ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേ ഇടനാഴിയിൽ ടോൾ നിരക്ക് ഉയർത്തി ദേശീയപാത അതോറിറ്റി. പുതിയ പുതിയ വിജ്ഞാപന പ്രകാരം ഹൊസകോട്ടിനും കെ.ജി.എഫ്-ബെതമംഗലയ്ക്കും (സുന്ദരപാളയ) ഇടയിലുള്ള 71 കീമി റോഡിലൂടെ യാത്ര ചെയ്യുന്ന കാറുകൾ, ജീപ്പുകൾ, വാനുകൾ, മറ്റ് ഭാരം കുറഞ്ഞ വാഹനങ്ങൾ എന്നിവയ്ക്ക് ഒരു ഭാഗത്തേക്ക് മാത്രം 150 രൂപ ടോൾ നൽകേണ്ടി വരും. അതേ ദിവസം തന്നെ തിരിച്ചുള്ള യാത്രക്ക് 225 രൂപയാണ് നൽകേണ്ടത്. അതേസമയം പ്രതിമാസ പാസ് (50 ദിവസത്തേക്കുള്ള യാത്ര) 4,955 രൂപയാണ്. കെജിഎഫ്-ബെതമംഗലയിൽ (സുന്ദരപാളയ) നിന്ന് ഹൊസകോട്ട് (ഹെഡാജിനബെലെ) ഭാഗത്തേക്ക് യാത്ര ചെയ്യുന്നതിനും ഇതേ നിരക്ക് തന്നെയായിരിക്കും.
എക്സ്പ്രസ് വേയിൽ കർണാടകയുടെ ഭാഗത്ത് ഹൊസകോട്ടിനടുത്തുള്ള ഹെഡാജിനബെലെയിലാണ് ഒരു ടോൾ പ്ലാസ ഉള്ളത്. ഹൊസകോട്ട് നിന്ന് മാലൂർ ഭാഗത്തേക്ക് അഗ്രഹാരയിൽ മറ്റൊരു ടോൾ പ്ലാസ കൂടിയുണ്ട്. കെജിഎഫിൽ ബിഇഎംഎൽ നഗറിന് സമീപം കൃഷ്ണവാരത്താണ് മൂന്നാമത്തെ ടോൾ. ഏറ്റവും അവസാന ടോൾ വരുന്നത് സുന്ദരപാളയത്താണ്.
ഹോസ്കോട്ടയിൽ നിന്നും കെജിഎഫിലേക്ക് പോകുന്നവർ ആദ്യം ടോൾ നൽകേണ്ടത് ഹെഡാജിനബെലെയിലാണ്. കാർ യാത്രക്കാരും ജീപ്പ് യാത്രക്കാരും കൃഷ്ണവാരം ടോൾ പ്ലാസ കടക്കാൻ 120 രൂപയാമ് ടോൾ നൽകേണ്ടത്. അതേസമയം സുന്ദരപാളയ ടോൾ പ്ലാസ കടക്കാൻ 150 രൂപയും നൽകണം. അതേസമയം മാലൂരിലേക്ക് പോകുന്ന യാത്രക്കാർ അഗ്രഹാര ടോൾ പ്ലാസ കടക്കാൻ 50 രൂപയാണ് നൽകേണ്ടത്. നിലവിൽ കാറുകൾ, ജീപ്പുകൾ, മിനി ബസുകൾ, ബസുകൾ, ട്രക്കുകൾ എന്നിവയ്ക്ക് മാത്രമാണ് എക്സ്പ്രസ് വേയിലൂടെ യാത്ര ചെയ്യാൻ അനുമതി ഉള്ളത്. ഇരുചക്ര വാഹനങ്ങൾ, ട്രാക്ടറുകൾ, ഓട്ടോറിക്ഷകൾ എന്നിവയ്ക്ക് പ്രവേശനാനുമതി ഇല്ല. ഹൊസകോട്ടിനും കെജിഎഫിനും (സുന്ദരപാളയ) ഇടയിൽ ഒരു വശത്തേക്ക് മാത്രം യാത്ര ചെയ്യാൻ ലൈറ്റ് കൊമേഴ്സ്യൽ വാഹനങ്ങൾ, ചരക്കുവാഹനങ്ങൾ, മിനി ബസുകൾ എന്നിവയ്ക്ക് 240 രൂപയാണ് ടോൾ ആയി നിശ്ചയിച്ചിരിക്കുന്നത്. മടക്കയാത്രയ്ക്ക് 360 രൂപയും നിശ്ചയിച്ചിട്ടുണ്ട്. ലോറികൾ , ബസുകൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾക്ക് 505 രൂപയാണ് ഒരു ഭാഗത്തേക്ക് നൽകേണ്ടത്, തിരിച്ചുള്ള യാത്രയ്ക്ക് 755 രൂപയും. മൂന്ന് ആക്സിലുകളുള്ള വാണിജ്യ വാഹനങ്ങൾക്കും ഒരു ഭാഗത്തേക്കുള്ള യാത്രക്ക് 550 രൂപയാണ് ഈടാക്കുക. നാല് മുതൽ ആറ് വരെ ആക്സിലുകളുള്ള വാഹനങ്ങൾക്ക് 790 രൂപയും ഏഴിൽ കൂടുതൽ ആക്സിലുകളുള്ള വാഹനങ്ങൾക്ക് 960 രൂപയുമാണ് ഇനി മുതൽ ഈടാക്കുക. പുതിയ നിരക്കുകൾ 2027 മാർച്ച് 31 മുതൽ വരെ തുടരുമെന്ന് അധികൃതർ അറിയിച്ചു.