സിജെപി എഫക്ട് തുടരുന്നു? പ്രശാന്ത് കിഷോറിനൊപ്പം നിന്ന് യുവാക്കള്‍, ബിജെപി കോട്ട പൊളിയുന്നു!!

ബിഹാറിലെ ബങ്കിപ്പൂര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ കോട്ട തകര്‍ത്ത് ജന സുരാജ് പാര്‍ട്ടി (ജെഎസ്പി) സ്ഥാപകന്‍ പ്രശാന്ത് കിഷോര്‍ നേടിയ മിന്നുന്ന ജയം ദേശീയ രാഷ്ട്രീയത്തിന്റെ മാറുന്ന ദിശയെ ആണ് സൂചിപ്പിക്കുന്നത് എന്ന് രാഷ്ട്രീയ നിരീക്ഷകര്‍. ബിജെപി സ്ഥാനാര്‍ത്ഥി നീരജ് കുമാര്‍ സിന്‍ഹയെ 19,324 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് പ്രശാന്ത് കിഷോര്‍ ബിഹാര്‍ നിയമസഭയിലേക്ക് എത്തുന്നത്.

Advertisement

കിഷോറിന് 64,151 വോട്ടുകളും സിന്‍ഹയ്ക്ക് 44,827 വോട്ടുകളും ലഭിച്ചു. 14,273 വോട്ടുകളുമായി ആര്‍ജെഡി സ്ഥാനാര്‍ത്ഥി രേഖാ കുമാരി മൂന്നാം സ്ഥാനത്തെത്തി. രാജ്യത്തെ പിടിച്ചുകുലുക്കിയ, കേന്ദ്ര സര്‍ക്കാരില്‍ നിന്ന് വിദ്യഭ്യാസ മന്ത്രിയെ രാജിവെപ്പിച്ച സിജെപിയുടെ പ്രതിഷേധത്തിന് ശേഷം വന്ന ഈ തിരഞ്ഞെടുപ്പ് ഫലം അക്ഷരാര്‍ത്ഥത്തില്‍ ബിജെപി കേന്ദ്രങ്ങളേയും ഞെട്ടിച്ചിട്ടുണ്ട്.

Advertisement

കാവിക്കോട്ട വീഴുന്നു

കേവലം ഒരു നിയമസഭാ മണ്ഡലമല്ല ബിജെപിയെ സംബന്ധിച്ചിടത്തോളം ബങ്കിപ്പൂര്‍. ബിഹാറിലെ ബിജെപിയുടെ ഏറ്റവും സുരക്ഷിതമായ സീറ്റുകളിലൊന്നായാണ് അവര്‍ ബങ്കിപ്പൂരിനെ കണക്കാക്കുന്നത്. 1995 മുതല്‍ ബിജെപിയുടെ ആധിപത്യത്തിന്റെ പര്യായമായിരുന്നു ബാങ്കിപൂര്‍. നവീന്‍ സിന്‍ഹയിലൂടെ തുടര്‍ച്ചയായി നാല് തവണയും, പിന്നീട് അദ്ദേഹത്തിന്റെ മകനും ബിജെപി ദേശീയ പ്രസിഡന്റുമായ നിതിന്‍ നബിനിലൂടെ തുടര്‍ച്ചയായി അഞ്ച് തിരഞ്ഞെടുപ്പുകളിലും പാര്‍ട്ടി ഈ സീറ്റ് നിലനിര്‍ത്തിയിരുന്നു.

ബിജെപിയുടെ ഏറ്റവും സുരക്ഷിതമായ നഗര മണ്ഡലങ്ങളിലൊന്നായി ദീര്‍ഘകാലം കണക്കാക്കപ്പെട്ടിരുന്ന മണ്ഡലമാണിത്. മത്സരിച്ച എല്ലാ തിരഞ്ഞെടുപ്പുകളിലും 50 ശതമാനത്തിലധികം വോട്ട് നേടാന്‍ നിതിന്‍ നബിന് സാധിച്ചിരുന്നു. 2025-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏകദേശം 63 ശതമാനം വോട്ടാണ് അദ്ദേഹം നേടിയത്. ഈ പശ്ചാത്തലത്തില്‍, ഈ ഉപതിരഞ്ഞെടുപ്പ് ഫലം ഒരു നാടകീയമായ രാഷ്ട്രീയ തിരിച്ചടിയെയാണ് അടയാളപ്പെടുത്തുന്നത്.

