നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ പ്രതിഷേധിച്ചതിന് കസ്റ്റഡിയിലെടുത്തവരെ വിട്ടയച്ച് അസമു ബിഹാറും. പ്രതിഷേധക്കാർക്കെതിരായ നിയമനടപടികൾ ഒഴിവാക്കുമെന്ന കേന്ദ്രസർക്കാർ ഉറപ്പ് പാലിക്കപ്പെട്ടില്ലെങ്കിൽ സമരം പുനഃരാരംഭിക്കുന്ന സിജെപി മുന്നറിയിപ്പിന് പിന്നാലെയാണ് നടപടി. അതേസമയം പശ്ചിമബംഗാളും മഹാരാഷ്ട്രയും ഇപ്പോഴും പ്രതിഷേധക്കാർക്കെതിരായ നിയമനടപടികളുമായി മുന്നോട്ട് പോകുകയാണ്.
സമരക്കാർക്കെതിരായ എഫ്‌ഐആറുകൾ പിൻവലിച്ച് നിയമനടപടികൾ അവസാനിപ്പിക്കുമെന്ന് ചൊവ്വാഴ്ചയ്ക്കകം കേന്ദ്രത്തിൽ നിന്ന് ഉറപ്പ് ലഭിച്ചില്ലെങ്കിൽ വീണ്ടും രാജ്യവ്യാപക പ്രതിഷേധം പുഃനരാരംഭിക്കുമെന്നായിരുന്നു കോക്രോച്ച് ജനത പാർട്ടി മുന്നറിപ്പ് നൽകിയത്. സമരക്കാരെ കസ്റ്റഡിയിലെടുക്കുന്നതും എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതും കേന്ദ്രസർക്കാർ വാഗ്ദാനങ്ങളുടെ പൂർണ ലംഘനമാണെന്ന് സിജെപി വക്താവ് അശുതോഷ് രങ്ക തുറന്നടിച്ചു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നൂറുകണക്കിന് വിദ്യാർത്ഥികളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തതെന്നും അശുതോഷ് ആരോപിച്ചു.
' പ്രതിഷേധക്കാർക്കെതിരെയുള്ള എല്ലാ നിയമനടപടികളും എത്രയും പെട്ടെന്ന് പിൻവലിക്കണമെന്ന ആവശ്യമാണ് ഞങ്ങൾ മുന്നോട്ട് വെയ്ക്കുന്നത്. വിദ്യാർത്ഥികളെ മോചിപ്പിക്കണം, ബി ജെ പിയും എൻ ഡി എയും ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പ്രതിഷേധക്കാർക്കെതിരെ കേന്ദ്ര ഏജൻസികളോ പോലീസോ പുതിയ എഫ്ഐആർ ചുമത്തരുത്. ആവശ്യങ്ങൾ നടപ്പാക്കിയില്ലെങ്കിൽ പ്രതിഷേധങ്ങൾ പുനഃരാരംഭിക്കാൻ ഞങ്ങൾ നിർബന്ധിതരാകും. ഇപ്പോഴുള്ള കേസുകളെ കുറിച്ചുള്ള നിയമപരമായ രേഖകൾ ഞങ്ങൾക്ക് കൈമാറണം. മാത്രമല്ല കേന്ദ്രസർക്കാർ നൽകിയ വാഗ്ദാനങ്ങളും രേഖമൂലം സിജെപിക്ക് നൽകണം',സിജെപി വക്താവ് പത്രസമ്മേളനത്തിൽ പറഞ്ഞു. ജൂലൈ 25ന് ജന്തർമന്തറിലെ ധർണ്ണ അവസാനിക്കുന്നതിന് മുമ്പ് തന്നെ പ്രതിഷേധക്കാർക്കെതിരെ നിയമനടപടികൾ ഉണ്ടാകാനുള്ള സാധ്യത സിജെപി മുന്നിൽ കണ്ടിരുന്നുവെന്ന് വക്താവ് സൌരവ് ദാസ് പറഞ്ഞു. അതുകൊണ്ട് തന്നെ രാജ്യത്ത് ഉടനീളം ക്രിമിനൽ നടപടി നേരിടുന്ന പ്രതിഷേധക്കാർക്ക് വേണ്ടി നിയമസഹായം തേടുന്നതിനായി മുതിർന്ന അഭിഭാഷകൻ കപിൽ സിബലിനെ തങ്ങൾ സമീപിച്ചിരുന്നുവെന്നും