സ്വര്‍ണം കുഴിച്ചെടുക്കാന്‍ ആന്ധ്ര; കുപ്പത്തെ സ്വര്‍ണ നിക്ഷേപം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി

ആന്ധ്രാപ്രദേശിലെ സ്വര്‍ണഖനികള്‍ ഓരോന്നായി തുറക്കാനും ഖനനം ആരംഭിക്കാനുമുള്ള ശ്രമങ്ങള്‍ ഊര്‍ജിതപ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍. ജോന്നാഗിരി ഗോള്‍ഡ് പ്രോജക്ടിന്റെ മാതൃകയില്‍ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് കുപ്പത്തിലെ സ്വര്‍ണ നിക്ഷേപങ്ങള്‍ പര്യവേക്ഷണം ചെയ്യാനും വികസിപ്പിക്കാനും സര്‍ക്കാര്‍ പദ്ധതിയിടുന്നതായി മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു പറഞ്ഞു.

Advertisement

കുപ്പത്തില്‍ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൂമിശാസ്ത്രപരമായ സൂചനകള്‍ സൂചിപ്പിക്കുന്നത് ഈ മേഖലയില്‍ സ്വര്‍ണം വഹിക്കുന്ന ഖനികളുടെ സാന്നിധ്യമാണെന്നും വിഭവ സാധ്യതകള്‍ വെളിപ്പെടുത്തുന്നതിന് സംസ്ഥാനം നൂതന പര്യവേക്ഷണ, ഖനന സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisement

കുപ്പത്തെ ഒരു വ്യാവസായിക, തൊഴില്‍ കേന്ദ്രമാക്കി 'സ്വര്‍ണ കുപ്പം' ആക്കി മാറ്റുക എന്ന സര്‍ക്കാരിന്റെ കാഴ്ചപ്പാടിന്റെ ഭാഗമായിരിക്കും ഈ സംരംഭം എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിര്‍ദ്ദിഷ്ട സ്വര്‍ണ പര്യവേക്ഷണം പ്രദേശത്തിന്റെ വിശാലമായ വ്യാവസായിക വികസന തന്ത്രത്തെ പൂരകമാക്കുകയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുമെന്നും ഇത് പ്രാദേശിക യുവാക്കള്‍ ജോലി തേടി കുടിയേറേണ്ടതിന്റെ ആവശ്യകത കുറയ്ക്കുമെന്നും നായിഡു പറഞ്ഞു.

കുപ്പത്തില്‍ സമ്പന്നമായ ധാതുസമ്പത്തുണ്ടെന്നും അതിന്റെ നീല ഗ്രാനൈറ്റിന് അന്താരാഷ്ട്ര വിപണികളില്‍ ഇതിനകം തന്നെ ശക്തമായ ഡിമാന്‍ഡ് ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു, മൂല്യവര്‍ധനവും മേഖലയില്‍ നിന്നുള്ള കയറ്റുമതിയും ശക്തിപ്പെടുത്തുന്നതിനായി ഒരു ഹെറിറ്റേജ് ഗ്രാനൈറ്റ് ക്ലസ്റ്റര്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Advertisement

കുപ്പത്ത് വിശാലമായ വ്യാവസായിക മുന്നേറ്റത്തിന് സംസ്ഥാന സര്‍ക്കാര്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നുവെന്നും, മുഖ്യമന്ത്രി പ്രതിനിധീകരിക്കുന്ന നിയോജകമണ്ഡലത്തിലേക്ക് ഉല്‍പ്പാദന, ധാതു അധിഷ്ഠിത നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാന്‍ ലക്ഷ്യമിടുന്നതായും നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കഴിഞ്ഞ മാസം കുര്‍ണൂല്‍ ജില്ലയിലെ തുഗ്ഗലി മണ്ഡലത്തിലെ ജോന്നാഗിരിയില്‍ സ്വര്‍ണ ഖനനം സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ ആരംഭിച്ചിരുന്നു.

ഇതിന് പിന്നാലെ റായലസീമ മേഖലയിലെ അനന്തപുരം ജില്ലയിലെ രാമഗിരി നോര്‍ത്ത്, രാമഗിരി സൗത്ത് സ്വര്‍ണ ബ്ലോക്കുകള്‍ വീണ്ടും ലേലം ചെയ്യാനും ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ നീക്കം തുടങ്ങിയിട്ടുണ്ട്. രാമഗിരി മണ്ഡലത്തില്‍ സ്ഥിതി ചെയ്യുന്ന രണ്ട് സ്വര്‍ണ ബ്ലോക്കുകള്‍, രാമഗിരി നോര്‍ത്ത്, രാമഗിരി സൗത്ത് സെക്ടറുകളില്‍ 1,000 ഹെക്ടര്‍ വീതം ഉള്‍പ്പെടെ മൊത്തം 2,000 ഹെക്ടര്‍ വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്നു.

Advertisement

1905 നും 1925 നും ഇടയില്‍ ജോണ്‍ ടെയ്‌ലര്‍ ആന്റ് സണ്‍സ് ഓഫ് ലണ്ടന്‍ ആണ് രാമഗിരിയില്‍ ആധുനിക വാണിജ്യ ഖനനം നടത്തിയത്. ആ കാലയളവില്‍, ചെന്നഭവി ഖനികള്‍ 2.21 ലക്ഷം ടണ്‍ അയിരില്‍ നിന്ന് 1,36,633 ഔണ്‍സ് സ്വര്‍ണം ഉത്പാദിപ്പിച്ചിരുന്നു എന്നാണ് ചരിത്രരേഖകള്‍ വ്യക്തമാക്കുന്നത്. ജിബുട്ടില്‍ സ്വര്‍ണപ്പാടങ്ങള്‍ 1.40 ലക്ഷം ടണ്‍ അയിരില്‍ നിന്ന് 39,116 ഔണ്‍സ് സ്വര്‍ണം ഉത്പാദിപ്പിച്ചിരുന്നു.

ഒന്നാം ലോകമഹായുദ്ധസമയത്ത് ഖനന പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതിന് ശേഷം ഒരിക്കലും ഖനി പ്രവര്‍ത്തനം പൂര്‍ണമായി പുനരുജ്ജീവിപ്പിച്ചില്ല. പിന്നീട് ഈ പ്രദേശം കോലാര്‍ സ്വര്‍ണപ്പാടങ്ങള്‍ (കെജിഎഫ്) നടത്തിയിരുന്ന കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഭാരത് ഗോള്‍ഡ് മൈന്‍സ് ലിമിറ്റഡിന്റെ പരിധിയിലായിരുന്നു.

Advertisement

രാമഗിരി സ്വര്‍ണ ബ്ലോക്കുകള്‍ക്ക് പുറമേ, ചിറ്റൂര്‍ ജില്ലയിലെ ചിഗുര്‍ഗുണ്ട-ബിസനാഥം ബ്ലോക്ക്, അനന്തപുരം ജില്ലയിലെ ബോക്സാംപള്ളി, ജാവകുല ബ്ലോക്കുകള്‍ എന്നിവയുള്‍പ്പെടെ ആന്ധ്രാപ്രദേശിലെ മറ്റ് സാധ്യതയുള്ള സ്വര്‍ണ ഖനികള്‍ ലേലം ചെയ്യാനും സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്.