Advertisement

രാജ്യവ്യാപകമായി അലയടിച്ച ജെന്‍സി പ്രതിഷേധങ്ങള്‍ക്ക് ശേഷമുള്ള ആദ്യത്തെ തിരഞ്ഞെടുപ്പ് ഫലം സമീപകാലത്തെ ഏറ്റവും വലിയ രാഷ്ട്രീയ അട്ടിമറികളിലൊന്നിന് വഴിയൊരുക്കിയിരിക്കുന്നു. പ്രശാന്ത് കിഷോറിന്റെ 'ജന്‍ സുരാജ്' പ്രസ്ഥാനത്തിന് ഇത് ആദ്യത്തെ തിരഞ്ഞെടുപ്പ് വിജയമാണ്. ഒരു നിയമസഭാ ഉപതിരഞ്ഞെടുപ്പ് എന്നതിലുപരി വലിയ പ്രാധാന്യമുള്ളതാണ് ഈ ഫലം.

ജെഡിയുവിന്റെ നിതീഷ് കുമാറില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിന്റെ ചുമതലയേറ്റ ശേഷം മുഖ്യമന്ത്രി സാമ്രാട്ട് ചൗധരിയുടെ നേതൃത്വത്തില്‍ ബിഹാര്‍ ബിജെപി നേരിട്ട ആദ്യത്തെ പ്രധാന തിരഞ്ഞെടുപ്പ് പരീക്ഷണം കൂടിയായിരുന്നു ഇത്. മൂന്ന് പതിറ്റാണ്ടുകളായി തകര്‍ക്കാനാവാത്ത കോട്ടയായി നിലനിന്നിരുന്ന ഒരു മണ്ഡലത്തിലെ ആധിപത്യം നിലനിര്‍ത്തുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടു എന്നത് അതുകൊണ്ട് തന്നെ പ്രധാനമാണ്.

Advertisement

ബിഹാറില്‍ മൂന്നാം ബദലോ?

പ്രശാന്ത് കിഷോര്‍ നേരിട്ട് മത്സരിക്കാന്‍ തീരുമാനിച്ചതോടെ ഈ ഉപതെരഞ്ഞെടുപ്പ് ദേശീയതലത്തില്‍ വലിയ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. വെറും ഒമ്പത് മാസം മുമ്പ്, ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ 'ജന്‍ സുരാജ്' കനത്ത തിരിച്ചടി നേരിട്ടിരുന്നു. സംസ്ഥാനത്തെ 243 മണ്ഡലങ്ങളില്‍ 238-ലും പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയെങ്കിലും ഒരിടത്തുപോലും വിജയിക്കാന്‍ തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ എന്നറിയപ്പെടുന്ന പ്രശാന്ത് കിഷോറിന് സാധിച്ചില്ല.

മാത്രമല്ല, 236 മണ്ഡലങ്ങളിലും കെട്ടിവെച്ച തുക നഷ്ടപ്പെടുകയും ചെയ്തു. പ്രശാന്ത് കിഷോറിന്റെ വ്യക്തിപരമായ വിശ്വാസ്യതയില്‍ ഊന്നിയുള്ള വിപുലമായ പ്രചാരണം നടത്തിയിട്ടും ജനശ്രദ്ധയെ വോട്ടുകളാക്കി മാറ്റാന്‍ അന്ന് പാര്‍ട്ടിക്ക് കഴിഞ്ഞില്ല. എന്നിട്ടും വെറും ഒമ്പത് മാസങ്ങള്‍ക്ക് ശേഷം ചിത്രത്തിലെ ഇല്ലാത്ത ജെഎസ്പിക്ക് എങ്ങനെ ബിജെപി കോട്ട ഇളക്കാന്‍ പറ്റി എന്നതാണ് ചോദ്യം.

Advertisement

ആ ചോദ്യത്തിനുള്ള ഉത്തരം വളരെ ലളിതമാണ്, അതിനൊപ്പം തന്നെ മാറുന്ന ദേശീയ രാഷ്ട്രീയത്തില്‍ നേര്‍ചിത്രവും. സ്ത്രീകള്‍ക്കുള്ള നേരിട്ടുള്ള സാമ്പത്തിക സഹായവും സൗജന്യ വൈദ്യുതിയും ഉള്‍പ്പെടെയുള്ള ക്ഷേമപദ്ധതി വാഗ്ദാനങ്ങള്‍ 2025-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വലിയ സ്വാധീനം ചെലുത്തുകയും എന്‍ഡിഎയ്ക്ക് നിര്‍ണായക വിജയം നേടിക്കൊടുക്കുകയും ചെയ്തിരുന്നു.

