ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി ഓപ്പറേഷന്‍ ലോട്ടസുമായി രംഗത്തെത്തിയിട്ടുണ്ട് എന്ന് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. നാഷണല്‍ കോണ്‍ഫറന്‍സ് എംഎല്‍എമാര്‍ക്ക് പണവും മന്ത്രി സ്ഥാനങ്ങളും സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതിനുള്ള ഉറപ്പുകളും വാഗ്ദാനം ചെയ്തുകൊണ്ട് ഭരണ സഖ്യത്തില്‍ ബിജെപി കൂറുമാറ്റം നടത്താന്‍ ശ്രമിക്കുകയാണെന്ന് ഒമര്‍ അബ്ദുള്ള ആരോപിച്ചു.
ജമ്മുവില്‍ നിന്നുള്ള ഒരു ബിജെപി പ്രവര്‍ത്തകന്‍ നാഷണല്‍ കോണ്‍ഫറന്‍സിന്റെ നിയമസഭാംഗങ്ങളില്‍ ഒരാളെ സമീപിച്ച് 20-30 കോടി രൂപയും മന്ത്രി സ്ഥാനവും ജമ്മു കശ്മീര്‍ സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതിനുള്ള പിന്തുണയും വാഗ്ദാനം ചെയ്തതായി അബ്ദുള്ള അവകാശപ്പെട്ടു. ബിജെപി നേതാവും സുപ്രീം കോടതി അഭിഭാഷകനുമായ ഒരാളാണ് ഇതിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.
'ഞങ്ങള്‍ 20 മുതല്‍ 30 കോടി രൂപയും ഒരു മന്ത്രിസ്ഥാനവും സംസ്ഥാന പദവിയും നല്‍കാം, നിങ്ങള്‍ ഞങ്ങളോടൊപ്പം വരണം എന്നാണ് അവര്‍ പറഞ്ഞു. ഈ ആളുകളുടെ വിശ്വാസം അത്ര വിലകുറഞ്ഞതാണെന്നാണോ അവര്‍ കരുതുന്നത്?',' ഒമര്‍ അബ്ദുള്ള ചോദിച്ചു. എന്‍സി എംഎല്‍എമാര്‍ ആ വാഗ്ദാനം നിരസിച്ചുവെന്നും ജമ്മു കശ്മീരില്‍ പിന്‍വാതിലിലൂടെ അധികാരത്തില്‍ വരാന്‍ ബിജെപിയെ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 'ബിജെപിക്കാരേ, ഞങ്ങളെ അത്ര ദുര്‍ബലരായി കാണരുത്. പിന്‍വാതിലിലൂടെ നിങ്ങള്‍ക്ക് പ്രവേശനമുണ്ടാകില്ല. പിന്‍വാതിലിലൂടെ വന്ന് നിങ്ങള്‍ക്ക് മുന്‍നിര കസേരയില്‍ ഇരിക്കാനാവില്ല. നിലവില്‍ ജനങ്ങള്‍ നിങ്ങളെ പിന്നിലാക്കി നിര്‍ത്തിയിരിക്കുകയാണ്, നിങ്ങള്‍ പിന്നില്‍ തന്നെ തുടരുകയും ചെയ്യും,' അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീരിന് പൂര്‍ണ്ണ സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ജൂലൈ 20-ന് ന്യൂഡല്‍ഹിയില്‍ നാഷണല്‍ കോണ്‍ഫറന്‍സ് നടത്താന്‍ നിശ്ചയിച്ചിട്ടുള്ള പ്രതിഷേധം, ഔദ്യോഗിക അനുമതി ലഭിക്കുന്നതിലുണ്ടാകുന്ന കാലതാമസം വകവയ്ക്കാതെ മുന്നോട്ട് കൊണ്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. ജന്തര്‍ മന്തറില്‍ നടക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ വിവിധ പാര്‍ട്ടികളിലെ 52 രാഷ്ട്രീയ നേതാക്കളെ നാഷണല്‍ കോണ്‍ഫറന്‍സ് ക്ഷണിച്ചിട്ടുണ്ട്. അതിനിടെ ജമ്മു കശ്മീര്‍ സര്‍ക്കാരില്‍ നാഷണല്‍ കോണ്‍ഫറന്‍സിന്റെ സഖ്യകക്ഷിയായ കോണ്‍ഗ്രസിലെ നേതാക്കളും അബ്ദുള്ളയുടെ ആരോപണങ്ങളെ പിന്തുണച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ പാര്‍ട്ടി ഇത്തരം അഴിമതികളില്‍ ഏര്‍പ്പെടുന്നത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കുമോ എന്ന് കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ സോസ് ചോദിച്ചു. എന്നാല്‍ ആരോപണം ബിജെപി തള്ളിക്കളഞ്ഞു. അബ്ദുള്ളയുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ് എന്നും ഇത് ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാനുള്ള ശ്രമമാണെന്നും ബിജെപി നേതാവ് രവീന്ദര്‍ റെയ്ന പറഞ്ഞു. 95 അംഗ ജമ്മു കാശ്മീര്‍ നിയമസഭയില്‍ നാഷണല്‍ കോണ്‍ഫറന്‍സ്-കോണ്‍ഗ്രസ് സഖ്യത്തിന് 52 എംഎല്‍എമാരുടെ പിന്തുണയുണ്ട്. നാഷണല്‍ കോണ്‍ഫറന്‍സിന് 41 സീറ്റും കോണ്‍ഗ്രസിന് ആറ് സീറ്റും ആണ് ഉള്ളത്. ഒരു സീറ്റുള്ള സിപിഎമ്മും നാല് സ്വതന്ത്രരും ഒമര്‍ അബ്ദുള്ള സര്‍ക്കാരിനെ പിന്തുണയ്ക്കുന്നുണ്ട്. 48 ആണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. 29 എംഎല്‍എമാരുള്ള പ്രധാന പ്രതിപക്ഷ പാര്‍ട്ടിയാണ് ബിജെപി. അതേസമയം പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് (പിഡിപി) നാല് സീറ്റുകളുണ്ട്. ബാക്കിയുള്ള സീറ്റുകള്‍ ചെറിയ പാര്‍ട്ടികളുടെയും സ്വതന്ത്രരുടെയും കൈവശമാണ്.