ദാസ് വ്യക്തമാക്കി. രാജ്യാവ്യാപകമായി ഒരു നിയമസഹായ സംവിധാനം സിജെപി ആരംഭിച്ചിട്ടുണ്ട്. തെളിവുകൾ ശേഖരിക്കുന്നതിനായി സാക്ഷി എന്ന പേരിൽ ഒരു ഓണ്‍ലൈൻ പ്ലാറ്റ്ഫോമും തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം നിയമസഹായം ഉറപ്പാക്കുന്നതിനായി സിജെപിക്ക് 1 കോടി രൂപ നൽകുമെന്ന് കപിൽ സിബൽ അറിയിച്ചു. പ്രതിഷേധക്കാർക്ക് എല്ലാ സഹായവും ഉറപ്പാക്കാനാണ് ഈ തുക നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. നിയമനടപടി തുടർന്ന് മുംബൈ പോലീസ്; പ്രതികരിക്കാതെ ബംഗാൾ സർക്കാർ ജൂലൈ 26 ന് വൈകുന്നേരം 6 മണിക്ക് മുമ്പ് സംസ്ഥാനത്ത് നടന്ന പ്രതിഷേധങ്ങളിൽ പങ്കെടുത്തവർക്കെതിരെ യാതൊരു പ്രതികാര നടപടികളും ഉണ്ടാകില്ലെന്ന് തിങ്കളാഴ്ചയാണ് ബിഹാർ സർക്കാർ പ്രസ്താവനയിലൂടെ അറിയിച്ചത്. പ്രതിഷേധക്കാർക്കെതിരെയുള്ള കേസുകൾ പിൻവലിക്കുമെന്നും കസ്റ്റഡിയിലുള്ളവരെ മോചിപ്പിക്കുമെന്നും അസം സർക്കാരും വ്യക്തമാക്കി. ചോദ്യപേപ്പർ ചോർച്ചാ പ്രതിഷേധവുമായി ബന്ധപ്പെട്ട് അസമിൽ 13 പേരായിരുന്നു അറസ്റ്റിലായത്. അതേസമയം പശ്ചിമബംഗാളിൽ ഏഴ് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 16 പേരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ വിട്ടയക്കുന്നത് സംബന്ധിച്ച് സർക്കാർ ഇതുവരേയും യാതൊരു സൂചനകളും നൽകിയിട്ടില്ല. മുംബൈ പോലീസും നിയമനടപടികളുമായി മുന്നോട്ട് പോകുകയാണ്. സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ട് പോലീസിൽ നിന്നും നോട്ടീസും ഫോണ്‍ കോളുകളും വരുന്നുണ്ടെന്ന് വിദ്യാർത്ഥികൾ ആരോപിച്ചു. അതേസമയം കേസുകൾ നിർത്തിവെയ്ക്കാൻ തങ്ങൾക്ക് യാതൊരു നിർദേവും ഇല്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. വിദ്യാഭ്യാസ മന്ത്രിയായിരുന്ന ധർമ്മേന്ദ്ര പ്രധാൻ്റെ രാജി, ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് മനംനൊന്ത് ആത്മഹത്യ ചെയ്ത വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി നഷ്ടപരിഹാരം, പ്രതിഷേധക്കാർക്കെതിരെ യാതൊരു ശിക്ഷാനടപടിയും സ്വീകരിക്കില്ലെന്ന ഉറപ്പ് ഇതിൻ്റെയെല്ലാം അടിസ്ഥാനത്തിലായിരുന്നു സിജെപി ദിവസങ്ങളോളം നീണ്ടുനിന്ന തങ്ങളുടെ പ്രതിഷേധം അവസാനിപ്പിച്ചത്. അതുകൊണ്ട് തന്നെ സർക്കാരുകൾ പ്രതികാരനടപടിയിലേക്ക് കടന്നാൽ ഇനിയും പ്രതിഷേധിക്കാൻ മടിക്കില്ലെന്നാണ് സിജെപി നൽകുന്ന മുന്നറിയിപ്പ്.