യാത്രക്കാരുടെ പേടി സ്വപ്‌നമായി ബെംഗളൂരു വിൻഡ് ടണൽ അണ്ടർപാസ്; പൊടിയും ഗതാഗത കുരുക്കും പതിവ്!


ബെംഗളൂരു: നഗരത്തിലെ തന്നെ ഏറ്റവും തിരക്കേറിയ വിൻഡ് ടണൽ റോഡ്-ഓൾഡ് എയർപോർട്ട് റോഡ് ജംഗ്ഷനിലെ അണ്ടർപാസ് നിർമ്മാണം വൈകുന്നതിൽ ആശങ്ക അറിയിച്ച് യാത്രക്കാരും സമീപവാസികളും. ഏറെ നാളായി മുടങ്ങിക്കിടക്കുന്ന അണ്ടർപാസിന്റെ നിർമ്മാണം യാത്രക്കാരെയും സമീപവാസികളെയും കാര്യമായി ബുദ്ധിമുട്ടിലാക്കുകയാണ്. പൊടി, ഗതാഗതം വഴിതിരിച്ചുവിടൽ, തകർന്ന ഫുട്‌പാത്തുകൾ, എന്നിവയാണ് പ്രധാനമായും ആളുകളെ വലയ്ക്കുന്നത്.

Advertisement

മെയ് 1 മുതൽ 60 ദിവസത്തേക്ക് റോഡ് അടച്ചിട്ടിരിക്കുമെന്നാണ് അധികൃതർ മുൻപ് പറഞ്ഞതെന്ന് സമീപവാസികൾ പറയുമ്പോൾ മറുവശത്ത് അധികൃതർ ഇത് നിഷേധിക്കുകയാണ്. വിൻഡ് ടണൽ റോഡിന് (ഐഎസ്ആർഒ ജംഗ്ഷൻ) സമീപം നിർമ്മാണം സുഗമമാക്കുന്നതിന് മെയ് 1 മുതൽ 60 ദിവസത്തേക്ക് ഗതാഗത നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരുമെന്ന് നേരത്തെ പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുകയും ചെയ്‌തിരുന്നു.

Advertisement

രണ്ട് മാസത്തേക്ക് റോഡ് അടച്ചിടുമെന്ന് തങ്ങളെ അറിയിച്ചിട്ടുണ്ടെന്ന് സമീപവാസികൾ പറയുന്നു. എന്നാൽ പദ്ധതിയെ ഏകോപിപ്പിക്കുന്ന ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (ജിബിഎ) ഉദ്യോഗസ്ഥൻ ഇത് നിഷേധിക്കുകയാണ് ചെയ്യുന്നത്. മെയ് രണ്ടാം വാരത്തിൽ മാത്രമാണ് പദ്ധതിക്ക് അനുമതി ലഭിച്ചതെന്നും ജൂൺ ഒന്നിന് നിർമാണം ആരംഭിച്ചെന്നും അധികൃതർ പറഞ്ഞു.

19.5 കോടി രൂപയുടെ പദ്ധതി മൂന്ന് വർഷത്തോളം വൈകുകയും 11 വർഷമായി കടലാസിൽ ഒതുങ്ങുകയുമായിരുന്നു. 300 മീറ്ററിൽ ആറുവരി അടിപ്പാതയുടെ നിർമ്മാണമാണ് ഇവിടെ നടക്കുക. ഇത് കാലാവസ്ഥ അനുകൂലമായാൽ ഏകദേശം ആറ് മാസത്തിനുള്ളിൽ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. മൂന്ന് ഘട്ടങ്ങളിലായി ആർഎൻഎസ് ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡാണ് പ്രവൃത്തി നടത്തുന്നത്.

Advertisement

ദിവസവും സ്ട്രെച്ച് ഉപയോഗിക്കുന്ന പലർക്കും പൊടിപടലം വലിയ ഉപദ്രവമായി മാറിയിരിക്കുകയാണ്. കാൽനടയാത്ര മേഖല സുരക്ഷിതമല്ലാതായി മാറിയെന്നും ആക്ഷേപമുണ്ട്. അതേസമയം, രണ്ട് ഷിഫ്റ്റുകളിലായാണ് നിർമ്മാണം നടക്കുമ്പോൾ ട്രാഫിക് പോലീസിൻ്റെയും അധിക പാതയുടെയും സഹായത്തോടെ ഗതാഗതം നിയന്ത്രിക്കുന്നതെന്ന് ജിബിഎ ഉദ്യോഗസ്ഥൻ പറഞ്ഞു.

ഒക്ടോബറിൽ പദ്ധതി പൂർത്തിയാക്കാൻ ശ്രമിക്കുന്നു, പക്ഷേ നവംബർ വരെ പ്രവർത്തിക്കാൻ ഞങ്ങൾക്ക് അനുമതിയുണ്ടെന്നാണ് ഉദ്യോഗസ്ഥർ അറിയിച്ചത്. മൂന്ന് ഘട്ടങ്ങളായാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തിൽ സർവീസ് റോഡുകളുടെയും സംരക്ഷണഭിത്തികളുടെയും നിർമ്മാണവും തുടർന്ന് സെൻട്രൽ അണ്ടർപാസ് ബോക്‌സിന്റെ പണിയും ഉൾപ്പെടുന്നു.

അവസാന ഘട്ടത്തിൽ റോഡ് പുനരുദ്ധാരണവും ഗ്രാവിറ്റി ഡ്രെയിനുകളുടെ നിർമ്മാണവും ഉൾപ്പെടുന്നു. എച്ച്എഎൽ ഭാഗത്തേക്കുള്ള 35 മീറ്റർ സംരക്ഷണഭിത്തി പൂർത്തിയായതായും മണിപ്പാൽ ആശുപത്രിയിലേക്കുള്ള 175 മീറ്റർ സംരക്ഷണഭിത്തിയുടെ പണി നടന്നുവരികയാണെന്നും അധികൃതർ അറിയിച്ചു.