എന്നാല്‍ അതിനുശേഷം, ബിഹാറിലെ രാഷ്ട്രീയ അന്തരീക്ഷത്തില്‍ കാര്യമായ മാറ്റം സംഭവിച്ചു. നിതീഷ് കുമാറില്‍ നിന്ന് സാമ്രാട്ട് ചൗധരിയിലേക്ക് മുഖ്യമന്ത്രി സ്ഥാനം കൈമാറിയതും, ബിജെപിയുടെ പരമ്പരാഗത വോട്ടര്‍മാരായ യുവാക്കളില്‍ ചില വിഭാഗങ്ങള്‍ക്കിടയില്‍ അതൃപ്തിയുണ്ടായതും ഒരേ കാലയളവിലാണ്.

യുജിസി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍, ഭരത് തിവാരി ഏറ്റുമുട്ടല്‍ കൊലപാതകം, ആവര്‍ത്തിച്ചുള്ള ചോദ്യപേപ്പര്‍ ചോര്‍ച്ച സംഭവങ്ങള്‍ എന്നിവയെച്ചൊല്ലിയുള്ള വിവാദങ്ങളും വ്യാപകമായ പ്രതിഷേധവും പുതിയ രാഷ്ട്രീയ ഭിന്നതകള്‍ക്ക് വഴിയൊരുക്കി. പ്രത്യേകിച്ച് വിദ്യാര്‍ത്ഥികള്‍ക്കും യുവ വോട്ടര്‍മാര്‍ക്കുമിടയില്‍ ഈ വിഷയം വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായി.

Advertisement

യുവാക്കള്‍ പ്രശാന്ത് കിഷോറിനൊപ്പം?

ഈ തിരഞ്ഞെടുപ്പ് ഫലത്തില്‍ യുവ വോട്ടര്‍മാര്‍ നിര്‍ണായകമായി എന്നത് വസത്ുതയാണ്. പ്രശാന്ത് കിഷോറിന്റെ രാഷ്ട്രീയ പ്രചാരണങ്ങളുടെ കേന്ദ്രബിന്ദു വിദ്യാഭ്യാസമായിരുന്നു. വ്യവസ്ഥാപരമായ മാറ്റം ആഗ്രഹിക്കുന്ന യുവ വോട്ടര്‍മാരില്‍, വിദ്യാഭ്യാസ പരിഷ്‌കരണത്തിനായുള്ള അദ്ദേഹത്തിന്റെ നിരന്തരമായ ആഹ്വാനം വലിയ സ്വാധീനം ചെലുത്തി. വിദ്യാഭ്യാസ പരിഷ്‌കരണം ബിഹാറിന്റെ ഏറ്റവും അടിയന്തിരമായ മുന്‍ഗണനകളിലൊന്നായി അദ്ദേഹം ഉയര്‍ത്തിക്കാട്ടി.

അതിനൊപ്പം, മുഖ്യമന്ത്രി സാമ്രാട്ട് ചൗധരിയുടെ വിദ്യാഭ്യാസ യോഗ്യതകളെ അദ്ദേഹം നിരന്തരം ചോദ്യം ചെയ്യുകയും ചെയ്തു. വിദ്യാസമ്പന്നനായ ഒരു പ്രൊഫഷണല്‍ എന്ന അദ്ദേഹത്തിന്റെ പ്രതിച്ഛായ, പ്രത്യേകിച്ച് നഗരപ്രദേശങ്ങളിലെ യുവാക്കള്‍ക്കിടയില്‍ വിശ്വസനീയമായ ഒരു ബദലാകും എന്ന തോന്നലുണ്ടാക്കി. സിജെപി പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ ബിഹാറും ശക്തമായ വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു.

