വരുമാനം കൂട്ടാൻ പുതിയ നീക്കവുമായി ബെംഗളൂരുവിലെ ബിഎംടിസി ബസുകൾ; ശബ്‌ദ പരസ്യം നൽകും..!

ബെംഗളൂരു: സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ പുതിയ വരുമാന മാർഗങ്ങൾ വർധിപ്പിക്കുന്നതിന്റെ ഭാഗമായി ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) ആദ്യമായി ബസുകളിൽ ശബ്‌ദപരസ്യങ്ങൾ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. ഡീസൽ വില വർധിച്ചതും സ്ത്രീകൾക്കുള്ള 'ശക്തി' സൗജന്യ യാത്രാ പദ്ധതിയുടെ കുടിശ്ശിക സർക്കാർ സമയത്ത് നൽകാത്തതുമാണ് ബിഎംടിസിയെ പുതിയ വരുമാന മാർഗങ്ങൾ തേടാൻ പ്രേരിപ്പിച്ചത്.

Advertisement

ഇതിനായി ഉടൻ തന്നെ ഒരു ഏജൻസിയെ തിരഞ്ഞെടുക്കാൻ ടെൻഡർ ക്ഷണിക്കുമെന്ന് ബിഎംടിസി അധികൃതർ അറിയിച്ചു. നിലവിൽ എല്ലാ ബസുകളിലും അടുത്ത സ്‌റ്റോപ്പുകൾ അറിയിക്കുന്ന ശബ്‌ദ പ്രഖ്യാപന സംവിധാനം പ്രവർത്തിക്കുന്നുണ്ട്. ഈ സ്‌റ്റോപ്പ് പ്രഖ്യാപനങ്ങൾക്കിടയിലായിരിക്കും പരസ്യങ്ങൾ സംപ്രേഷണം ചെയ്യുക. രാജ്യത്തെ സർക്കാർ ഉടമസ്ഥതയിലുള്ള ബസ് ഗതാഗത സ്ഥാപനങ്ങളിൽ ഇത്തരമൊരു സംവിധാനം ആദ്യമായി നടപ്പാക്കുന്നത് ബിഎംടിസിയാണെന്നും അധികൃതർ വ്യക്തമാക്കി.

Advertisement

ഇന്ത്യൻ റെയിൽവേയും ഡൽഹി മെട്രോയും സമാന രീതിയിലുള്ള പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും ബസുകളിൽ ഇത് ആദ്യമായിരിക്കും. നിലവിൽ ബിഎംടിസിക്ക് 6981 ബസുകളുണ്ട്. ഇതിൽ 1759 എണ്ണം ഇലക്ട്രിക് ബസുകളാണ്. പ്രതിദിനം ഏകദേശം 45 ലക്ഷം യാത്രക്കാരാണ് ബിഎംടിസി ബസുകൾ ഉപയോഗിക്കുന്നത്. യാത്രാ ടിക്കറ്റിലൂടെ മാത്രം പ്രതിദിനം ഏകദേശം 7.21 കോടി രൂപയുടെ വരുമാനമാണ് ലഭിക്കുന്നത്.

വലിയ യാത്രക്കാരുടെ ശൃംഖല ഉള്ളതിനാൽ കമ്പനികൾക്ക് പരസ്യം നൽകാൻ മികച്ച അവസരമാണിതെന്നും ഇതിലൂടെ ബിഎംടിസിക്കും പരസ്യദാതാക്കൾക്കും ഒരുപോലെ നേട്ടമുണ്ടാകുമെന്നും അധികൃതർ പറഞ്ഞു. എന്നാൽ ബസുകളിൽ ഇടയ്ക്കിടെ ശബ്‌ദപരസ്യങ്ങൾ കേൾക്കേണ്ടിവരുന്നത് യാത്രക്കാർക്ക് ബുദ്ധിമുട്ടാകുമെന്ന ആശങ്കയും ചിലർ ഉയർത്തിയിട്ടുണ്ട്.

Advertisement

ശബ്‌ദപരസ്യങ്ങൾ മാത്രമല്ല, വരുമാനം വർധിപ്പിക്കാൻ മറ്റ് പദ്ധതികളും ബിഎംടിസി ആലോചിക്കുന്നുണ്ട്. ഇലക്ട്രോണിക് ടിക്കറ്റിംഗ് മെഷീനിൽ നിന്ന് ലഭിക്കുന്ന ടിക്കറ്റുകളുടെ പിൻവശത്ത് പരസ്യങ്ങൾ അച്ചടിക്കുന്നതിനുള്ള ടെൻഡർ ഇതിനകം ക്ഷണിച്ചിട്ടുണ്ട്. കൂടാതെ ഓരോ സീറ്റിന്റെയും പിന്നിൽ ക്യൂആർ കോഡ് സ്ഥാപിച്ച് അത് സ്‌കാൻ ചെയ്യുമ്പോൾ പരസ്യദാതാക്കളുടെ വെബ്സൈറ്റിലേക്കോ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലേക്കോ യാത്രക്കാരെ എത്തിക്കുന്ന പദ്ധതിയും പരിഗണനയിലാണ്.

വരുമാനം വർധിപ്പിക്കാനുള്ള ഈ നീക്കങ്ങൾക്കൊപ്പം ബിഎംടിസി നിരക്ക് വർധനയും സർക്കാർ പരിഗണിക്കുന്നുണ്ട്. കഴിഞ്ഞ അഞ്ച് മുതൽ ആറ് മാസത്തിനിടെ ഡീസൽ വില നാല് തവണ വർധിച്ചെങ്കിലും യാത്രാനിരക്കിൽ മാറ്റം വരുത്തിയിരുന്നില്ലെന്ന് ഗതാഗത മന്ത്രി ബൈരതി സുരേഷ് പറഞ്ഞിരുന്നു. പൊതുജനങ്ങൾക്ക് അധികഭാരം സൃഷ്‌ടിക്കാതെ ഗതാഗത കോർപ്പറേഷനുകളുടെ നഷ്‌ടം കുറയ്ക്കുന്ന രീതിയിലാണ് നിരക്ക് പരിഷ്‌കരണം പരിഗണിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisement

കോൺഗ്രസ് സർക്കാരിന്റെ 'ശക്തി' പദ്ധതിയുടെ ഭാഗമായി സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചതിന്റെ നഷ്‌ടപരിഹാരമായി സംസ്ഥാനത്തെ ഗതാഗത കോർപ്പറേഷനുകൾക്ക് ലഭിക്കാനുള്ള ഏകദേശം 5500 കോടി രൂപ ഇപ്പോഴും കുടിശ്ശികയാണെന്നും ഈ തുക എത്രയും വേഗം അനുവദിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ജീവനക്കാരുടെ ശമ്പള കുടിശ്ശിക ഉൾപ്പെടെയുള്ള സാമ്പത്തിക വിഷയങ്ങളും സർക്കാർ ഉടൻ വിലയിരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.