ജന്തർ മന്തർ സമരക്കാരെ തിരിച്ചറിയാൻ ഡൽഹി പോലീസിൻ്റെ 'ഫേഷ്യൽ റെക്കഗിനിഷൻ വാൻ';തുറന്നടിച്ച് സിജെപി

ജന്തർ മന്തറിൽ പ്രതിഷേധക്കാരുടെ മുഖം തിരിച്ചറിയാനായി അത്യാധുനിക എഐ അധിഷ്ഠിത സംവിധാനങ്ങൾ ഉപയോഗിച്ച് ഡൽഹി പോലീസ്. സമരത്തിൽ പങ്കെടുക്കാനെത്തുന്നവരുടെ മുഖങ്ങൾ തത്സമയം തന്നെ സ്കാൻ ചെയ്ത് റെക്കോഡ് ചെയ്യാൻ സാധിക്കുന്ന ആധുനിക 'ഫേഷ്യൽ റെക്കഗനിഷൻ വാൻ' ആണ് പോലീസ് സജ്ജമാക്കിയിരിക്കുന്നത്. കൂടാതെ പ്രതിഷേധങ്ങളുടെ ദൃശ്യങ്ങൾ റെക്കോഡ് ചെയ്യുന്നതിനായി നിരവധി പോലീസുകാർ മെറ്റാ എഐ ഗ്ലാസുകളും ഉപയോഗിക്കുന്നുണ്ട്.

Advertisement

ഇത്തരത്തിൽ പോലീസ് ദൃശ്യങ്ങൾ റെക്കോഡ് ചെയ്യുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. പ്രതിഷേധം റിപ്പോർട്ട് ചെയ്യുന്നതിനിടെ തൻ്റെ ചിത്രങ്ങൾ പോലീസ് പകർത്തുന്ന ദൃശ്യങ്ങൾ സൃഷ്ടി എന്ന മാധ്യമപ്രവർത്തകയും എക്സിലൂടെ പങ്കുവെച്ചു. തൻ്റെ ദൃശ്യങ്ങൾ എന്തിനാണ് പകർത്തിയതെന്ന മാധ്യമപ്രവർത്തകയുടെ ചോദ്യത്തിന് അത് ഓട്ടോമാറ്റിക് ആയി സംഭവിക്കുന്നതാണെന്നാണ് പോലീസ് വീഡിയോയിൽ പറയുന്നത്.

Advertisement

അതേസമയം ഡൽഹി പോലീസ് നടപടിക്കെതിരെ വലിയ പ്രതിഷേം ഉയരുന്നുണ്ട്. സമരവേദികളിൽ എത്തുന്നവരുടെ വിവരങ്ങൾ അവരുടെ അനുമതി ഇല്ലാതെ തത്സമയം സ്കാൻ ചെയ്യുന്നതും ബയോമെട്രിക് വിവരങ്ങളെടുക്കുന്നതും സ്വകാര്യതയുടെ ലംഘനമാണെന്ന വിമർശനങ്ങളാണ് ഉയരുന്നത്. അതിനിടെ പോലീസ് നടപടിക്കെതിരെ കോക്രോച്ച് ജനത പാർട്ടിയും രംഗത്തെത്തി. ജന്തർ മന്തിർ തുറന്ന ഡിജിറ്റൽ ജയിൽ അല്ലെന്ന് സിജെപി എക്സ് പോസ്റ്റിൽ പറഞ്ഞു. 'സമാധാനമായി പ്രതിഷേധിക്കുന്നവരുടെ വിവരങ്ങൾ തത്സമയം ലഭിക്കുന്നതിനാണ് 'ഫേഷ്യൽ റെക്കഗ്നിഷൻ വാൻ' പോലീസ് വിന്യസിച്ചത്. പ്രതിഷേധിക്കുന്ന സ്ഥലത്ത് വെച്ച് തന്നെ ആളുകളുടെ ബയോമെട്രിക് വിവരങ്ങളും വ്യക്തിഗത വിവരങ്ങളുമെല്ലാം ശേഖരിക്കുകയാണ്. ജന്തർ മന്തർ ഒരു പ്രതിഷേധ വേദിയാണെന്നും അല്ലാതെ തുറന്ന ഡിജിറ്റൽ ജയിൽ അല്ലെന്നുമാണ് പോലീസിനെ ഓർമ്മിക്കാനുള്ളത്', സിജെപി പോസ്റ്റിൽ പറഞ്ഞു.

Advertisement

'ഏത് നിയമപ്രകാരമാണ് നടപടി നിയമവിധേയമാകുന്നുത്?

