അതിർത്തി കടന്നുള്ള ഭീകരവാദത്തിന് പാകിസ്ഥാൻ നൽകുന്ന പിന്തുണ അവസാനിപ്പിക്കാതെ സിന്ധു നദീജല കരാറുമായി മുന്നോട്ട് പോകില്ലെന്ന് ഇന്ത്യ വീണ്ടും വ്യക്തമാക്കി. കരാർ നിർത്തിവെച്ചിരിക്കുന്ന നിലവിലെ നിലപാടിൽ യാതൊരു മാറ്റവുമില്ലെന്ന് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു. ഇതോടൊപ്പം ബംഗ്ലാദേശുമായി ബന്ധപ്പെട്ട തീസ്ത നദീജല പദ്ധതിയിലുള്ള ഇന്ത്യയുടെ നിലപാട് അവരെ കൃത്യമായി അറിയിച്ചിട്ടുണ്ടെന്നും മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ഏപ്രിൽ 22-ന് ജമ്മു കൺമീരിലെ പഹൽഗാമിൽ 26 സാധാരണക്കാരുടെ മരണത്തിന് ഇടയാക്കിയ ഭീകരാക്രമണത്തിന് പിന്നാലെയാണ് പാകിസ്ഥാനുമായുള്ള നദീജല കരാർ നിർത്തിവെക്കാൻ ഇന്ത്യ തീരുമാനിച്ചത്. "ചോരയും നീരും ഒരുമിച്ച് ഒഴുകില്ല" എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുൻ പ്രസ്താവന ആവർത്തിച്ചുകൊണ്ടാണ്, പാകിസ്ഥാൻ തങ്ങളുടെ മണ്ണിൽ നിന്നുള്ള ഭീകരവാദം പൂർണ്ണമായും തുടച്ചുനീക്കാതെ ഈ വിഷയത്തിൽ ചർച്ചകൾക്കില്ലെന്ന് ഇന്ത്യ ഉറപ്പിച്ചു പറയുന്നത്.
'വെള്ളം ആയുധമാക്കുന്നു'; ഇന്ത്യക്കെതിരെ പാകിസ്ഥാൻ
ഇന്ത്യ കരാർ നിർത്തിവെച്ചതോടെ വലിയ ജലപ്രതിസന്ധിയാണ് പാകിസ്ഥാൻ ഇപ്പോൾ നേരിടുന്നത്. പ്രത്യേകിച്ച് അവരുടെ കാർഷിക മേഖലകളായ സിന്ധ്, ബലൂചിസ്ഥാൻ പ്രവിശ്യകളെ ഇത് വലിയ രീതിയിൽ ബാധിച്ചിട്ടുണ്ട്. ഇതേത്തുടർന്ന് ഇന്ത്യ വെള്ളത്തെ ഒരു തന്ത്രപരമായ ആയുധമായി ഉപയോഗിക്കുകയാണെന്ന് ആരോപിച്ച് പാകിസ്ഥാൻ നേതാക്കൾ രംഗത്തെത്തി.
സിന്ധു നദി പാകിസ്ഥാന്റെ ജീവനാഡിയാണെന്നും അതിനെ ഒരു ആയുധമാക്കാൻ ഇന്ത്യയുടെ കൈകളിൽ വിട്ടുകൊടുക്കില്ലെന്നും പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി ചെയർമാൻ ബിലാവൽ ഭൂട്ടോ പറഞ്ഞു. അയൽരാജ്യത്തെ പ്രധാനമന്ത്രി ഒരു ടാപ്പ് തുറക്കുന്നതും അടയ്ക്കുന്നതും പോലെയാണ് വെള്ളം നിയന്ത്രിക്കുന്നതെന്നും, പാകിസ്ഥാനിലേക്ക് ഒരു തുള്ളി വെള്ളം പോലും ഒഴുക്കില്ലെന്ന് അദ്ദേഹം പറയുകയാണെന്നും പാക് വാർത്താവിനിമയ മന്ത്രി അത്താഉല്ല തരാറും കുറ്റപ്പെടുത്തി. എന്നാൽ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പാകിസ്ഥാന്റെ നിലപാടാണ് ഈ പ്രതിസന്ധിക്ക് കാരണമെന്നാണ് ഇന്ത്യയുടെ മറുപടി. ബംഗ്ലാദേശിലെ തീസ്ത നദി സമഗ്ര മാനേജ്‌മെന്റ് പദ്ധതിയുമായി ബന്ധപ്പെട്ട് ചൈനയുമായി ബംഗ്ലാദേശ് സഹകരിക്കാൻ ധാരണയായ പശ്ചാത്തലത്തിലാണ് ഇന്ത്യ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. ബംഗ്ലാദേശുമായുള്ള ഇന്ത്യയുടെ വികസന സഹകരണം പരസ്പര വിശ്വാസത്തിലും കൃത്യമായ ചർച്ചകളിലും അധിഷ്ഠിതമാണെന്ന് വിദേശകാര്യ മന്ത്രാലയം ഓർമ്മിപ്പിച്ചു. തീസ്ത നദിയിലെ ജലം പങ്കിടുന്നതുമായി ബന്ധപ്പെട്ട് ബംഗ്ലാദേശിന് കൂടുതൽ വിഹിതം വേണമെന്നാണ് അവരുടെ ആവശ്യം. കഴിഞ്ഞ ദിവസം ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാൻ ചൈന സന്ദർശിച്ച വേളയിൽ തീസ്ത പദ്ധതി രാജ്യത്തിന്റെ മുൻഗണനയാണെന്നും ഏത് വിധേനയും ഇത് നടപ്പിലാക്കുമെന്നും പറഞ്ഞിരുന്നു. എന്നാൽ ഈ വിഷയത്തിലുള്ള ഇന്ത്യയുടെ ആശങ്കകളും നിലപാടുകളും ഇതിനകം തന്നെ ബംഗ്ലാദേശ് സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും വരും ദിവസങ്ങളിലെ മാറ്റങ്ങൾ നിരീക്ഷിച്ചായിരിക്കും ഇന്ത്യയുടെ അടുത്ത നീക്കമെന്നും രൺധീർ ജയ്‌സ്വാൾ വ്യക്തമാക്കി.തീസ്ത നദി പദ്ധതിയിൽ ബംഗ്ലാദേശിനും ചൈനയ്ക്കും മറുപടി