ബെംഗളൂരുവിൽ നിന്നുള്ള ഈ വന്ദേഭാരത് സർവ്വീസുകളുടെ സമയം മാറും; പുതിയ സമയക്രമം ഇങ്ങനെ

ബെംഗളൂരുവിൽ നിന്ന് സർവീസ് നടത്തുന്ന കലബുറഗി, ബെലഗാവി വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുകളുടെ ബേസ് സ്റ്റേഷൻ യശ്വന്ത്പൂരിലേക്ക് മാറ്റാനൊരുങ്ങി റെയിൽവെ. സാങ്കേതിക കാരണങ്ങളാലും സൗകര്യപ്രദവുമാക്കുന്നതിനാണ് മാറ്റമെന്ന് റെയിൽവെ അറിയിച്ചു. ഓഗസ്റ്റ് മുതലായിരിക്കും പുതിയ മാറ്റം. നിലവിൽ എസ്എംവിടി ബെംഗളൂരു (ബയ്യപ്പനഹള്ളി), കെഎസ്ആർ ബെംഗളൂരു (മജസ്റ്റിക്) സ്റ്റേഷനുകളിൽ നിന്നാണ് ഈ ട്രെയിൻ പുറപ്പെടുന്നത്. റെയിൽവേ ബോർഡിന്റെ അനുമതി ലഭിച്ചാൽ ഓഗസ്റ്റ് ആദ്യ ആദ്യ ആഴ്ച മുതൽ പുതിയ സമയക്രമം നിലവിൽ വരും.

Advertisement

പുതിയ നിർദ്ദേശപ്രകാരം ആഴ്ചയിൽ ആറുദിവസവും ഉച്ചയ്ക്ക് 2.40-ന് എസ്എംവിടിയിൽ നിന്ന് പുറപ്പെട്ടിരുന്ന കലബുറഗി വന്ദേഭാരത് അതേസമയത്ത് ഇനി യശ്വന്ത്പൂരിൽ നിന്ന് യാത്ര തിരിക്കും. നിലവിൽ ഉച്ചയ്ക്ക് 2.20-ന് കെഎസ്ആർ ബെംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന ബെലഗാവി വന്ദേഭാരത്, പുതിയ മാറ്റം വരുന്നതോടെ 12 മിനിറ്റ് വൈകി 2.32-നായിരിക്കും യശ്വന്ത്പൂരിൽ നിന്ന് പുറപ്പെടുക.

Advertisement

മടക്ക സർവീസുകളുടെ സമയത്തിലും മാറ്റമുണ്ടാകും. കലബുറഗിയിൽ നിന്നുള്ള വന്ദേഭാരത് നിലവിലെ സമയത്തേക്കാൾ 20 മിനിറ്റ് വൈകി ഉച്ചയ്ക്ക് 2.10-ന് യശ്വന്ത്പൂരിലെത്തും. നിലവിൽ ഇത് 1.50-നാണ് എസ്എംവിടിയിൽ എത്തിയിരുന്നത്. ബെലഗാവിയിൽ നിന്നുള്ള വന്ദേഭാരതും നിലവിലെ സമയമായ 1.50-ന് പകരം 20 മിനിറ്റ് വൈകി ഉച്ചയ്ക്ക് 2.10-നായിരിക്കും യശ്വന്ത്പൂരിൽ സർവീസ് അവസാനിപ്പിക്കുക.

രണ്ട് ട്രെയിനുകളുടെയും കോച്ചുകൾ ഒന്നിച്ച് ചേർത്ത് സർവീസ് നടത്തുന്നതിന് വേണ്ടിയാണ് റെയിൽവേ ഈ മാറ്റം നടത്തുന്നത്. നിലവിൽ രണ്ട് ട്രെയിനുകൾക്കും പ്രത്യേകം കോച്ചുകളാണ് ഉപയോഗിക്കുന്നത്. എന്നാൽ പുതിയ സമയക്രമം വരുന്നതോടെ ഇവ പരസ്പരം പങ്കിട്ട് ഉപയോഗിക്കും.

Advertisement

അതേസമയം, രണ്ട് പ്രധാന സർവീസുകൾ യശ്വന്ത്പൂരിലേക്ക് മാറ്റുന്നത് നിലവിൽ ഇവിടെ നിന്ന് സർവീസ് നടത്തുന്ന മറ്റ് ട്രെയിനുകളുടെ സമയക്രമത്തേയും ബാധിക്കും. ബെംഗളൂരുവിനെയും ഹൈദരാബാദിനെയും ബന്ധിപ്പിക്കുന്ന കാച്ചിഗുഡ-യശ്വന്ത്പൂർ വന്ദേഭാരത് എക്സ്പ്രസിന്റെ സമയത്തിലായിരിക്കും പ്രധാനമായും മാറ്റം വരാൻ സാധ്യത.

കർണാടകയിൽ ഏറ്റവും കുറവ് ആളുകൾ യാത്ര ചെയ്യുന്ന രണ്ട് വന്ദേഭാരത് സർവീസുകളാണ് ബെലഗാവിയും കലബുറഗിയും. റെയിൽവേയുടെ കണക്കുകൾ പ്രകാരം ബെലഗാവിയിൽ നിന്നുള്ള സർവീസിലാണ് ഏറ്റവും കുറവ് ബുക്കിംഗ് നടക്കുന്നത്. വെറും 64.3 ശതമാനം മാത്രം. 2025 ഓഗസ്റ്റ് മുതൽ 2026 ഏപ്രിൽ വരെയുള്ള കാലയളവിൽ 8.9 കോടി രൂപ മാത്രമാണ് ഈ സർവീസിൽ നിന്ന് വരുമാനമായി ലഭിച്ചത്.