതിനാല്‍ വിമാനം എത്തുന്നതിന് മുന്‍പുതന്നെ വൈദ്യസഹായം നല്‍കാനുള്ള സംഘങ്ങളെ സജ്ജമാക്കിയിരുന്നു. സുരക്ഷിതമായി ലാന്‍ഡ് ചെയ്ത ശേഷം യാത്രക്കാരും ജീവനക്കാരും സുഗമമായി പുറത്തിറങ്ങി.

Advertisement

പരിക്കേറ്റവരെ പരിശോധനയ്ക്കും ചികിത്സയ്ക്കുമായി വിമാനത്താവളത്തിലെ മെഡിക്കല്‍ വിഭാഗത്തിലേക്ക് മാറ്റി. പിന്നീട്, പരിക്കേറ്റ യാത്രക്കാരെ ഡല്‍ഹിയിലെ വസന്ത് കുഞ്ചിലുള്ള ഫോര്‍ട്ടിസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഫോര്‍ട്ടിസ് ആശുപത്രി പുറത്തിറക്കിയ പ്രസ്താവന പ്രകാരം, ഏഴ് യാത്രക്കാര്‍ ഫോര്‍ട്ടിസ് ഫ്‌ലൈറ്റ് ലെഫ്റ്റനന്റ് രാജന്‍ ധാല്‍ ആശുപത്രിയില്‍ എത്തിയിട്ടുണ്ട്. ഇവരെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

രോഗികളുടെ പരിചരണം, രേഖകള്‍ തയ്യാറാക്കല്‍, യാത്രാ-അനുബന്ധ ക്രമീകരണങ്ങള്‍, യാത്രക്കാരുടെ കുടുംബങ്ങളുമായുള്ള ആശയവിനിമയം എന്നിവ സുഗമമാക്കുന്നതിനായി എയര്‍ ഇന്ത്യയുടെ സംഘം ആശുപത്രിയിലുണ്ട്.