ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ച വിവാദത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് കോക്രോച്ച് ജനത പാർട്ടി ഇന്ന് രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്‌തിരിക്കുകയാണ്. "ഒരു ജില്ല, ഒരു ദിവസം, ഒരു ആവശ്യം" എന്ന മുദ്രാവാക്യത്തോടെയാണ് രാജ്യത്തെ എല്ലാ ജില്ലകളിലും പ്രതിഷേധം സംഘടിപ്പിക്കുന്നത്.
ഇന്ന് കേന്ദ്രമന്ത്രിമാരുമായി പാർട്ടി നേതാക്കൾ കൂടിക്കാഴ്‌ച നടത്തുമെന്നും സർക്കാർ പരീക്ഷാ പരിഷ്‌കാരങ്ങൾ വാഗ്‌ദാനം ചെയ്‌തിട്ടുണ്ടെങ്കിലും ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്നും പാർട്ടി അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ നടന്ന ചില നിർണായക സംഭവങ്ങൾക്കൊടുവിലാണ് ഈ രാജ്യവ്യാപക പ്രതിഷേധം നടക്കുന്നത്.
26 ദിവസമായി നിരാഹാര സമരം നടത്തിയിരുന്ന സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക് സർക്കാർ ഉറപ്പുകൾ ലഭിച്ചതിനെ തുടർന്ന് സമരം അവസാനിപ്പിച്ചു. അതേസമയം, ചോദ്യപേപ്പർ ചോർച്ച കേസുകൾ വേഗത്തിൽ പരിഗണിക്കാൻ പ്രത്യേക കോടതികളും കുറ്റക്കാർക്ക് കൂടുതൽ കർശനമായ ശിക്ഷയും ഉൾപ്പെടുന്ന പുതിയ നിയമം കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. ഇതിനിടെ പാർലമെന്റിനകത്തും പുറത്തും വിഷയത്തെച്ചൊല്ലി രാഷ്ട്രീയ ഏറ്റുമുട്ടലും ശക്തമായി. നീറ്റ് വിഷയത്തിൽ ഇന്ന് പാർലമെന്റിലും ശക്തമായ വാദപ്രതിവാദങ്ങൾ ഉണ്ടാകാനാണ് സാധ്യത. വിഷയം സഭയിൽ ചർച്ച ചെയ്യുന്നതിന് മുമ്പ് ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടിരിക്കുകയാണ്. പ്രതിഷേധം കണക്കിലെടുത്ത് ഡൽഹിയിൽ കർശന സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. 17 മെട്രോ സ്‌റ്റേഷനുകൾ താൽക്കാലികമായി അടച്ചിരിക്കുകയാണ്. സുരക്ഷാ നിയന്ത്രണങ്ങളുടെ ഭാഗമായി ദേശീയ തലസ്ഥാനത്തെ ചില സ്‌കൂളുകൾ ഓൺലൈൻ ഉൾപ്പെടെയുള്ള മറ്റ് പഠനരീതികളിലേക്ക് മാറിയിട്ടുണ്ട്. കൂടാതെ കർശന നിയന്ത്രങ്ങളാണ് രാജ്യ തലസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്നത്. നിലവിൽ അഞ്ചിലധികം ആളുകൾ കൂട്ടം കൂടി നിൽക്കുന്നതിന് അടക്കം വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. ഇത് കൂടാതെ ജന്തർ മന്തറിന് ചുറ്റുമുള്ള പ്രദേശങ്ങളിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങൾ തുടരുകയാണ്. ബാരിക്കേഡുകൾ സ്ഥാപിക്കുകയും ഗതാഗതം വഴിതിരിച്ചുവിടുകയും ഡൽഹിയുടെ മധ്യഭാഗങ്ങളിൽ വിവിധ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്‌തിട്ടുണ്ട്. ജൂലൈ 20-ന് നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട അന്വേഷണവും പോലീസ് തുടരുകയാണ്. സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിക്കുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്‌തവരെ കണ്ടെത്താനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. ഇന്ന് രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്‌ത സാഹചര്യത്തിൽ എല്ലാ കണ്ണുകളും ജന്തർ മന്തറിലെ പ്രതിഷേധ സ്ഥലത്തേക്ക് തിരിയുകയാണ്.