സ്വകാര്യ എന്നത് മൌലികാവകാശമാണെന്നാണ് (പുട്ടസ്വാമി കേസ്) സുപ്രീം കോടതി വിധിയിൽ പറയുന്നത്. പ്രതിഷേധിക്കാനുള്ള നിയമപരമായ അവകാശം വിനിയോഗിക്കുന്ന പൌരൻമാരെ കൂട്ടത്തോടെ സ്കാൻ ചെയ്യുന്നത് ഭരണഘടനവിരുദ്ധമാണ്.

എവിടെ നിന്നാണ് ഈ ഡാറ്റകൾ വരുന്നത്?

സമരമുഖത്തുള്ള യുവാക്കളെ എഐ സംവിധാനങ്ങൾ ഉപയോഗിച്ച് എങ്ങനെയാണ് നിരീക്ഷിക്കുന്നത്? പൌരൻമാരെ ലക്ഷ്യം വെയ്ക്കാനായി ആധാർ വിവരങ്ങളും ഡാറ്റാ ബേസുകളും മറ്റ് പൊതുരേഖകളും നിയമവിരുദ്ധമായി പരസ്പരം ബന്ധിപ്പിച്ചിട്ടുണ്ടോ?

ഈ വിവരങ്ങൾ എങ്ങനെയാണ് ആയുധമാക്കുന്നത് ?

ഫേഷ്യൽ സ്കാൻ വിവരങ്ങൾ ആരാണ് സൂക്ഷിക്കുന്നത്? ഇത് എത്രകാലം സൂക്ഷിച്ച് വെയ്ക്കും. വിദ്യാർത്ഥികളെ ഭയപ്പെടുത്തി നിശബ്ദരാക്കാൻ എന്തെങ്കിലും തരത്തിലുള്ള രഹസ്യ പട്ടികകൾ പോലീസ് സൂക്ഷിച്ച് വെയ്ക്കുന്നുണ്ടോ?', സിജെപി എക്സ് പോസ്റ്റിൽ ചോദിച്ചു.

Advertisement

പ്രതിഷേധത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്കെതിരെ യാതൊരു ശിക്ഷാനടപടിയും സ്വീകരിക്കില്ലെന്നാണ് ഇന്നലെ നടന്ന ചർച്ചയിൽ കേന്ദ്രസർക്കാർ സിജെപിക്ക് നൽകിയ ഉറപ്പ്. മാത്രമല്ല സാമൂഹ്യ പ്രവർത്തകൻ സോനം വാങ്ചുക്കിനും ഇക്കാര്യത്തിൽ കേന്ദ്രം ഉറപ്പ് നൽകിയിരുന്നു. ഈ ഉറപ്പിൻമേലാണ് അദ്ദേഹം നിരാഹാര സമരം അവസാനിപ്പിച്ചത്. അതുകൊണ്ട് തന്നെ പ്രതിഷേധക്കാരുടെ വിവരങ്ങൾ ശേഖരിക്കുന്ന പോലീസ് നടപടി കടുത്ത ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.

എന്നാൽ സാധാരണ പ്രതിഷേധക്കാരെ നിരീക്ഷിക്കാനല്ല എഐ സംവിധാനം ഉപയോഗിക്കുന്നതെന്നാണ് പോലീസിൻ്റെ ന്യായീകരണം. ക്രിമിനൽ സ്വഭാവമുള്ളർ പ്രതിഷേധത്തിലേക്ക് നുഴഞ്ഞു കയറുന്നുവെന്ന വിമർശനങ്ങൾ ഉണ്ട്. അത്തരക്കാരെ കണ്ടെത്തുന്നതിനാണ് നിരീക്ഷണ സംവിധാനം ഏർപ്പെടുത്തിയതെന്നും പോലീസ് പറയുന്നു.

Advertisement

അതേസമയം സിജെപി പ്രതിഷേധം ജന്തർ മന്തറിൽ തുടരുകയാണ്. പ്രധാൻ്റെ രാജി ആവശ്യത്തിൽ നിന്നും ഒരടി പിന്നോട്ടില്ലെന്നാണ് നേതാക്കൾ പറയുന്നത്. ഇന്ന് വൈകീട്ട് 3.30ക്ക് സിജെപി പ്രതിനിധികളുമായി കേന്ദ്രസർക്കാർ ചർച്ച നടത്തും. ഇതിൽ കേന്ദ്രം എന്ത് നിലപാടെടുക്കും എന്നതിന് അനുസരിച്ചായിരിക്കും സിജെപിയുടെ തുടർ നടപടികൾ.