ആദ്യമായി വോട്ട് ചെയ്യുന്നവരും യുവാക്കളുമായ പലര്‍ക്കും, പ്രശാന്ത് കിഷോര്‍ മാറ്റത്തിന്റെ പ്രതീകമായി തോന്നിത്തുടങ്ങി. ഒപ്പം സംസ്ഥാനത്തെ ഭാവി നേതാവ് എന്ന വാഴ്ത്തപ്പെട്ട തേജസ്വി യാദവിന്റെ അപ്രതീക്ഷിതമായ അസാന്നിധ്യം ഒരു രാഷ്ട്രീയ ശൂന്യത സൃഷ്ടിച്ചു. പ്രതിപക്ഷത്തിന്റെ പരമ്പരാഗത വോട്ട് ബാങ്കിലെ ചില വിഭാഗങ്ങള്‍ക്കിടയിലുണ്ടായ വര്‍ദ്ധിച്ചുവരുന്ന നിരാശയും ഇതില്‍ നിര്‍ണായകമായിരുന്നു.

വിദ്യാര്‍ത്ഥികളെ ബാധിക്കുന്ന വിഷയങ്ങളും മറ്റ് പൊതുപ്രശ്‌നങ്ങളും പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് ശക്തമായി ഉന്നയിക്കുമെന്ന് പല വോട്ടര്‍മാരും പ്രതീക്ഷിച്ചിരുന്നു. ഭരത് തിവാരി ഏറ്റുമുട്ടല്‍ കേസും വിദ്യാര്‍ത്ഥി പ്രതിഷേധങ്ങളും സംബന്ധിച്ച ചര്‍ച്ചകളില്‍ അദ്ദേഹത്തിന്റെ സാന്നിധ്യം പ്രതീക്ഷിച്ചത് പോലെ ഉണ്ടായതുമില്ല. ഒരു ഉപതെരഞ്ഞെടുപ്പ് കൊണ്ട് സര്‍ക്കാരിനെ മാറ്റിമറിക്കാനാകില്ലെങ്കിലും പ്രശാന്ത് കിഷോറിനെ തിരഞ്ഞെടുക്കുന്നത് നിയമസഭയ്ക്കുള്ളില്‍ പ്രതിപക്ഷത്തിന്റെ ശബ്ദം ശക്തിപ്പെടുത്തുമെന്ന് പല വോട്ടര്‍മാരും വിശ്വസിച്ചു.

വോട്ടര്‍മാര്‍ മാറിചിന്തിക്കുന്നു

ബിജെപിയുടെയും ആര്‍ജെഡിയുടെയും ഉറച്ച വോട്ടര്‍മാര്‍ ഇരുപാര്‍ട്ടികളില്‍ നിന്നും അകന്നു എന്നത് ഫലത്തില്‍ വ്യക്തമാണ്. ബിജെപിയുടെയും ആര്‍ജെഡിയുടെയും പരമ്പരാഗത വോട്ട് ബാങ്കുകളില്‍ നിന്നുള്ള പിന്തുണ നേടാന്‍ പ്രശാന്ത് കിഷോറിന് കഴിഞ്ഞുവെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ആര്‍ജെഡി സ്ഥാനാര്‍ത്ഥി രേഖാ കുമാരിക്ക് 2025-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 46,363 വോട്ടുകള്‍ ലഭിച്ചിരുന്നു.

ഇത്തവണ 15,000-ല്‍ താഴെ വോട്ടുകള്‍ മാത്രമേ ലഭിച്ചിട്ടുള്ളൂ. ചോദ്യപേപ്പര്‍ ചോര്‍ച്ച, യുജിസി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍, ഭരത് തിവാരി ഏറ്റുമുട്ടല്‍ കൊലപാതകം തുടങ്ങിയ വിഷയങ്ങള്‍ ബിജെപിയുടെ സവര്‍ണ വോട്ട് ബാങ്കിലും വിള്ളലുണ്ടാക്കിയതും തിരിച്ചടിയായി.

ബിജെപിക്ക് ആശ്വാസം ഗുജറാത്ത് മാത്രം

ഇന്ന് ഫലം വന്ന മൂന്ന് ഉപതിരഞ്ഞെടുപ്പുകളിലും രണ്ടിലും ബിജെപിക്ക് കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. ബങ്കിപ്പൂരിനെ കൂടാതെ മധ്യപ്രദേശിലെ ദാതിയ നിയമസഭാ മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്, ബിജെപിയെ പരാജയപ്പെടുത്തി. അതേസമയം ഗുജറാത്തിലെ മഞ്ചല്‍പൂര്‍ മണ്ഡലത്തില്‍ ബിജെപി സീറ്റ് നിലനിര്‍ത്തി.