ഗോമൂത്ര വിദഗ്ധന്‍; പരിഹസിച്ച് പ്രിയങ്ക ഗാന്ധി, കേന്ദ്രം പ്രഖ്യാപിച്ച സമിതിക്ക് രൂക്ഷ വിമര്‍ശനം

പരീക്ഷാ ചോദ്യപ്പേപര്‍ ചോര്‍ച്ചയില്‍ പരിഹാരം കാണാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയെ വിമര്‍ശിച്ച് പ്രിയങ്ക ഗാന്ധി. സമിതിയില്‍ അംഗമായ ഐഐടി മദ്രാസ് ഡയറക്ടര്‍ വി കാമകോടിയുടെ പഴയ പ്രസ്താവനയാണ് പ്രിയങ്കയുടെ പരിഹാസത്തിന് കാരണം. പശുവിന്റെ മൂത്രത്തിന് പ്രത്യേകയുണ്ട് എന്ന കാമകോടിയുടെ പ്രസ്താവന മുമ്പ് വലിയ ചര്‍ച്ചയായിരുന്നു.

Advertisement

ദേശീയ തലത്തില്‍ പരീക്ഷ നടത്തുന്ന എന്‍ടിഎക്ക് വിദഗ്ധ മാര്‍ഗ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനാണ് പുതിയ സമിതിയെ കേന്ദ്രം നിയോഗിച്ചത്. ഇന്‍ഫോസിസ് സഹസ്ഥാപകന്‍ നന്ദന്‍ നിലേകനി അധ്യക്ഷനായ സമിതിയെ ആണ് നിയോഗിച്ചിട്ടുള്ളത്. ഇതിലെ ഒരംഗമാണ് കാമകോടി. ഇദ്ദേഹത്തെ ഉദ്ദേശിച്ചാണ് ഇന്ന് പാര്‍ലമെന്റില്‍ സംസാരിക്കവെ ഗോമൂത്ര വിദഗ്ധനെല്ലാം സമിതിയിലുണ്ടല്ലോ എന്ന് പ്രിയങ്ക ഗാന്ധി പരിഹസിച്ചത്.

Advertisement

ഐഐടി മദ്രാസില്‍ നിന്ന് എഞ്ചിനിയറിങ് ബിരുദം, കംപ്യൂട്ടര്‍ സയന്‍സില്‍ പിഎച്ച്ഡി എല്ലാമുള്ള പ്രമുഖനാണ് കാമകോടി വീഴിനാഥന്‍ എന്ന വി കാമകോടി. 2001ലാണ് ഐഐടി മദ്രാസില്‍ ജോലിയില്‍ ചേര്‍ന്നത്. 2022ല്‍ ഡയറക്ടറാകുകയും ചെയ്തു. ഇന്ത്യയുടെ ആദ്യത്തെ തദ്ദേശീയ വ്യവസായിക അടിസ്ഥാനത്തിലുള്ള മൈക്രോ പ്രൊസസര്‍ ആയ ശക്തിക്ക് പിന്നിലെ ടീമിന്റെ മേധാവിയായിരുന്നു കാമകോടി. പ്രതിരോധ ആവശ്യങ്ങള്‍ക്ക് തദ്ദേശീയ ചിപ്പ് ഉപയോഗിക്കാന്‍ സഹായിക്കുന്നതായിരുന്നു ഈ കണ്ടെത്തല്‍.

ഈ വര്‍ഷം രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട് കാമകോടിയെ. കൂടാതെ ഡിആര്‍ഡിഒ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡും അബ്ദുല്‍ കലാം ടെക്‌നോളജി ഇന്നൊവേഷന്‍ നാഷണല്‍ ഫെലോഷിപ്പുമെല്ലാം നേടിയ വ്യക്തി കൂടിയാണ് കാമകോടി. ഇദ്ദേഹത്തിന്റെ ഗോമൂത്ര പരാമര്‍ശമാണ് വലിയ ചര്‍ച്ചയായത്. ശാസ്ത്രജ്ഞന്മാര്‍ വരെ ഇതിനെതിരെ രംഗത്തുവന്നു.

Advertisement

കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ചെന്നൈയിലെ പശുവളര്‍ത്തല്‍ കേന്ദ്രത്തില്‍ നടന്ന മാട്ടുപൊങ്കല്‍ പരിപാടിക്കിടെയായിരുന്നു വിവാദ പരാമര്‍ശം. തദ്ദേശ കന്നുകാലികളെയും ജൈവകൃഷിയെയും പ്രോല്‍സാഹിപ്പിക്കേണ്ട ആവശ്യകത ഊന്നിപ്പറയുകയായിരുന്നു അദ്ദേഹം. ഗോമൂത്രത്തിന് രോഗാണുക്കളെ നശിപ്പിക്കാന്‍ ശേഷിയുണ്ടെന്നും ഗോമൂത്രം ഉദരസംബന്ധമായ അസുഖം തടയുമെന്നും കാമകോടി പറഞ്ഞു.

ഒരു സന്ന്യാസിക്ക് ഗോമൂത്രം കുടിച്ചതോടെ പനി ഭേദമായ അനുഭവ കഥയും കാമകോടി തട്ടിവിട്ടു. രാജ്യത്തെ പ്രമുഖ സ്ഥാപനത്തിന്റെ മേധാവി യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലാതെ ഇത്തരം കാര്യങ്ങള്‍ പറയുന്നതിനെതിരെ ശാസ്ത്രജ്ഞര്‍ രംഗത്തെത്തി. ശാസ്ത്രീയ പഠനം നടത്തിയ ശേഷമാണോ ഇത് പറയുന്നത് എന്ന ചോദ്യം ഉയര്‍ന്നു. ഇതെല്ലാം തെറ്റായ സന്ദേശം പുതുതലമുറയ്ക്ക് നല്‍കുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. വിവിധ ജേണലുകളില്‍ പ്രസിദ്ധീകരിക്കപ്പെട്ട കാര്യമാണ് താന്‍ സൂചിപ്പിച്ചത് എന്നായിരുന്നു കാമകോടിയുടെ വിശദീകരണം.