ബെംഗളൂരു: ബിദാദിയിൽ ടൗൺഷിപ്പ് പദ്ധതി നടപ്പാക്കുന്നതിനായി ഭൂമി ഏറ്റെടുക്കാൻ സർക്കാർ നീക്കം നടത്തുന്നതിനിടെ എതിർപ്പ് കൂടുതൽ ശക്തമാവുന്നു. പദ്ധതിയുടെ സാമൂഹിക പ്രത്യാഘാതങ്ങൾ വിലയിരുത്തുന്ന സോഷ്യൽ ഇംപാക്റ്റ് സ്‌റ്റഡി നടത്തണമെന്ന് മുൻ സുപ്രീം കോടതി ജഡ്‌ജി ജസ്‌റ്റിസ് വി ഗോപാല ഗൗഡ ആവശ്യപ്പെട്ടു. ബിദാദിയിലെ ബൈരമംഗളയും സമീപഗ്രാമങ്ങളിലുമുള്ള കർഷകർ സംഘടിപ്പിച്ച പൊതുജന ഹിയറിംഗിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
സർക്കാർ പുറത്തിറക്കിയ ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനം നിയമപരമായി അസാധുവാണെന്നും ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്ന ഭൂമി ഗ്രേറ്റർ ബെംഗളൂരു ഡെവലപ്മെന്റ് അതോറിറ്റിയുടെ പരിധിയിൽ ഉൾപ്പെടുന്നതല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കർണാടക അർബൻ ഡെവലപ്മെന്റ് ആക്‌ട് പ്രകാരം, അതോറിറ്റിയുടെ പരിധിക്ക് പുറത്തുള്ള പ്രദേശങ്ങളിൽ ടൗൺഷിപ്പ് പദ്ധതി ആസൂത്രണം ചെയ്യാൻ ജിബിഡിഎയ്ക്ക് അധികാരമില്ലെന്നും ജസ്‌റ്റിസ് ഗോപാല ഗൗഡ വ്യക്തമാക്കി.
ഭക്ഷ്യസുരക്ഷയെയും ഗ്രാമീണരുടെ ഉപജീവനമാർഗങ്ങളെയും പ്രതികൂലമായി ബാധിക്കുന്ന ഇത്തരം പദ്ധതികൾ നടപ്പാക്കാൻ പാടില്ലെന്ന് സാമൂഹിക പ്രവർത്തകൻ പ്രകാശ് കമ്മാരെഡ്ഡിയും അഭിപ്രായപ്പെട്ടു. ബൈരമംഗള സ്വദേശിയായ എച്ച്ജി പ്രകാശ് പറയുന്നതനുസരിച്ച്, ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്ന ഭൂമി അതീവ ഫലഭൂയിഷ്‌ഠമാണ്. ഇവിടെ കൃഷിയെ ആശ്രയിച്ച് നിരവധി കുടുംബങ്ങൾ ജീവിക്കുന്നതോടൊപ്പം, ഏകദേശം 25 ശതമാനം സ്ത്രീകൾ ക്ഷീരകർഷകരായി സാമ്പത്തിക സ്വയംപര്യാപ്‌തത കൈവരിച്ചിട്ടുണ്ടെന്നും ടൗൺഷിപ്പ് പദ്ധതി നടപ്പായാൽ അവരുടെ ജീവിതോപാധിയും സാമ്പത്തിക പുരോഗതിയും ഗുരുതരമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ടൗൺഷിപ്പ് പദ്ധതിക്കായി തങ്ങളുടെ ഭൂമി സർക്കാർ ഏറ്റെടുക്കാൻ അനുവദിക്കില്ലെന്നും ആവശ്യമെങ്കിൽ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്നും കർഷകർ വ്യക്തമാക്കി. നേരത്തെ തന്നെ പദ്ധതിയുമായി ബന്ധപ്പെട്ട കർഷകരുടെ എതിർപ്പ് പല കോണുകളിൽ നിന്ന് ശക്തമായിരുന്നു. അതിനിടയിലാണ് വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖരെ കൂടി ഉൾപ്പെടുത്തി കൊണ്ട് കർഷകരും ഭൂവുടമകളും പ്രതിഷേധം ശക്തമാക്കുന്നത്. മുഖ്യമന്ത്രി ഡികെ ശിവകുമാർ പോലും അടുത്തിടെ പദ്ധതിയുമായി ബന്ധപ്പെട്ട വിഷയത്തിൽ നിലപാട് മയപ്പെടുത്തിയിരുന്നു. കർഷകരുടെയും ഭൂവുടമകളുടെയും സമ്മതം കൂടാതെ ബിദാദി ടൗൺഷിപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് മുന്നോട്ട് പോവില്ലെന്നായിരുന്നു അദ്ദേഹം അറിയിച്ചത്. എങ്കിലും പദ്ധതി ഉപേക്ഷിക്കുമെന്ന് സർക്കാർ ഇതുവരെ അറിയിച്ചിട്ടുമില്ല. അതേസമയം, ബെംഗളൂരു-മൈസൂരു സാമ്പത്തിക ഇടനാഴിയിൽ വികസിപ്പിക്കാൻ ലക്ഷ്യമിടുന്ന ഈ പദ്ധതി, ഇന്ത്യയിലെ ആദ്യത്തെ എഐ അധിഷ്ഠിത സംയോജിത ടൗൺഷിപ്പായും മേഖലയിലെ രണ്ടാമത്തെ പ്രധാന നഗരകേന്ദ്രമായും രൂപകൽപ്പന ചെയ്‌തിട്ടുള്ളതാണ്. ആകെ 7431 ഏക്കർ വിസ്‌തൃതിയിൽ വികസിപ്പിക്കുന്ന ഈ മിശ്ര ഉപയോഗ (മിക്‌സഡ്-യൂസ്) ടൗൺഷിപ്പിൽ പാർപ്പിട സമുച്ചയങ്ങൾ, വ്യവസായ മേഖലകൾ, ഓഫീസ് സമുച്ചയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, പാർക്കുകൾ, പൊതുഅടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഉൾപ്പെടും. കൂടാതെ എഐ വ്യവസായങ്ങൾക്കും അനുബന്ധ സാങ്കേതിക മേഖലകൾക്കുമായി ഏകദേശം 2000 ഏക്കർ ഭൂമി പ്രത്യേകമായി മാറ്റിവയ്ക്കാനും പദ്ധതിയുണ്ട്. പദ്ധതി നടപ്പായാൽ വൻതോതിൽ തൊഴിലവസരങ്ങൾ സൃഷ്‌ടിക്കാനും ബെംഗളൂരുവിലെ ജനസാന്ദ്രതയും അടിസ്ഥാന സൗകര്യങ്ങളിലുണ്ടാകുന്ന സമ്മർദ്ദവും കുറയ്ക്കാനും കഴിയുമെന്നാണ് സംസ്ഥാന സർക്കാരിന്റെ അവകാശവാദം.
പൊതുയോഗത്തിൽ സംസാരിച്ച 20-ലധികം ഗ്രാമവാസികൾ, തെറ്റായ പ്രചാരണങ്ങളുടെ അടിസ്ഥാനത്തിലാണ് നിരവധി കർഷകർ ഭൂമി വിട്ടുനൽകാൻ തയ്യാറാകുന്നതെന്ന് ആരോപിച്ചു.