എകെജി ഭവനിൽ നാടകീയ നീക്കങ്ങൾ;എസ്എഫ്ഐ നേതാവ് ഐഷി ഷോഷിനെ അറസ്റ്റ് ചെയ്യാൻ നീക്കം,തടഞ്ഞ് ജോണ്‍ ബ്രിട്ടാസ് എംപി

എകെജി ഭവനിലെത്തി എസ്എഫ്ഐ നേതാവ് ഐഷി ഷോഷിനെ അറസ്റ്റ് ചെയ്യാൻ ഡൽഹി പോലീസ് നീക്കം. വൈകീട്ടോടെയാണ് നാടകീയ സംഭവങ്ങൾ. മൂന്ന് ഉദ്യോഗസ്ഥർ എകെജി ഭവനിലെത്തുകയായിരുന്നു. നാല് വർഷം മുൻപുള്ള കേസിലാണ് ഇപ്പോഴത്തെ പോലീസ് നടപടിയെന്നാണ് റിപ്പോർട്ട്.

Advertisement

നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ ധർമ്മന്ദ്ര പ്രധാൻ്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ നടന്ന സമരത്തിൽ സജീവ സാന്നിധ്യമായിരുന്നു ഐഷി. അതുകൊണ്ട് തന്നെ പോലീസിൻ്റേത് പ്രതികാര നടപടിയാണെന്ന് ജോണ്‍ ബ്രിട്ടാസ് എംപി പറഞ്ഞു. എകെജി ഭവനിലെത്തിയ പോലീസുകാരെ അദ്ദേഹം തടയുകയും ചെയ്തു.എന്തടിസ്ഥാനത്തിലാണ് പാര്‍ട്ടി ഓഫീസില്‍ അതിക്രമിച്ച് കയറിയതെന്ന് ജോണ്‍ ബ്രിട്ടാസ് എംപി ചോദിച്ചു.

Advertisement

പോലീസ് ഉദ്യോഗസ്ഥർ മഫ്തിയിൽ എത്തിയതും ജോണ്‍ ബ്രിട്ടാസ് എംപി ചോദ്യം ചെയ്തു. പോലീസിന് നെയിം പ്ലേറ്റോ, യൂണിഫോമോ ഉണ്ടായിരുന്നില്ല. എന്തു വിലകൊടുത്തും പോലീസ് രാജ് തടയുമെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. യൂനിഫോം ഇല്ലാതെ ഒരു നടപടിയും അനുവദിക്കാനാകില്ലെന്ന് ബ്രിട്ടാസ് നിലപാടെടുത്തതിന് പിന്നാലെ പോലീസ് സംഘം എകെജി ഭവനിൽ നിന്നും മടങ്ങി.