ബെംഗളൂരുവിലും ജെൻ സീ വിപ്ലവം അണിയറയിൽ; ബിദാദി ടൗൺഷിപ്പ് സമരത്തിൽ പിന്തുണ തേടി കർഷകർ

ബെംഗളൂരു: യുവാക്കളുടെയും വിദ്യാർത്ഥികളുടെയും ഐടി മേഖലയിലെ ജീവനക്കാരുടെയും പിന്തുണ നേടാൻ പുതിയ ബോധവത്കരണ ക്യാമ്പയിൻ ആരംഭിച്ച് ബിദാദിയിലെ നിർദ്ദിഷ്‌ട ടൗൺഷിപ്പ് പദ്ധതിക്കെതിരെ സമരം നടത്തുന്ന കർഷകർ. കർണാടക സർക്കാരിന്റെ വൻ പദ്ധതിയായ ബിദാദി ടൗൺഷിപ്പിനെതിരെ പ്രതിഷേധിക്കുന്ന കർഷകരാണ് ഈ ശ്രദ്ധേയമായ നീക്കം തുടങ്ങിയത്.

Advertisement

സമരം 500 ദിവസം പിന്നിട്ട സാഹചര്യത്തിലാണ് 'ജെൻ-സി കർഷക മക്കളേ, നിങ്ങളുടെ സമയം എത്തിയിരിക്കുന്നു!' എന്ന പേരിൽ ലഘുലേഖകൾ വിതരണം ചെയ്യുന്നത്. യുവതലമുറ സമരത്തിൽ പങ്കാളികളാകുകയും വിഷയത്തെക്കുറിച്ച് കൂടുതൽ ആളുകളിൽ ബോധവത്കരണം നടത്തുകയും വേണമെന്നാണ് കർഷകരുടെ അഭ്യർഥന. ഡൽഹിയിൽ ജന്തർ മന്തറിൽ നടന്ന വിദ്യാർത്ഥി പ്രക്ഷോഭം അടക്കം വൻ വിജയമായ പശ്ചാത്തലത്തിലാണ് ഈ നീക്കം.

Advertisement

നിർദ്ദിഷ്‌ട ടൗൺഷിപ്പ് പദ്ധതി നടപ്പായാൽ 9,600 ഏക്കർ ഫലഭൂയിഷ്ഠമായ കൃഷിയിടങ്ങളും 10 ലക്ഷത്തിലധികം മരങ്ങളും അപകടത്തിലാകുമെന്ന് സമരക്കാർ പറയുന്നു. ഞങ്ങളുടെ പൂർവികരിൽ നിന്ന് ലഭിച്ച ഭൂമി സംരക്ഷിക്കാൻ ഞങ്ങൾ 500 ദിവസത്തിലേറെയായി സമരം ചെയ്യുകയാണ്. ഈ ഭൂമി നഷ്‌ടപ്പെട്ടാൽ ബെംഗളൂരുവിന്റെ പ്രധാന ഹരിതമേഖലകളിലൊന്ന് ഇല്ലാതാകും; എന്നാണ് സമരത്തിന്റെ ഭാഗമായി യുവ കർഷകനെ ഉദ്ധരിച്ച് ഡെക്കാൻ ഹെറാൾഡ് റിപ്പോർട് ചെയ്യുന്നത്.

കർഷക കുടുംബങ്ങളിൽ നിന്നാണ് ഇന്ന് നിരവധി എൻജിനീയർമാരും ഡോക്‌ടർമാരും മറ്റ് പ്രൊഫഷണലുകളും വളർന്നുവന്നതെന്ന് ലഘുലേഖയിൽ സമരക്കാർ ഓർമ്മിപ്പിക്കുന്നു. ഭാവിയിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ കൃഷിഭൂമി സംരക്ഷിക്കേണ്ടത് അത്യാവശ്യമാണെന്നും അതിൽ പറയുന്നു. നിർദ്ദിഷ്‌ട സ്ഥലത്ത് എഐ സിറ്റിയും ഡാറ്റാ സെന്ററുകളും സ്ഥാപിക്കാനുള്ള പദ്ധതിയെക്കുറിച്ചും കർഷകർ ആശങ്ക പ്രകടിപ്പിച്ചു.

Advertisement

ഇത്തരം പദ്ധതികൾക്ക് വലിയ തോതിൽ വെള്ളം ആവശ്യമായതിനാൽ, ഇതിനകം തന്നെ പല പ്രദേശങ്ങളിലും ജലക്ഷാമം നേരിടുന്ന കർണാടകയിൽ ഇത് കൃഷിയെയും ജനങ്ങളുടെ ഉപജീവനത്തെയും ബാധിക്കുമെന്ന് അവർ ചൂണ്ടിക്കാട്ടി. ബെംഗളൂരുവിന് സമീപമുള്ള കൃഷിഭൂമി നഷ്‌ടപ്പെട്ടാൽ നഗരത്തിന്റെ ഭക്ഷ്യവിതരണത്തെയും പരിസ്ഥിതിയെയും പ്രതികൂലമായി ബാധിക്കുമെന്നും സമരക്കാർ മുന്നറിയിപ്പ് നൽകി.

ഭൂമി ഏറ്റെടുക്കൽ വിഷയത്തിൽ കൂടുതൽ ബോധവത്കരണം നടത്താൻ വിദ്യാർത്ഥികളും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരും കണ്ടന്റ് ക്രിയേറ്റർമാരും ഓൺലൈൻ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കണമെന്ന് കർഷകർ അഭ്യർഥിച്ചു. ഈ സമരം രാഷ്ട്രീയത്തിനതീതമാണെന്നാണ് കർഷകർ അവകാശപ്പെടുന്നത്. പല പ്രധാന വിഷയങ്ങളിലും വിദ്യാർത്ഥി, യുവ ശബ്‌ദങ്ങൾ രാജ്യത്ത് ശക്തമായി ഉയരുന്ന സാഹചര്യത്തിലാണ് ബിദാദിയിലെ കർഷകരുടെ നീക്കവും ശ്രദ്ധ നേടുന്നത്.