ന്യൂഡല്‍ഹി: വിദ്യാര്‍ഥി സമരക്കാര്‍ക്കും അഭിഭാഷകര്‍ക്കും ബന്ധപ്പെടുന്നതിന് പുതിയ വെബ്‌സൈറ്റ് തുടങ്ങാന്‍ കൊക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി). ഇതിന് വേണ്ടി ഒരു കോടി രൂപയുടെ ഫണ്ട് രാജ്യസഭാംഗവും മുതിര്‍ന്ന അഭിഭാഷകനുമായ കപില്‍ സിബല്‍ പ്രഖ്യാപിച്ചു. രാജ്യത്തെ എല്ലാ അഭിഭാഷകരോടും ഫണ്ടിലേക്ക് സംഭാവന ചെയ്യാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു.
സര്‍ക്കാര്‍ ധാരണ പാലിച്ചില്ലെന്നും പ്രതിഷേധക്കാര്‍ക്കെതിരായ പോലിസ് നടപടികള്‍ തുടരുകയാണെന്നും ചൂണ്ടിക്കാട്ടി വീണ്ടും രാജ്യവ്യാപക പ്രക്ഷോഭം നടത്തുമെന്ന് സിജെപി മുന്നറിയിപ്പ് നല്‍കി. ജന്തര്‍ മന്തറിലെ സമരം അവസാനിപ്പിക്കുന്ന വേളയില്‍ തയ്യാറാക്കിയ ധാരണപ്രകാരം പ്രതിഷേധക്കാര്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്ത എല്ലാ എഫ്.ഐ.ആറുകളും പിന്‍വലിക്കേണ്ടതാണ്. പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്യാനും പാടില്ല. എന്നാല്‍ ധാരണ സര്‍ക്കാര്‍ ലംഘിച്ചുവെന്ന് സി.ജെ.പി ആരോപിച്ചു.
സമരക്കാര്‍ക്കെതിരായ കേസുകള്‍ ഇതുവരെ പിന്‍വലിച്ചിട്ടില്ലെന്ന് മാത്രമല്ല, വിദ്യാര്‍ഥികളെയും സന്നദ്ധപ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്യുകയും പീഡിപ്പിക്കുകയും ചെയ്യുന്നത് തുടരുകയാണെന്നും സംഘടന ആരോപിച്ചു. ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സി.ജെ.പി നേതാക്കള്‍ കേന്ദ്രസര്‍ക്കാരിനെതിരേ രംഗത്തുവന്നത്. ധാരണസംബന്ധിച്ച ഉറപ്പ് രേഖാമൂലം 24 മണിക്കൂറിനുള്ളില്‍ ലഭിച്ചില്ലെങ്കില്‍ വീണ്ടും പ്രക്ഷോഭം ആരംഭിക്കേണ്ടിവരുമെന്ന് സി.ജെ.പി വക്താവ് സൗരവ് ദാസ് പറഞ്ഞു. പരീക്ഷാ ക്രമക്കേടുകളെത്തുടര്‍ന്ന് ആത്മഹത്യ ചെയ്തവരുടെ കുടുംബങ്ങള്‍ക്ക് പരമാവധി നഷ്ടപരിഹാരം നല്‍കുമെന്നും പരീക്ഷാ പരിഷ്‌കരണവുമായി ബന്ധപ്പെട്ട അഞ്ച് ആവശ്യങ്ങള്‍ പരിഗണിക്കുമെന്നും ധാരണയില്‍ ഉള്‍പ്പെട്ടിരുന്നുവെന്നും നേതാക്കള്‍ പറഞ്ഞു. ബിഹാറിലും പശ്ചിമ ബംഗാളിലും അസമിലും നിരവധി വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തതായും ഡല്‍ഹിയുള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തകരെ നിരീക്ഷിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്നുവെന്നും സി.ജെ.പി വക്താവ് അഭിഷേക് റങ്ക എക്സിലൂടെ ആരോപിച്ചു. അതിനിടെ ബിഹാറില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ റദ്ദാക്കുമെന്നാണ് പുതിയ വിവരം. അറസ്റ്റിലായവരെ വിട്ടയക്കാനും തീരുമാനിച്ചു. ഞായറാഴ്ച വൈകീട്ട് വരെ എടുത്ത കേസിലാകും ഈ നടപടി. സംഘടനാ നേതാവ് രത്ന സിങ്ങിനെതിരേ അസമില്‍ എട്ട് എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്തു. കൊല്‍ക്കത്തയില്‍ 11 പേരെ അറസ്റ്റ് ചെയ്തതില്‍ 10 പേര്‍ മുസ്ലിംകളാണ്. ബിഹാറില്‍ 86 പേരെയും അറസ്റ്റ് ചെയ്തതായും സി.ജെ.പി ആരോപിച്ചു. മുഖം തിരിച്ചറിയുന്ന സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രതിഷേധക്കാരെ ഡല്‍ഹി പൊലിസ് തിരിച്ചറിഞ്ഞ് ലക്ഷ്യമിടുകയാണെന്നും വിഷയത്തിന് സാമുദായിക നിറം നല്‍കാനുള്ള സാധ്യതയുണ്ടെന്നും സിബല്‍ ആരോപിച്ചു. പ്രതിഷേധക്കാര്‍ക്കെതിരായ പൊലിസ് നടപടികളുടെ ദൃശ്യങ്ങളും ചിത്രങ്ങളും അപ്ലോഡ് ചെയ്യാന്‍ കഴിയുന്ന 'സാക്ഷി' എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമും സി.ജെ.പി പ്രഖ്യാപിച്ചിട്ടുണ്ട്. കേസില്‍ പ്രതികളായവര്‍ക്ക് നിയമസഹായം നല്‍കുമെന്ന് കോണ്‍ഗ്രസും അറിയിച്ചു.