ബെംഗളൂരുവിൽ നിന്ന് മുംബൈ, മംഗളൂരു നഗരങ്ങളിലേക്കുള്ള വന്ദേ ഭാരത്; ആവശ്യം ശക്തമാവുന്നു


ബെംഗളൂരു: മുംബൈ, മംഗളൂരു എന്നീ നഗരങ്ങളിലേക്ക് ബെംഗളൂരുവിനെ ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് സർവീസുകളുടെ ആവശ്യം കൂടുതൽ ശക്തമായി ഉയരുന്നു. ബെംഗളൂരുവിൽ നിന്ന് ഈ രണ്ട് ഇടത്തേക്കുമുള്ള സർവീസുകൾ എത്രയും പെട്ടെന്ന് ആരംഭിക്കണം എന്നാണ് പ്രധാനമായും ഉയരുന്ന ആവശ്യം. ബെംഗളൂരു-മുംബൈ സർവീസിനായി നിശ്ചയിച്ച രണ്ട് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻസെറ്റുകൾ നിലവിൽ കെഎസ്ആർ ബെംഗളൂരു സിറ്റി റെയിൽവേ സ്‌റ്റേഷനിലാണ്.

Advertisement

എന്നാൽ ട്രെയിനുകൾ കമ്മീഷൻ ചെയ്യുന്നതിന് മുമ്പ് ചില നടപടിക്രമങ്ങൾ ബാക്കിയുണ്ടെന്നാണ് വിവരം. ട്രെയിൻസെറ്റുകൾ നിർമ്മിച്ച ബിഇഎംഎലിലെ ഉദ്യോഗസ്ഥർ, റേക്കുകൾ ഇതിനകം ഇന്റഗ്രൽ കോച്ച് ഫാക്റ്ററിക്ക് കൈമാറിയതായി വ്യക്തമാക്കി. എന്നാൽ സൗത്ത് വെസ്‌റ്റേൺ റെയിൽവേയ്ക്ക് ട്രെയിൻസെറ്റുകൾ ലഭിച്ചിട്ടില്ലെന്നാണ് അവർ പറയുന്നത്.

Advertisement

കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് മെയ് മാസത്തിൽ പ്രഖ്യാപിച്ചിട്ടും ബെംഗളൂരു-മുംബൈ വന്ദേ ഭാരത് സ്ലീപ്പർ സർവീസ് വൈകുകയാണ്. ബെംഗളൂരു-മുംബൈ വന്ദേ ഭാരത് സ്ലീപ്പർ സോളാപൂർ, കലബുരാഗി വഴി ഓടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇരു നഗരങ്ങൾക്കും ഇടയിലെ യാത്രാ സമയം ഏകദേശം 15 മണിക്കൂറായി കുറയും. ഇന്ത്യയിലെ ആദ്യ വന്ദേ ഭാരത് സ്ലീപ്പർ സർവീസ് ഈ വർഷം ജനുവരിയിൽ ഹൗറാ-കമഖ്യ ഇടയിലാണ് സർവീസ് ആരംഭിച്ചത്.

നിലവിൽ ബെംഗളൂരു-മുംബൈ ഇടയിൽ വന്ദേ ഭാരത് അല്ലെങ്കിൽ ദുരോന്തോ പോലുള്ള പ്രീമിയം ട്രെയിനുകൾ ഇല്ല. നേരിട്ടുള്ള ദൈനംദിന സർവീസ് ഉദ്യാൻ എക്‌സ്പ്രസാണ്, ഇത് ഏകദേശം 22 മണിക്കൂറിൽ 1134 കിലോമീറ്റർ 52 കിലോമീറ്റർ പ്രതി മണിക്കൂർ ശരാശരി വേഗതയിലാണ് ഓടിയെത്തുന്നത്. മറുവശത്ത് റോഡ് മാർഗം 984 കിലോമീറ്റർ യാത്രയ്ക്ക് സാധാരണയായി 15-17 മണിക്കൂർ എടുക്കുന്നു.

Advertisement

സമാനമായി ബെംഗളൂരു-മംഗളൂരു സർവീസും വൈകുകയാണ്. സക്ലേഷ്‌പുർ-സുബ്രഹ്മണ്യ റോഡ് ഘട്ട് സെക്ഷനിൽ പ്രവർത്തനം തുടങ്ങുന്നതിന് മുമ്പ് ട്രെയിനിന് നിർബന്ധമായ സുരക്ഷാ പരിശോധനകൾ നടത്തേണ്ടതുണ്ടെന്നാണ് റെയിൽവേയുമായി അടുത്ത വൃത്തങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ് സിസ്‌റ്റം ഉൾപ്പെടെ വിജയകരമായി പരീക്ഷണം പൂർത്തിയായാൽ മാത്രമേ സർവീസ് ആരംഭിക്കുകയുള്ളൂ.

അതേസമയം, ഇക്കാര്യത്തിൽ യാത്രക്കാർക്ക് ഒരു സന്തോഷ വാർത്തയും റെയിൽവേ പങ്കുവയ്ക്കുന്നുണ്ട്. സക്ലേഷ്‌പുർ-സുബ്രഹ്മണ്യ റോഡ് ഘാട്ട് മേഖലയിലെ റയിൽവേ ലൈനിന്റെ വൈദ്യുതീകരണം ഇതിനകം പൂർത്തിയായിട്ടുണ്ടെന്നതാണ് അത്. ഇതോടെ, നിർദ്ദിഷ്‌ട സർവീസിന് തടസമായിരുന്ന പ്രധാനപ്പെട്ട ഒരു അടിസ്ഥാന സൗകര്യ പ്രശ്‌നമാണ് പരിഹരിക്കപ്പെട്ടത്.