ഇന്ത്യയിലേക്ക് യുറേനിയം കയറ്റുമതി ചെയ്യാനുള്ള കരാറിൽ ഒപ്പുവച്ച് ഓസ്‌ട്രേലിയ; നിർണായക പ്രഖ്യാപനം

ന്യൂഡൽഹി: ഇന്ത്യയിലേക്ക് യുറേനിയം കയറ്റുമതി ചെയ്യാനുള്ള കരാറിൽ ഒപ്പിട്ട് ഓസ്‌ട്രേലിയ. വർഷങ്ങൾ നീണ്ട ആലോചനകൾക്ക് ശേഷമാണ് ഇന്ത്യയും ഓസ്‌ട്രേലിയയും യുറേനിയം വിതരണ കരാറിന് അന്തിമ രൂപം നൽകിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മെൽബൺ സന്ദർശനത്തിനിടെയാണ് കരാർ സ്ഥിരീകരിച്ചത്. ഇന്നത്തെ 8 ഗിഗാവാട്ട് ആണവോർജ്ജ ഉൽപ്പാദനം 2047 ആകുമ്പോഴേക്കും 100 ഗിഗാവാട്ട് ആയി ഉയർത്താൻ ഇന്ത്യ ശ്രമിക്കുന്ന സാഹചര്യത്തിലാണ് ഈ മുന്നേറ്റം.

Advertisement

2047-ഓടെ 100 ജിഗാവാട്ട് ആണവോർജ്ജ ശേഷി എന്ന ലക്ഷ്യം കൈവരിക്കാൻ സഹായിക്കുന്നതിന്, ലോകത്തിലെ വിതരണത്തിന്റെ 28 ശതമാനം വരുന്ന ഓസ്‌ട്രേലിയയുടെ യുറേനിയം കരുതൽ ശേഖരം ഇന്ത്യ വളരെക്കാലമായി ഉറ്റുനോക്കുകയായിരുന്നു. അതേസമയം ഓസ്‌ട്രേലിയയാവട്ടെ അതിന്റെ മുൻനിര പങ്കാളിയായ ചൈനയെ ആശ്രയിക്കുന്നതിനുമപ്പുറം വ്യാപാരം വൈവിധ്യവത്കരിക്കാൻ ശ്രമിക്കുകയാണ്.

Advertisement

ആഗോള ആണവ നിരീക്ഷകരായ ഇന്റർനാഷണൽ ആറ്റോമിക് എനർജി ഏജൻസി സ്ഥാപിച്ച സുരക്ഷാ ചട്ടങ്ങൾക്ക് കീഴിലായിരിക്കും കയറ്റുമതി. ഇന്ത്യയും ഓസ്‌ട്രേലിയയും 2014-ൽ ആണവ സഹകരണ കരാറിൽ ഏർപ്പെട്ടിരുന്നു. എന്നിരുന്നാലും, ആയുധങ്ങൾ നിർമ്മിക്കാൻ ഈ വസ്‌തുക്കൾ ഉപയോഗിക്കുമെന്ന ആശങ്കയെത്തുടർന്ന് ഓസ്‌ട്രേലിയ പരിമിതമായ യുറേനിയം മാത്രമാണ് ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്‌തിരുന്നത്‌.

ഓസ്‌ട്രേലിയയിലെ യുറേനിയം സ്രോതസുകളാണ് ലോകത്തിലെ ഏറ്റവും വലുതും, ലോകത്തെ ആകെയുള്ളതിന്റെ ഏകദേശം മൂന്നിലൊന്നുമെന്നുമാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 2022ൽ ഓസ്‌ട്രേലിയ 4820 ടൺ യുറേനിയം ഉൽപ്പാദിപ്പിച്ചു. ആഗോള യുറേനിയം ഉൽപ്പാദനത്തിന്റെ 8 ശതമാനവും വഹിക്കുന്ന ലോകത്തിലെ നാലാമത്തെ വലിയ ഉത്പാദക രാജ്യമായി ഇതോടെ ഓസ്‌ട്രേലിയ മാറി. ഓസ്‌ട്രേലിയയുടെ യുറേനിയം പൂർണമായി കയറ്റുമതി ചെയ്യുകയാണ് നിലവിൽ.

Advertisement

കൂടാതെ ഇന്ത്യൻ മഹാസമുദ്രത്തിലെ ഓസ്‌ട്രേലിയയിലെ കൊക്കോസ് കീലിംഗ് ദ്വീപുകളിൽ താത്കാലിക ബഹിരാകാശ ട്രാക്കിംഗ് ടെർമിനൽ നിർമ്മിക്കാനും ഇരു രാജ്യങ്ങളും ചേർന്ന് പദ്ധതിയിടുന്നുണ്ട്. ഇത് ഇന്ത്യൻ ബഹിരാകാശ വിമാന പദ്ധതികളെ പിന്തുണയ്ക്കുമെന്നാണ് ഇന്ത്യയും ഓസ്‌ട്രേലിയയും ചേർന്ന് പുറത്തിറക്കിയ സംയുക്ത പ്രസ്‌താവനയിൽ പറയുന്നത്.

നിലവിൽ കണക്കുകൾ പരിശോധിക്കുമ്പോൾ ഓസ്‌ട്രേലിയയുടെ അഞ്ചാമത്തെ വലിയ വ്യാപാര പങ്കാളിയാണ് ഇന്ത്യ. ഓസ്‌ട്രേലിയൻ ഗവൺമെന്റിന്റെ കണക്കുകൾ പ്രകാരം 2024-2025 സാമ്പത്തിക വർഷത്തിൽ ചരക്കുകളുടെയും സേവനങ്ങളുടെയും ടു-വേ വ്യാപാരം 54.4 ബില്യൺ ഓസ്‌ട്രേലിയൻ ഡോളർ (37.7 ബില്യൺ യുഎസ് ഡോളർ) ആയിരുന്നു.

ഇന്തോനേഷ്യ സന്ദർശിച്ച ശേഷമാണ് പ്രധാനമന്ത്രി മോദി ഓസ്‌ട്രേലിയയിൽ എത്തിയത്, അവിടെ കൃഷി, പ്രതിരോധം എന്നിവയുമായി ബന്ധപ്പെട്ട കരാറുകളിൽ ഒപ്പുവയ്ക്കുകയും ചെയ്‌തിരുന്നു. ഇന്ത്യയിലേക്ക് മടങ്ങുന്നതിന് മുമ്പ് അദ്ദേഹം ഇന്ന് ന്യൂസിലൻഡിലേക്ക് പോകും. അവിടെയും നിർണായക കരാറുകളിൽ ഉൾപ്പെടെ ഒപ്പുവച്ചേക്കും.