ബെംഗളൂരുവിലെ ഗതാഗത കുരുക്ക് കൂട്ടി സര്‍വീസ് റോഡ് അടച്ചിടല്‍. ബയ്യപ്പനഹള്ളി, കസ്തൂരി നഗര്‍, ടി സി പാള്യ മെയിന്‍ റോഡ് ജംഗ്ഷന്‍ എന്നിവയെ വൈറ്റ്ഫീല്‍ഡുമായി ബന്ധിപ്പിക്കുന്ന തിരക്കേറിയ ഔട്ടര്‍ റിംഗ് റോഡില്‍ ( ഒ ആര്‍ ആര്‍ ) ഒരു പ്രധാന സര്‍വീസ് റോഡ് ടാറിംഗ് ജോലികള്‍ക്കായി അടച്ചതിനെ തുടര്‍ന്ന് വ്യാഴാഴ്ച ഉച്ചയോടെ കനത്ത ഗതാഗത കുരുക്കാണ് ഇവിടെ അനുഭവപ്പെട്ടത്.
സാധാരണയായി 10 മിനിറ്റില്‍ താഴെ സമയം കൊണ്ട് പിന്നിടാവുന്ന 1.5 കിലോമീറ്റര്‍ ദൂരം താണ്ടാന്‍ യാത്രക്കാര്‍ക്ക് 60 മുതല്‍ 90 മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു. ടി സി പാള്യ, രാമമൂര്‍ത്തി നഗര്‍, ബയ്യപ്പനഹള്ളി എന്നിവിടങ്ങളില്‍ നിന്ന് കെ ആര്‍ പുരം ഫ്‌ലൈ ഓവര്‍, വൈറ്റ്ഫീല്‍ഡ്, ഹെബ്ബാള്‍, കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിലേക്ക് പോകുന്ന ആയിരക്കണക്കിന് ഐ ടി പ്രൊഫഷണലുകളും ചരക്ക് വാഹനങ്ങളും മറ്റ് യാത്രക്കാരും ആശ്രയിക്കുന്ന പ്രധാന പാതയാണിത്.
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും ടാറിംഗിനുമായി സര്‍വീസ് റോഡ് പൂര്‍ണ്ണമായും തടസ്സപ്പെടുത്തിയതോടെ, വലിയ ബി എം ടി സി ബസുകളും സ്വകാര്യ വാഹനങ്ങളും ഇരുചക്ര വാഹനങ്ങളും പ്രധാന പാതയിലേക്ക് പ്രവേശിക്കേണ്ടി വന്നു. ഇത് ഗതാഗതത്തിന്റെ വേഗത ഗണ്യമായി കുറച്ചു. 'സര്‍വീസ് റോഡ് ജംഗ്ഷന് സമീപമുള്ള 1.5 കിലോമീറ്റര്‍ ദൂരം പിന്നിടാന്‍ എനിക്ക് 60 മിനിറ്റിലധികം സമയമെടുത്തു,' യാത്രക്കാരനായ അരുണ്‍ കുമാര്‍ പറഞ്ഞു. ടാറിംഗ് ജോലികള്‍ കാരണം സര്‍വീസ് റോഡ് പൂര്‍ണമായി അടച്ചിരിക്കുകയാണ്, പ്രധാന റോഡില്‍ കനത്ത ഗതാഗതക്കുരുക്കും അനുഭവപ്പെടുന്നു. തിരക്കുള്ള സമയങ്ങളില്‍ വാഹനങ്ങള്‍ നിയന്ത്രിക്കാന്‍ ട്രാഫിക് ഉദ്യോഗസ്ഥര്‍ ആരും തന്നെ ഉണ്ടായിരുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. ഒരേ പാതയില്‍ കെ-റൈഡിന്റെ ബെംഗളൂരു സബര്‍ബന്‍ റെയില്‍ പദ്ധതിയും ബി എം ആര്‍ സി എല്ലിന്റെ മെട്രോ-എയര്‍പോര്‍ട്ട് പാത നിര്‍മ്മാണവും ഒരേസമയം നടക്കുകയാണ്. ഈ സാഹചര്യത്തില്‍ ഏകോപനമില്ലാത്ത രീതിയിലുള്ള തടസപ്പെടുത്തലുകള്‍ വലിയ ദുരന്തങ്ങള്‍ക്ക് വഴിവെക്കും എന്ന് പ്രദേശവാസികള്‍ ഡെക്കാണ്‍ ഹെറാള്‍ഡിനോട് പറഞ്ഞത്. വാഹനങ്ങള്‍ക്ക് സുഗമമായി സഞ്ചരിക്കാവുന്ന ബദല്‍ വഴികള്‍ ഒരുക്കാതെ സര്‍വീസ് റോഡ് പൂര്‍ണ്ണമായും അടച്ചിടാന്‍ പാടില്ലായിരുന്നു എന്നും സര്‍വീസ് റോഡ് മാത്രം ഉപയോഗിക്കുന്നവര്‍ക്കും പ്രധാന റോഡ് ഉപയോഗിക്കുന്നവര്‍ക്കും ഒരുപോലെ ബുദ്ധിമുട്ട് നേരിടേണ്ടി വരും എന്നും പ്രദേശവാസികള്‍ പറയുന്നു.