ബെംഗളൂരിൽ ഓണ്‍ലൈനായി ഫുഡ് ഓഡർ ചെയ്യുന്നവർ പെടും?; സ്വിഗ്ഗിയും സൊമാറ്റോയും ബഹിഷ്കരിക്കാൻ റസ്റ്റോറന്റ് അസോസിയേഷൻ

ബെംഗളൂരു നിവാസികളുടെ, പ്രത്യേകിച്ച് ഐടി മേഖലയിൽ ജോലി ചെയ്യുന്നവരുടെ ജീവിതത്തിലെ അവിഭാജ്യ ഘടകമാണ് ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമുകളായ സ്വിഗ്ഗിയും സൊമാറ്റോയും. ഇവിടെ നിന്നും ഇഷ്ട ഭക്ഷണം ഓഡർ ചെയ്ത് കഴിക്കാത്ത ഒരു ദിവസം പോലും ഇവരുടെ ജീവിതത്തിൽ ഉണ്ടായിരിക്കില്ല. എന്നാൽ ഓഗസ്റ്റ് 15 മുതൽ നിങ്ങളുടെ ഇഷ്ടഭക്ഷണങ്ങൾ ഈ പ്ലാറ്റ്ഫോമുകളിൽ ലഭിച്ചേക്കില്ല. കാരണം സ്വിഗ്ഗിയേയും സൊമാറ്റോയേയും പൂർണമായി ബഹിഷ്കരിക്കാനൊരുങ്ങുകയാണ് ബെംഗളൂരിലെ റെസ്റ്റോറൻ്റ് അസോസിയേഷൻ.

Advertisement

ഉയർന്ന കമ്മീഷൻ നിരക്ക്, റസ്റ്റോറന്റുകളുടെ അനുമതിയില്ലാത്ത ഏർപ്പെടുത്തുന്ന ഡിസ്കൌണ്ടുകൾ, ചാർജുകളിലെ സുതാര്യത ഇല്ലായ്മ ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് നീക്കം. വാടക, ജീവനക്കാരുടെ ശമ്പളം, അസംസ്‌കൃത വസ്തുക്കൾ തുടങ്ങിയ എല്ലാ ഭാരിച്ച ചെലവുകളും തങ്ങൾ വഹിക്കുമ്പോൾ ഈ പ്ലാറ്റ്ഫോമുകൾ തങ്ങളുടെ വരുമാനത്തെ കാർന്ന് തിന്നുകയാണെന്നാണ് അസോസിയേഷനുകൾ ആരോപിക്കുന്നത്.

Advertisement

കമ്മീഷനിലും മറ്റ് കിഴിവുകളിലുമെല്ലാം തങ്ങളുടെ ആവശ്യങ്ങൾ കൂടി പരിഗണിച്ച് തീരുമാനം എടുത്തില്ലെങ്കിൽ ഓഗസ്റ്റ് 15 ന് ശേഷം ഈ പ്ലാറ്റ്ഫോമുകളുമായി സഹകരിക്കില്ലെന്ന് അസോസിയേഷനുകൾ വ്യക്തമാക്കി.

റെസ്റ്റോറൻ്റുകളുടെ പ്രധാന ആവശ്യങ്ങൾ ഇങ്ങനെ

ഭക്ഷണത്തെ കുറിച്ച് ഒരു ഉപഭോക്താവ് പരാതി ഉന്നയിച്ചാൽ ഉടൻ തന്നെ പണം ഓട്ടോമാറ്റിക്കായി കുറക്കരുത്

ഭക്ഷണം തയ്യാറാക്കിയതിന് ശേഷം ഓർഡർ കാൻസൽ ചെയ്താൽ അതിൻ്റെ നഷ്ടം റെസ്റ്റോറൻ്റുകൾ വഹിക്കുന്ന സാഹചര്യം വരരുത്.

പ്രൊമോഷണൽ ക്യാമ്പെയ്‌നുകളും പരസ്യ ചെലവുകളും റെസ്റ്റോറൻ്റുകളുടെ രേഖാമൂലമുള്ള അനുമതിയില്ലാതെ നൽകരുത്

ഏതൊക്കെ ഭക്ഷണത്തിനാണ് വിലക്കുറവ് ഏർപ്പെടുത്തിയത് എന്നത് സംബന്ധിച്ചുള്ള സമഗ്രമായ വിവരങ്ങൾ നൽകണം

Advertisement

റസ്റ്റോറന്റുകളുടെ അനുമതിയില്ലാതെ യാതൊരുവിധത്തിലുള്ള ഡിസ്കൌണ്ടുകളും അനുവദിക്കരുത്

പേയ്മൻ്റ് സംബന്ധിച്ചുള്ള പൊരുത്തക്കേടുകൾ എത്രയും പെട്ടെന്ന് പരിഹരിക്കുന്നതിനായി ഓരോ ഹോട്ടലുകൾക്കും പ്രത്യേക റിലേഷൻഷിപ്പ് മനേജർമാരെ നിയമിക്കണം

ഈ ആവശ്യങ്ങൾ അംഗീകരിച്ചാൽ പ്ലാറ്റ്ഫോമുകളുമായി സഹകരിച്ച് മുൻപോട്ട് പോകുമെന്നും മറിച്ചാണ് തീരുമാനമെങ്കിൽ ഓഗസ്റ്റ് 15 ന് ശേഷം യാതൊരു സഹകരണവും പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് അസോസിയേഷനുകളുടെ മുന്നറിയിപ്പ്.

'ആവശ്യങ്ങൾ അവർ പരിഗണിക്കണം. ഭക്ഷണ വിലയിൽ നിന്നും ഏകപക്ഷീയമായി പണം കുറക്കുന്നതും ഡിസ്കൌണ്ടുകൾ നൽകാൻ നിർബന്ധിക്കുന്നതുമൊന്നും ഒരു തരത്തിലും അംഗീകരിക്കാൻ സാധിക്കില്ല. ഇത് റെസ്റ്റോറൻ്റുകൾക്ക് മാത്രമല്ല ഉപഭോക്താക്കൾക്കും ഒരു ബാധ്യതയായി മാറുകയാണ്',ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ പ്രസിഡന്റ് പിസി റാവുവിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. വരും ദിവസങ്ങളിൽ ഞങ്ങൾ സ്വിഗിയുമായി ചർച്ച നടത്തും. വെറും ഉറപ്പുകൾ മാത്രം പോര. കാര്യങ്ങൾ പ്രാവർത്തിക്കമാക്കാൻ അവർ തയ്യാറാകണം', അദ്ദേഹം പറഞ്ഞു.