സംസ്ഥാനങ്ങള്‍ ഞെട്ടി!! ഒരേസമയം ഭൂമി കുലുങ്ങി; കൊല്‍ക്കത്തയും ദില്ലിയും പട്‌നയും വിറച്ചു


ഒരേസമയം ഭൂമി കുലുങ്ങി | Oneindia Malayalam

ദില്ലി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒരേ സമയം ഭൂചലനം. അസം, പശ്ചിമ ബംഗാള്‍, ഹരിയാന, ദില്ലി, ബിഹാര്‍, ജമ്മു കശ്മീര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കൈലില്‍ 5.5 രേഖപ്പെടുത്തിയ ചലനത്തിന് പിന്നാലെ തുടര്‍ചലനങ്ങളുമുണ്ടായി. കാര്യമായ നഷ്ടം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പലയിടത്തും പരിഭ്രാന്തരായ ആളുകള്‍ കെട്ടിടത്തില്‍ നിന്ന് ഇറങ്ങി റോഡില്‍ നിന്നു. ഇനിയും ചലനമുണ്ടാകുമെന്ന കിംവദന്തിയും പരന്നിട്ടുണ്ട്. ആശങ്കപ്പെടാനില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. വിശദവിവരങ്ങള്‍ ഇങ്ങനെ...

അസമിലെ കൊക്രാജാറില്‍

അസമിലെ കൊക്രാജാറിലാണ് ആദ്യം ചലനം അനുഭവപ്പെട്ടത്. തൊട്ടുപിന്നാലെ മറ്റു നഗരങ്ങളിലും ചലനമുണ്ടായി. അസമിലുണ്ടായ ചലനത്തിന്റെ തീവ്രത 5.5 ആണ് രേഖപ്പെടുത്തിയത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെല്ലാം കുലുക്കം അനുഭവപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

10.20ന് എല്ലായിടത്തും

കൂച്ച് ബിഹാര്‍, ആലിപിര്‍ദുവാര്‍, ഡാര്‍ജലിങ് തുടങ്ങിയ പശ്ചിമ ബംഗാളിലെ ജില്ലകളിലും ചലനമുണ്ടായി. തൊട്ടടുത്തായി കിടക്കുന്ന ബിഹാറിലെ പ്രദേശങ്ങളിലും ചലനം അനുഭവപ്പെട്ടു. 10.20നാണ് എല്ലായിടത്തും ചലനമുണ്ടായത്. ഒരേ സമയം ചലനമുണ്ടായത് ജനങ്ങളില്‍ ആശങ്ക പരത്തിയിട്ടുണ്ട്.

ഭൂമിക്കടിയില്‍ 13 കിലോമീറ്റര്‍ താഴെ

അസമിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് കരുതുന്നു. ഭൂമിക്കടിയില്‍ 13 കിലോമീറ്റര്‍ താഴെയാണ് ചലനമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. അസമിലെ ധൂബ്രിയിലുള്ള സപത്ഗ്രാമിലാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. അസം തലസ്ഥാനമായ ഗുവാഹത്തിയില്‍ നിന്ന് 250 കിലോമീറ്റര്‍ അകലെയാണ് ഈ സ്ഥലം.

തൊട്ടുപിന്നാലെ

തൊട്ടുപിന്നാലെയാണ് സിക്കിം, നാഗാലാന്റ്, മണിപ്പൂര്‍, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളിലെല്ലാം കുലുക്കം അനുഭവപ്പെട്ടത്. ഇതുവരെ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എങ്കിലും ജനങ്ങള്‍ പരിഭ്രാന്തരായിട്ടുണ്ട്. കുലുക്കം അനുഭവപ്പെട്ട ഉടനെ കെട്ടിടങ്ങളില്‍ നിന്ന് ജനങ്ങള്‍ ഒഴിഞ്ഞ സ്ഥലത്തേക്ക് മാറി നില്‍ക്കുകയായിരുന്നുവെന്ന് അസം ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

കശ്മീരില്‍ കാലത്ത്

അസമിലുണ്ടായത് അല്‍പ്പം തീവ്രമായ ചലനമാണ്. എന്നാല്‍ അതിന് മുമ്പ് കശ്മീരില്‍ നേരിയ ചലനം അനുഭവപ്പെട്ടിരുന്നു. കശ്മീരില്‍ പുലര്‍ച്ചെ 5.15നാണ് ഭൂചലനമുണ്ടായത്. റിക്ടര്‍സ്‌കൈലില്‍ 4.6 ആയിരുന്നു ഇതിന്റെ തീവ്രത. കശ്മീരിലും കാര്യമായ നഷ്ടമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ആശങ്കക്കിടയാക്കിയത്

കാര്‍ഗിലിന്റെ 199 കിലോമീറ്റര്‍ വടക്കുള്ള പ്രദേശത്താണ് കശ്മീരിലെ ചലനത്തിന്റെ പ്രഭവ കേന്ദ്രം. ആശങ്കപ്പെടാനില്ലെന്നാണ് ശ്രീനഗറിലെ ദുരന്തനിവാരണ വിഭാഗം പറയുന്നത്. എന്നാല്‍ കശ്മീരിലുണ്ടായതിന് പിന്നാലെ രാജ്യത്തിന്റെ മറ്റുപ്രദേശങ്ങളിലും അല്‍പ്പം കൂടിയ തീവ്രതയില്‍ ചലനമുണ്ടായത് ആശങ്കക്കിടയാക്കി.

ചലനത്തിന്റെ വഴി

ആദ്യം കശ്മീരിലാണ് ഭൂചലനം അനുഭവപ്പെട്ടത്. പിന്നീട് രാവിലെ 5.45ന് ഹരിയാനയിലെ ജജ്ജാറില്‍ ചലനമുണ്ടായി. ശേഷം അസമില്‍ ശക്തമായ ചലനം അനുഭവപ്പെട്ടു. അതിന് ശേഷം കിഴക്കന്‍ സംസ്ഥാനങ്ങളില്‍ മൊത്തമായി അനുഭവപ്പെട്ടു. എവിടെയും നഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

സൗദി വര്‍ധിത വീര്യത്തോടെ; പുതിയ പടനയിച്ച് മൂന്ന് സൈന്യം!! ലക്ഷ്യം ഹുദൈദ തുറമുഖം

Have a great day!
Read more...

English Summary

Earthquake Of 5.5 Magnitude Hits Assam's Kokrajhar, Tremors Felt In Bengal And Bihar