തമിഴ്‌നാട്ടിലെ സ്‌കൂളുകളിൽ ആഴ്‌ചയിൽ ഒരിക്കൽ ബിരിയാണി; മെനു പരിഷ്‌കരിക്കാൻ നീക്കവുമായി ടിവികെ സർക്കാർ

ചെന്നൈ: തമിഴ്‌നാട്ടിലെ സർക്കാർ സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയിൽ പുതിയ പരിഷ്‌കാരങ്ങൾക്ക് ഒരുങ്ങി ടിവികെ സർക്കാർ. ഇതിന്റെ ഭാഗമായി ആഴ്‌ചയിൽ ഒരിക്കൽ ചിക്കൻ ബിരിയാണി നൽകുന്ന കാര്യം സർക്കാർ പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. സ്‌കൂൾ വിദ്യാഭ്യാസ മന്ത്രി രാജ്‌മോഹനാണ് ഈ നിർദേശം മുഖ്യമന്ത്രി വിജയ്‌യുടെ മുന്നിൽ അവതരിപ്പിച്ചത്.

Advertisement

പദ്ധതിയെക്കുറിച്ച് സംസാരിക്കവെ, പല കാലഘട്ടങ്ങളിലായി സ്‌കൂൾ പോഷകാഹാര പദ്ധതിയിൽ പല മാറ്റങ്ങളും ഉണ്ടായിട്ടുണ്ടെന്ന് രാജ്‌മോഹൻ പറഞ്ഞു. കാമരാജർ ഉച്ചഭക്ഷണ പദ്ധതി ആരംഭിച്ചു, കലൈഞ്ജർ കരുണാനിധി മുട്ട ഉൾപ്പെടുത്തി, എംജിആർ അത് പോഷകാഹാര പദ്ധതിയായി വികസിപ്പിച്ചു, ജയലളിത ആഴ്‌ചയിലെ കൂടുതൽ ദിവസങ്ങളിലേക്ക് മുട്ട വിതരണം വ്യാപിപ്പിച്ചു. അതുപോലെ, സർക്കാർ സ്‌കൂളുകളിൽ ആഴ്‌ചയിൽ ഒരിക്കൽ ചിക്കൻ ബിരിയാണി നൽകണമെന്നാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.

Advertisement

നിലവിൽ ഈ നിർദേശം മുഖ്യമന്ത്രി വിജയിന്റെ പരിഗണനയിലാണ്. എന്നാൽ അന്തിമ തീരുമാനം ഇതുവരെ എടുത്തിട്ടില്ല. സ്‌കൂൾ കുട്ടികളുടെ പോഷകാഹാര പദ്ധതികളിൽ തമിഴ്‌നാട് ഏറെക്കാലമായി രാജ്യത്തെ മുൻനിര സംസ്ഥാനങ്ങളിലൊന്നാണ്. തമിഴ്‌നാട്ടിലെ ഉച്ചഭക്ഷണ പദ്ധതി മുൻ മുഖ്യമന്ത്രി കെ കാമരാജർ 1950കളിലാണ് ആരംഭിച്ചത്. പിന്നീട് വന്ന സർക്കാരുകൾ ഭക്ഷണത്തിന്റെ പോഷകമൂല്യവും മെനുവും മെച്ചപ്പെടുത്തി പദ്ധതി കൂടുതൽ വിപുലീകരിച്ചു.

2022 സെപ്റ്റംബറിൽ അന്നത്തെ ഡിഎംകെ സർക്കാർ പ്രാഥമിക സ്‌കൂൾ വിദ്യാർഥികൾക്കായി മുഖ്യമന്ത്രിയുടെ പ്രഭാതഭക്ഷണ പദ്ധതി ആരംഭിച്ചു. പിന്നീട് ഇത് പെരുന്തലൈവർ കാമരാജർ പ്രഭാതഭക്ഷണ പദ്ധതി എന്ന് പുനർനാമകരണം ചെയ്‌തിരുന്നു. ഉച്ചഭക്ഷണ പദ്ധതിക്കൊപ്പം പ്രവർത്തിക്കുന്ന ഈ പദ്ധതിയിലൂടെ സ്‌കൂൾ സമയത്ത് കുട്ടികൾക്ക് രണ്ട് പോഷകസമൃദ്ധമായ ഭക്ഷണം ലഭിക്കുന്ന സാഹചര്യം ഒരുക്കി.

Advertisement

രാജ്‌മോഹന്റെ നിർദ്ദേശം അംഗീകരിക്കുകയാണെങ്കിൽ, സർക്കാർ സ്‌കൂളുകളിലെ ഭക്ഷണ മെനുവിൽ അടുത്തകാലത്തുണ്ടാകുന്ന പ്രധാനപ്പെട്ട മാറ്റങ്ങളിലൊന്നായിരിക്കും ചിക്കൻ ബിരിയാണിയുടെ ഉൾപ്പെടുത്തൽ. കുട്ടികളുടെ പോഷകാഹാരവും സ്‌കൂൾ ഹാജരും മെച്ചപ്പെടുത്തുന്നതിനായി ക്ഷേമപദ്ധതികൾ തുടർച്ചയായി വികസിപ്പിക്കുന്ന തമിഴ്‌നാടിന്റെ പതിവ് രീതിയുടെ ഭാഗമായിരിക്കും ഇതും.

നിലവിലുള്ള പ്രഭാതഭക്ഷണ മെനുവിലും മാറ്റങ്ങൾ വരുത്താൻ സർക്കാർ പദ്ധതിയിടുന്നതായി മന്ത്രി പറഞ്ഞു. നിലവിൽ ഒരു വിദ്യാർഥിക്ക് ഏകദേശം 15 രൂപയാണ് അനുവദിക്കുന്നത്. ഗോതമ്പ്, റവ തുടങ്ങിയ ഒരേ തരത്തിലുള്ള വിഭവങ്ങൾ ആവർത്തിച്ച് നൽകുന്നത് ഒഴിവാക്കി കൂടുതൽ പോഷകഗുണമുള്ളതും കുട്ടികൾക്ക് ഇഷ്‌ടപ്പെടുന്നതുമായ ഭക്ഷണങ്ങൾ ഉൾപ്പെടുത്താനാണ് സർക്കാർ ആലോചിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

Advertisement

അതേസമയം, കേരളത്തിൽ നേരത്തെ തന്നെ ആഴ്‌ച്ചയിൽ ഒരിക്കൽ ബിരിയാണി ഉൾപ്പെടുത്തിയുള്ള മെനു സർക്കാർ പുറത്തിറക്കിയിരുന്നു. എന്നാൽ സാമ്പത്തിക പ്രതിസന്ധി മൂലം അത് മുടങ്ങിയ സാഹചര്യമാണ്. നിലവിൽ സ്‌കൂളുകൾക്ക് ഇതിൽ തീരുമാനം എടുക്കാമെന്നാണ് ഉത്തരവ്. ഈ വേളയിലാണ് തമിഴ്‌നാട്ടിൽ പുതുതായി ഉച്ചഭക്ഷണ മെനു പരിഷ്‌കാരത്തിന്റെ വാർത്തകൾ വരുന്നത്.