സിജെപി സമരം വിജയം; ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചു, മോദി സര്‍ക്കാര്‍ വിദ്യാര്‍ഥികള്‍ക്ക് മുമ്പില്‍ കീഴടങ്ങി

ന്യൂഡല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചു. ഡല്‍ഹി ജന്തര്‍ മന്തറില്‍ സമരം ചെയ്യുന്ന സിജെപിയുടെ പ്രധാന ആവശ്യം ഇതോടെ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു. സമരം ചെയ്യുന്ന വിദ്യാര്‍ഥികളുടെ വിജയമാണിത്. നീറ്റ് ചോദ്യപ്പേപര്‍ ചോര്‍ച്ചയില്‍ പ്രതിഷേധിച്ചാണ് വിദ്യാര്‍ഥികള്‍ വകുപ്പ് മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സമരം തുടങ്ങിയത്. അവര്‍ മുന്നോട്ട് വച്ച മൂന്ന് ആവശ്യങ്ങളില്‍ പ്രധാനപ്പെട്ടത് ഇപ്പോള്‍ മോദി സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുകയാണ്.

Advertisement

ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കുക, നീറ്റ് പരീക്ഷ മുടങ്ങിയത് കാരണം മരിച്ച വിദ്യാര്‍ഥികളുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നല്‍കുക, വിദ്യാര്‍ഥിക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കുക എന്നിവയായിരുന്നു സമരക്കാരുടെ മൂന്ന് ആവശ്യങ്ങള്‍. ഇതില്‍ പ്രധാനപ്പെട്ടത് അംഗീകരിച്ചതിനാല്‍ ബാക്കി രണ്ട് ആവശ്യങ്ങളും അംഗീകരിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇനി സമരക്കാര്‍ എന്തു നിലപാട് എടുക്കുമെന്നതും പ്രധാന ചോദ്യമാണ്.

Advertisement

ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കണം എന്ന് ആവശ്യപ്പെട്ട് നാലാഴ്ചകളായി ജന്തര്‍ മന്തറില്‍ സമരം തുടരുന്നു. അടിച്ചമര്‍ത്താനുള്ള ഡല്‍ഹി പോലീസിന്റെ നീക്കം പ്രതിഷേധം ശക്തിപ്പെടാന്‍ കാരണമായി. ആദ്യം ചര്‍ച്ചയ്ക്ക് പോലും കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. സമരം വ്യാപിക്കുന്നു എന്ന് മനസിലാക്കിയതോടെ ചര്‍ച്ചയ്ക്ക് തയ്യാറാണ് എന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇപ്പോള്‍ സമരക്കാരുടെ പ്രധാന ആവശ്യവും അംഗീകരിച്ചു.

വിദ്യാര്‍ഥികളുടെ ഭാവി ആലോചിച്ചാണ് താന്‍ തീരുമാനം എടുത്തത് എന്ന് ധര്‍മേന്ദ്ര പ്രധാന്‍ എക്‌സില്‍ കുറിച്ചു. ആരും നിയമക്കുരുക്കില്‍ പെടാന്‍ പാടില്ല. വിദ്യാര്‍ഥികള്‍ പഠനത്തില്‍ സമയം ചെലവഴിക്കണം. കരിയറില്‍ കേന്ദ്രീകരിക്കണം. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജിക്കത്ത് നല്‍കിയത് എന്നും ധര്‍മേന്ദ്ര പ്രധാന്‍ അറിയിച്ചു.

Advertisement

കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രിമാരുമായി സിജെപി പ്രതിനിധികള്‍ ചര്‍ച്ച നടത്തിയിരുന്നു. എല്ലാ ആവശ്യവും അംഗീകരിക്കാമെന്ന് മന്ത്രിമാര്‍ സൂചിപ്പിച്ചു എന്നാണ് പിന്നീട് സിജെപി നേതാക്കള്‍ പറഞ്ഞത്. മന്ത്രിയുടെ രാജിയില്‍ ഒരു ദിവസത്തെ സമയം വേണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു എന്നും അവര്‍ വ്യക്തമാക്കിയിരുന്നു. ഇന്ന് വീണ്ടും ചര്‍ച്ച നടക്കാനിരിക്കെയാണ് മന്ത്രി രാജി പ്രഖ്യാപിച്ചിരിക്കുന്നത്. സമരക്കാരുടെ വിജയമാണിത്. ഇനി എന്താണ് അവരുടെ തീരുമാനം എന്നതാണ് നിര്‍ണായകം. ജനാധിപത്യത്തിന്റെ വിജയമാണിത് എന്ന് സമര നേതാവ് അഭിജിത്ത് ദീപ്‌കെ പ്രതികരിച്ചു.